വീണ്ടും അതിതീവ്ര മഴ, മുന്നറിയിപ്പില്‍ മാറ്റം; ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയുള്ള സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്. എറണാകുളം തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇന്ന് രാവിലത്തെ കാലാവസ്ഥ പ്രകാരം ഒരു ജില്ലകളിലും റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. എന്നാല്‍ തെക്കന്‍ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അതിതീവ്ര മഴ സാധ്യത തുടരുകയാണ് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. അതിശക്തമായ മഴയുള്ള സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആയിരിക്കും എന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറികളില്‍ കൂടുതല്‍ ശക്തി പ്രാപിക്കും എന്നാണ് നിരീക്ഷിച്ചു. ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. നാളെയോടെ കേരളത്തില്‍ മഴയുടെ ശക്തിയില്‍ അല്പം കുറവുണ്ടായേക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ ഇനി ഒരറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം വിലക്കി.
സംസ്ഥാനത്താകെ കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തോടുകളും പാടശേഖരങ്ങളും നിറഞ്ഞിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മാവൂര്‍, പെരുമണ്ണ, അന്നശ്ശേരി മേഖലയില്‍ വ്യാപകതോതില്‍ കൃഷിനശിച്ചു. ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു. തെങ്ങിലക്കടല്‍ ആയംകുളം റോഡ് ഇടിഞ്ഞു. പെരുമണ്ണയില്‍ നിരവധി വീടുകളില്‍ വെളളംകയറി.
പന്തീരാങ്കാവില്‍ ദേശീയപാതക്ക് സമാന്തരമായി നിര്‍മിച്ച സര്‍വീസ് റോഡ് ഇടിഞ്ഞു. മലപ്പുറത്ത് കാക്കഞ്ചേരി സ്പിന്നിംഗ് മില്ലില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. വയനാട്ടിലും പാലക്കാട്ടും ശക്തമായ മഴയാണ്. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ പ്രതികൂല കാലാവസ്ഥ കാരണം കരിപ്പൂരില്‍ നിന്നുളള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി.












Click it and Unblock the Notifications