വൈകീട്ട് വീണ്ടും മഴ... ഇന്ന് പത്ത് ജില്ലയില്‍ യെല്ലോ അലര്‍ട്ട്; സന്നിധാനത്തും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അര്‍ത്ഥമാക്കുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല. അതേസമയം ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമാകുന്നത്.
നവംബര്‍ 22 ഓടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
അതേസമയം ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. അതേസമയം കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യ ബന്ധനത്തിന് തടസമില്ല. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോ മീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.












Click it and Unblock the Notifications