കേരളത്തിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നു. എങ്കിലും ഇന്നലെ രാത്രി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ കാറ്റോട് കൂടിയ മഴ പെയ്‌തിരുന്നു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരുന്നു. തിങ്കളാഴ്‌ചയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 30 ചൊവ്വാഴ്‌ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കൂടാതെ തീരപ്രദേശങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാലാണ് നടപടി. അപകട മേഖലകളിൽ കഴിയുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇത്തരം മേഖലകളിൽ നിന്ന് മാറി താമസിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അത് പ്രകാരം മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദ്ദേശമുണ്ട്.
കൂടാതെ ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.3 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത് .
തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 1.9 മുതൽ 2.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ ഈ മേഖലയിലെ മത്സ്യ തൊഴിലാളികളോട് കനത്ത ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications