'ശുദ്ധമണ്ടൻമാരും കോമാളികളും ബ്രിട്ടീഷ് വാഴ്ചയുടെ വിനീതദാസന്മാരുമായിരുന്നു കൊച്ചിരാജാക്കന്മാർ'; അശോകൻ ചരുവിൽ
എറണാകുളം ജങ്ഷന്‍ റെയില്‍വെ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മ്മന്റെ പേര് നല്‍കാ നല്‍കാനുള്ള കൊച്ചി നഗരസഭ പ്രമേയത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ.നമ്മുടെ ഗൃഹാതുര പൈങ്കിളിഭാവനകൾ രാജവാഴ്ചയെ ഇപ്പോഴും പൊലിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യമല്ല രാജാവിൻ്റെ ഭരണമാണ് മെച്ചപ്പെട്ടത് എന്നു പറയാൻ കേരളത്തിൽ പോലും ആളുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം, വിവിധ ഫ്യൂഡൽ നാടുവാഴി / രാജവാഴ്ചകളെക്കുറിച്ച് ഊഹങ്ങളിലധിഷ്ടിതമായ അന്ധധാരണകളാണ് നമുക്കുള്ളത് എന്നതാണ്. പിന്നിട്ട ജാതിമേധാവിത്തക്കാലത്തേയും അതിൻ്റെ ഭാഗമായ നാടുവാഴിത്വത്തേയും അപഗ്രഥിച്ച് പഠിച്ച് സർഗ്ഗാത്മകമാക്കി വിലയിരുത്തി സമൂഹമനസ്സാക്ഷിയിൽ രജിസ്റ്റർ ചെയ്യാൻ കേരളത്തിൽ നടന്ന സാംസ്കാരിക മുന്നേറ്റത്തിനു പോലും സാധിച്ചിട്ടിട്ടില്ല. നമ്മുടെ ഗൃഹാതുര പൈങ്കിളിഭാവനകൾ രാജവാഴ്ചയെ ഇപ്പോഴും പൊലിപ്പിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യമല്ല രാജാവിൻ്റെ ഭരണമാണ് മെച്ചപ്പെട്ടത് എന്നു പറയാൻ കേരളത്തിൽ പോലും ആളുണ്ട്. തിരുവനന്തപുരത്ത് ഒരു സത്രീ രാജ്ഞി ചമഞ്ഞ് ആദിവാസികളിൽ നിന്ന് തിരുമുൽക്കാഴ്ച സ്വീകരിച്ചു കൊണ്ടിരിക്കുന്നു.

ദേശീയസമരക്കാലത്തെ നയങ്ങളിൽ നിന്നു വ്യതിചലിച്ച് ഫ്യൂഡൽ അവശിഷ്ടാധികാര രൂപങ്ങളും സംസ്കാരവുമായും സന്ധി ചെയ്തു ഭരണം തുടങ്ങിയ കോൺഗ്രസ് പാർടിയാണ് ഇക്കാര്യത്തിൽ മുഖ്യപ്രതി. അവർ താലോലിച്ചു സംരക്ഷിച്ചു നിർത്തിയ ജീർണ്ണാവശിഷ്ടങ്ങളിൽ നിന്നാണ് ഹിന്ദുത്വരാഷ്ട്രീയം വളർന്നു വികസിച്ച് ഇന്നത്തെ ഭീകരരൂപത്തിൽ എത്തിയത്.
ഏറ്റവും പ്രധാനമായ സംഗതി വാഴ്ത്തപ്പെടുന്ന ഈ നാടുവാഴികളെല്ലാവരും നാടിനെ വൈദേശികശക്തികൾക്ക് കൈത്താലത്തിൽ സമർപ്പിച്ച് അതിൻ്റെ ഒറ്റുകാശുകൊണ്ട് പ്രതാപം കാട്ടി നടന്നവരാണ് എന്നതാണ്. അവശേഷിപ്പായി കിട്ടിയ വാളും നിയമവും ഇവരുപയോഗിച്ചത് ബ്രാഹ്മണിസവും ജാതിമേധാവിത്തവും അടിച്ചേൽപ്പിച്ച് പണിയെടുക്കുന്ന മനുഷ്യനെ കീടത്തെപ്പോലെ ചവിട്ടിയരക്കാനാണ്.
വൈദ്യബിരുദം നേടി പണിയന്വേഷിച്ചു ചെന്ന ഡോ.പൽപ്പുവിനെ കണ്ണീരോടെ പടിയിറക്കി വിട്ടത് തിരുവതാംകൂർ രാജാവാണ്. വയലാർ പുന്നപ്രയിലടക്കം ഉണർന്നു മുന്നേറിയ ദേശീയ സ്വാതന്ത്ര്യതൃഷ്ണയെ വെടിയുണ്ടകൾ കൊണ്ടു നേരിട്ടതിൻ്റെ ഉത്തരവാദിത്വം ഒരു ദിവാനിൽ മാത്രം ആരോപിക്കാനാവുമോ? പ്രജാമണ്ഡലം വാർഷികസമ്മേളനം നിരോധിച്ച് അവിടെ ദേശീയപതാകയുയർത്തിയ ഇ.ഗോപാലകൃഷ്ണമേനോൻ അടക്കമുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ ചോര ഇരിഞ്ഞാലക്കുട അയ്യൻകാവ് മൈതാനത്തിൽ വീഴ്ത്തിയതിൻ്റെ കുറ്റം ഒരു പാപ്പാളിപ്പോലീസിൽ ഒതുങ്ങി നിൽക്കുമോ?
ശുദ്ധമണ്ടരും കോമാളികളും ബ്രിട്ടീഷ് വാഴ്ചയുടെ വിനീതദാസന്മാരുമായിരുന്നു കൊച്ചിരാജാക്കന്മാർ. ഇവരുടെ "മഹത്തായ" രാജ്യഭാരത്തെ സർഗാത്മകമായി വെളിപ്പെടുത്തിയത് വി.കെ.എൻ. ഒരാൾ മാത്രമാണ്. ലണ്ടനിൽനിന്നു മടങ്ങിയ സർ ചാത്തുവിനോട് ഇക്കിളിപ്പെട്ട് തമ്പുരാൻ ചോദിച്ചു: "വിക്ടോറിയ നിന്നെ തൊട്ടോ?"
വൈസ്രോയിയുടെ കൂടെ വന്ന ഭാര്യയെക്കണ്ട് തമ്പുരാൻ:"കൂടെയുള്ളത് മഹളാവും അല്ലേ? തെരണ്ട്വോ?" ബുദ്ധിമാന്ദ്യം മഹത്വത്തിൻ്റെ ലക്ഷണമല്ല. വിദ്യാഭ്യാസവും അറിവും ലോകപരിചയവും ഇല്ലാത്തതു കൊണ്ടുണ്ടാവുന്ന പരിമിതിയെ വിശേഷിപ്പിക്കാനുള്ള വാക്കല്ല ലളിതജീവിതം എന്നത്. വിശേഷിച്ചും ലണ്ടനിൽ പഠിച്ച് ആഫ്രീക്കയിൽ ജോലി ചെയ്ത് മടങ്ങിയ ബാരിസ്റ്റർ സൂര്യസ്മരണയായി നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യത്ത്. സ്വത്തെല്ലാം പാർടിക്കും പത്രത്തിനും എഴുതിക്കൊടുത്ത് നിർദ്ധനനായി ജീവിച്ച ഒരാൾ ഒന്നാമത്തെ മുഖ്യമന്ത്രിയായി ലോകശ്രദ്ധയിൽ വന്ന ഒരു സംസ്ഥാനത്ത്.












Click it and Unblock the Notifications