'ആ കാഴ്ച മനുഷ്യരായ് പിറന്നവർക്ക് കണ്ടു നിൽക്കാനാവില്ല', എസ്എഫ്ഐക്കെതിരെ കെകെ രമ
കോഴിക്കോട്: ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനം ഉയർത്തി ആർഎംപി നേതാവ് കെകെ രമ രംഗത്ത്. തിരുവനന്തപുരം ലോ കോളേജിൽ കെഎസ്യു വനിതാ പ്രവർത്തകയെ അടക്കം മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് കെകെ രമയുടെ പ്രതികരണം. സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ ഞങ്ങളിൽ പെട്ടവർക്ക് മാത്രം എന്നാണോ എസ്.എഫ്.ഐ കരുതുന്നത് എന്ന് കെകെ രമ ചോദിച്ചു.
കെകെ രമയുടെ പ്രതികരണം പൂർണരൂപം: '' സഫ്ന എന്ന വിദ്യാർത്ഥിനി അടക്കമുള്ള കെ.എസ്.യു പ്രവർത്തകർക്കെതിരെ തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ അഴിച്ചു വിട്ട ക്രൂരമായ ആക്രമണത്തിന്റെ വാർത്തയും വീഡിയോയും കണ്ടു. ഒരു കൂട്ടം ആണുങ്ങൾ ചേർന്ന് ഒരു പെൺകുട്ടിയെ തെരുവിൽ വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്യുന്ന കാഴ്ച മനുഷ്യരായ് പിറന്നവർക്ക് കണ്ടു നിൽക്കാനാവില്ല. സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ ഞങ്ങളിൽ പെട്ടവർക്ക് മാത്രം എന്നാണോ എസ്.എഫ്.ഐ കരുതുന്നത് ?

ഒരുകാലത്ത് ആ കൊടിയും പിടിച്ച് എത്രയോ സമരമുഖങ്ങളിൽ പോലീസിനോട് മുഖാമുഖം നിന്നിട്ടുണ്ട്. ആ സംഘടന ഇന്നെത്തിപ്പെട്ട ദുരവസ്ഥയിൽ സത്യമായും ദുഃഖവും നിരാശയുമുണ്ട്. ലോക സമാധാനത്തിനും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി എന്ന് മേനി പറഞ്ഞ് അവതരിപ്പിച്ച ബജറ്റ് അടച്ചു വയ്ക്കും മുമ്പാണ് നിയമസഭയുടെ മൂക്കിൻ താഴെ ഈ ദാരുണകൃത്യം നടന്നത്. ക്വട്ടേഷൻ സംഘങ്ങളെയും കള്ളക്കടത്തുകാരെയും പണവും സ്വാധീനവും ഭരണവും ഉപയോഗിച്ച് പാലൂട്ടി വളർത്തുന്ന സി.പി.എം അതിന്റെ ക്രിമിനൽ മനോഘടനയിലേക്ക് കലാലയ കൗമാരങ്ങളെ കൂടി വളർത്തിയെടുക്കുന്നു എന്നത് ജനാധിപത്യ കേരളം അതിഗൗരവത്തിൽ കാണണം. ഒരു സ്ത്രീ എന്ന നിലയിലും പൊതുപ്രവർത്തക എന്ന നിലയിലും സഫ്നയെ ചേർത്തുപിടിക്കുന്നു. അക്രമങ്ങളിൽ പതറാതെ നിന്ന ആ ധീരതയെ അഭിവാദ്യം ചെയ്യുന്നു. ആ പെൺകുട്ടി ഏറ്റുവാങ്ങിയ മുറിവുകൾക്ക് നീതി കിട്ടണം''.












Click it and Unblock the Notifications