'ഇത് വെറുമൊരു തിരിച്ചുവരവല്ല', 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു'വിന് ആശംസകളുമായി കെകെ രമ

കോഴിക്കോട്: റിലീസാകാനിരിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന ചിത്രത്തിന് ആശംസകൾ അറിയിച്ച് വടകര എംഎൽഎ കെകെ രമ. ഇത് ഭാവനയുടെ വെറുമൊരു തിരിച്ച് വരവ് അല്ലെന്ന് കെകെ രമ ഫേസ്ബുക്കിൽ കുറിച്ചു. സിനിമയുടെ അണിയറ പ്രവർത്തകരേയും എംഎൽഎ അഭിനന്ദിച്ചു.
കെകെ രമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: 'അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിൽ പുതിയൊരു സിനിമയുമായി തിരികെ വരികയാണ്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന സിനിമയുടെ റിലീസ് വെറുമൊരു സിനിമാ റിലീസല്ല. ഭാവനയുടേത് വെറുമൊരു തിരിച്ചുവരവുമല്ല. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്. ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായി നിശ്ശബ്ദം ഇരുട്ടിൽ കഴിയേണ്ടിവരുന്ന ആയിരക്കണക്കായ സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. നമ്മുടെ സദാചാര സങ്കല്പങ്ങളനുസരിച്ച് "കളങ്കിതകൾ " എന്ന പ്രതിച്ഛായ അടിച്ചേല്പിച്ച് ഒറ്റപ്പെടുത്തുന്നതിനാലാണ് അവർക്ക് ഇരകളായി തുടരേണ്ടി വരുന്നത്.

മറ്റ് ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരകളാക്കപ്പെടുന്നവരുടെ ഈ ഒളിവു ജീവിതം പ്രതികൾക്ക് വലിയ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ യാതനകളെ ഈ ഒളിച്ചിരിക്കൽ വല്ലാതെ വർദ്ധിപ്പിക്കും. ഇരയെന്ന നിലയിൽ നിന്നും അതിജീവിത എന്ന മനോനിലയിലേക്ക് അവരെ കൈ പിടിച്ചു നടത്തിയാലെ, പിൽക്കാല ജീവിതം സ്വാഭാവിക നിലയിൽ അവർക്ക് മുന്നോട്ട് നയിക്കാനാവൂ. അതുകൊണ്ട് താൻ ലൈംഗികാതിക്രമം നേരിട്ടു എന്നും ഇപ്പോൾ അതിന്റെ മാനസിക/ ശാരീരിക ആഘാതങ്ങൾ അതിജീവിച്ചു വരികയാണെന്നും ഒരു സ്ത്രീ തുറന്നു പറയുമ്പോൾ അത് മേല്പറഞ്ഞ അനേകയിരങ്ങൾക്ക് ആശ്വാസം പകർന്നു നൽകുന്ന മാതൃകാ നിലപാടാണ്.
സുപ്രസിദ്ധ മാദ്ധ്യമ പ്രവർത്തക ബർഖ ദത്ത് കഴിഞ്ഞ വനിതാദിനത്തിൽ
ചലച്ചിത്ര നടി ഭാവനയുമായി നടത്തിയ ഓൺലൈൻ ഭാഷണം അതുകൊണ്ട് തന്നെയാണ് ചരിത്രമായത്. എല്ലാം തീർന്നുവെന്ന് കരുതിയ ഇടത്തു നിന്നും ഘട്ടം ഘട്ടമായി എങ്ങനെ ഈ നിലയിലും നിലപാടിലുമെത്തി എന്ന് ഭാവന അതിൽ വിശദീകരിക്കുന്നുണ്ട്. രാത്രി സഞ്ചാരവും ഈ കരിയർ തെരഞ്ഞെടുത്തതുമൊക്കെ കുറ്റകൃത്യമാക്കി അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായിരുന്നില്ല.
തലേന്നാൾ വരെ തനിക്കൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരുടെ പോലും ഭാഗത്ത് നിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടം വരെ എത്തിയത്. സിനിമാ മേഖലയിൽ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്ക്കൊപ്പം പ്രവർത്തിക്കാനൊരുങ്ങിയ ' ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന സിനിമയുടെ അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു. സിനിമയ്ക്കും ഭാവനയ്ക്കും
സ്നേഹാഭിവാദ്യങ്ങൾ .












Click it and Unblock the Notifications