ഈ ഭരണകൂടത്തെ ഇടതുപക്ഷം എന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യമാണ്, വിമർശിച്ച് കെകെ രമ
കോഴിക്കോട്: കേരള പോലീസിനെതിരെ വിമർശനവുമായി വടകര എംഎൽഎ കെകെ രമ. ഓപ്പറേഷൻ കാവലിന്റെ പേരിൽ പൊതുപ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരെയും കേരള പോലീസ് ലക്ഷ്യം വെക്കുകയാണെന്ന് കെകെ രമ കുറ്റപ്പെടുത്തി. ജനകീയ സമരങ്ങളിൽ പങ്കെടുത്തവരെ ഗുണ്ടകളാക്കി ചിത്രീകരിക്കുന്ന ഭരണകൂടത്തെ ഇടതുപക്ഷം എന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യമാണ് എന്നും കെകെ രമ പ്രതികരിച്ചു.
കെകെ രമയുടെ പ്രതികരണം: '' നാടുനീളെ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുമ്പോഴും പൊതുപ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരെയും കേരള പോലീസ് എന്തിന് ലക്ഷ്യം വയ്ക്കുന്നു? ഏറെകാലമായി കേരളം ലഹരി/സ്വർണ്ണക്കടത്ത് മാഫിയയുടെയും ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുടെയും പിടിയിലമർന്നിട്ട്. ഇതിൽ പലർക്കും ഭരണമുന്നണിയും സിപിഎമ്മുമായുമുള്ള ബന്ധവും പലഘട്ടത്തിൽ വെളിപ്പെട്ടതാണ്. പാർട്ടിക്കൊലകളിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലുകൾ തന്നെയാണ് ജയിലിലും പരോളിലുമൊക്കെയായി സ്വർണ്ണക്കടത്തടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
'ചാനൽ ചർച്ചയിൽ അനുകൂലിച്ച് സംസാരിക്കാൻ പണം നൽകി', ദിലീപിനെതിരെ ബാലചന്ദ്രകുമാർ വീണ്ടും
പട്ടാപ്പകൽ ഒരാളെ ക്രൂരമായി കൊല ചെയ്ത് അയാളുടെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ സഞ്ചരിക്കുന്ന ഗുണ്ടകളുടെ ചിത്രം കണ്ട് ഒരു നാടാകെ വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗുണ്ടാ /ക്രിമിനൽ വാഴ്ചകൾ അമർച്ച ചെയ്യാൻ കേരളാ പോലീസ് 'ഓപ്പറേഷൻ കാവൽ' പദ്ധതി ആരംഭിച്ചത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളടക്കമുളള ഈ ക്രിമിനലുകളടെ തേർവാഴ്ച അവസാനിപ്പിക്കാൻ പോലീസിനോടും ഭരണകൂടത്തോടും സഹകരിക്കാൻ നീതിബോധമുള്ള സർവ്വ മനുഷ്യർക്കും ബാദ്ധ്യതയുണ്ട്.
''പക്ഷേ, ഗുണ്ടാ വാഴ്ച അവസാനിപ്പിക്കാൻ രൂപം നൽകിയ ഈ പദ്ധതി ലക്ഷ്യമിടുന്നത് ജനാധിപത്യപരവും സമാധാനപരവുമായി പൊതുപ്രവർത്തനവും മാദ്ധ്യമ പ്രവർത്തനവുമൊക്കെ നടത്തുന്നവരെയാണ് എന്ന് വരുമ്പോൾ അത് അംഗീകരിക്കാനാവില്ല. ഭരണ മുന്നണിക്ക്, വിശേഷിച്ച് സി.പി.എമ്മിന് അനഭിമതരായ പലരുടെയും പട്ടിക തയ്യാറാക്കി പോലീസ് വിളിപ്പിക്കുകയും, വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സിപിഎമ്മിന് ഇഷ്ടമല്ല എന്നത് ഒരാളുടെ സ്വൈര്യപൂർണ്ണമായ സ്വകാര്യ / പൊതു ജീവിത്തിന് തടസ്സമാവുക എന്നത് അപഹാസ്യകരമായ കാര്യമാണ്''.
''വൻകിട കോർപ്പറേറ്റ് പദ്ധതികൾക്കെതിരായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയർന്നു വരുമ്പോൾ അവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന കേന്ദ്രസർക്കാരിന്റെ തീവ്രവലതു പക്ഷതന്ത്രം അതേപോലെ പിൻതുടരുകയാണ് കാലങ്ങളായി കേരളത്തിലെ ഭരണകൂടവും. കെ. റെയിൽ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിർപ്പുമായി രംഗത്തുണ്ട്. കെ -റെയിൽ കടന്നു പോവുന്ന വഴികളിൽ കുടിയൊഴിപ്പിക്കപ്പെടാൻ പോകുന്ന സാധാരണ കുടുംബങ്ങൾ കക്ഷിരാഷ്ട്രീയ ബേധമന്ന്യേ ആശങ്കയുടെയും പ്രതിരോധത്തിന്റെയും മുൾമുനയിലാണ്. അങ്ങനെ തങ്ങൾ നേരിടാൻ പോവുന്ന വലിയ പ്രതിഷേധത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വേണം കാവൽ പദ്ധതിയുടെ പേരിലുള്ള ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ മനസ്സിലാക്കാൻ''.
പോയതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നത്, വൈറലായി മഞ്ജു വാര്യരുടെ ഫോട്ടോയും ക്യാപ്ഷനും
''ജനകീയ സമരങ്ങളിൽ പങ്കെടുത്തവരെ ഗുണ്ടകളാക്കി ചിത്രീകരിക്കുന്ന ഭരണകൂടത്തെ ഇടതുപക്ഷം എന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യമാണ്. ആക്ടിവിസ്റ്റുകളെയും, മാദ്ധ്യമ പ്രവർത്തകരേയും വേട്ടയാടാനുള്ള പോലീസിന്റെയും ഭരണകൂടത്തിന്റെയും നീക്കത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒത്ത് ചേർന്ന് ചെറുത്തു തോല്പിക്കേണ്ടതുണ്ട്. ഇവിടെ അവസാനിപ്പിക്കേണ്ടത് ഗുണ്ടാ/ക്വട്ടേഷൻ/മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടമാണ്. അല്ലാതെ അഭിപ്രായം പറയാനും, സമരം ചെയ്യാനും, പ്രതിഷേധിക്കാനുമുള്ള മനുഷ്യന്റെ ജനാധിപത്യ അവകാശങ്ങളെയല്ല''.