കെഎം മാണിക്ക് 20000 കോടി രൂപയുടെ സ്വത്ത്; എല്ലാം അനധികൃതം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് കെഎം മാണിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. കെഎം മാണിയെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിക്ക് കണക്കില്‍പ്പെടാത്ത കോടികളുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍. 20000 കോടി രൂപയുടെ സ്വത്ത് അദ്ദേഹത്തിനുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഒന്നരേക്കറില്‍ നിന്നു തുടങ്ങി ഇത്രയും വലിയ ആസ്തിയുടെ ഉടമയായത് കൊള്ള നടത്തിയിട്ടാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.
സിപിഎം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നേടിയതിനെ തുടര്‍ന്ന് വിവാദം കത്തിനില്‍ക്കവെയാണ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കാന്‍ സാധ്യതയുള്ള പരാമര്‍ശമാണ് പിസി ജോര്‍ജ് നടത്തിയിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് കെഎം മാണിയെന്ന് പിസി ജോര്‍ജ് പറഞ്ഞു. കെഎം മാണിയെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

നിലവിലെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് എം പിരിച്ചുവിടുകയാണ് മാണിക്ക് നല്ലത്. കോട്ടയത്തെ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിസി ജോര്‍ജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മാണിയുടെ സ്വത്ത് ആര്‍ക്കുമറിയില്ല. നിങ്ങള്‍ കരുതുന്ന പോലെയുള്ള വ്യക്തിയല്ല അദ്ദേഹം. കോടികളുടെ സ്വത്തിന് ഉടമയാണ്. എല്ലാം കൊള്ള നടത്തിയിട്ട് സമ്പാദിച്ചതാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

മാണിയുടെ സ്വത്ത് തന്റെ അറിവ് വെച്ച് കണക്കാക്കിയാല്‍ 15000 കോടി രൂപയിലധികം വരും. 20000 കോടി രൂപയുടെ സ്വത്തിന് ഉടമയാണ് മാണി. 1965ല്‍ ഒരേക്കര്‍ 35 സെന്റ് ഭൂമിയുണ്ടായിരുന്ന മാണിക്കിപ്പോള്‍ ഇത്രയും കോടികളുടെ സ്വത്തുണ്ടാക്കിയതിന് പിന്നില്‍ അഴിമതിയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

കൊള്ള ലാഭമുണ്ടാക്കിയത് ബജറ്റ് വിറ്റാണ്. ബജറ്റ് വിറ്റുണ്ടാക്കിയ കാശാണ് മാണിയുടെ കൈയിലുള്ളത്. എല്ലാം തനിക്കറിയാമെന്നു പറഞ്ഞ പിസി ജോര്‍ജ് പക്ഷേ കൂടുതല്‍ വിശദീകരിച്ചില്ല. ഏറെ കാലം മാണിയോടൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് പിസി ജോര്‍ജ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വേളയിലാണ് മാണിയും പിസി ജോര്‍ജും പിണങ്ങുന്നത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ഇരുവരെയും പിരിച്ചത്. പിന്നീട് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി പി സി ജോര്‍ജ് തന്റെ മണ്ഡലമായ പൂഞ്ഞാറില്‍ നിന്നു വീണ്ടും മല്‍സരിച്ച് ജയിക്കുകയായിരുന്നു.

രാഷ്ട്രീയനേതാവ് എന്നനിലയില്‍ മാണി ഇതിലധികം ഇനി നാറാനില്ല. കൂടെയുള്ളവരെപ്പോലും വിശ്വാസത്തിലെടുക്കാനാവാതെ അച്ഛനും മകനുംചേര്‍ന്നാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നീക്കംനടത്തിയത്. സി.പി.എം. നേതാവ് വാസവനോടൊപ്പമായിരുന്നു ഈസമയം മാണി- പിസി ജോര്‍ജ് ആരോപിച്ചു.

രാഷ്ട്രീയത്തിനുതന്നെ അപമാനമാണ് ഈ കള്ളക്കളി. അദ്ദേഹത്തിന്റെ ഭാവി അതീവ ദയനീയമാകും. ഇത്തരത്തില്‍ വഞ്ചകനായ മാണിയോടൊപ്പം ചേര്‍ന്ന സിപിഎം നടപടി അവര്‍ക്കുതന്നെ നാണക്കേടാണ്. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള നാണംകെട്ട സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നതെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.

ബാര്‍ കോഴ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കെതിരേ പട നയിച്ച ഇടതുപക്ഷം എല്ലാം മറന്നാണ് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവരെ പിന്തുണച്ചത്. അധികാരത്തിനും രാഷ്ട്രീയത്തിനും വേണ്ടിയാണെന്ന് ഈ മറവി എന്നുപറഞ്ഞാല്‍ ചിലപ്പോള്‍ സമ്മതിക്കില്ല. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച കോട്ടയത്ത് നിന്നു കേട്ട വാര്‍ത്തകളിലുണ്ട് എല്ലാം.

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കേരളാ കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുകയായിരുന്നു സിപിഎം. ഇരു കക്ഷികളും വിജയം കണ്ടു. കേരളാ കോണ്‍ഗ്രസ് പ്രതിനിധി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ വേളയിലാണ് പഴയ മുദ്രാവാക്യം വിളികളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത്. അന്ന് മാണിയെ കള്ളനെന്നും അഴിമതി വീരനെന്നും വിളിച്ചവരാണ് സിപിഎമ്മും ഇടതുപക്ഷവും. കാലം അവരെ കൊണ്ട് മാണിയുടെ കൈ പിടിപ്പിച്ചിരിക്കുന്നു.

അതേസമയം, കേരളാ കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്ന് കെഎം മാണി പറഞ്ഞു. അഭിപ്രായ ഭിന്നതയുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗം എല്ലാ തര്‍ക്ക വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും മാണി പാലായില്‍ പറഞ്ഞു.

എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ചാണ് തങ്ങള്‍ തീരുമാനമെടുക്കുക. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് ആരും തടയില്ല. എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങള്‍ തിരഞ്ഞെടുത്ത് പൊതുവായി പറയരുത്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാണി. ആര് ശ്രമിച്ചാലും കേരളാ കോണ്‍ഗ്രസ് ഭിന്നിക്കില്ലെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications