വിമര്‍ശനം കേട്ട് പാര്‍ട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ട; ആഞ്ഞടിച്ച് വീണ്ടും കെഎം ഷാജി
മസ്‌കറ്റ്: മുസ്ലീം ലീഗ് നേതൃത്വത്തിന് എതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി കെ എം ഷാജി. വിമര്‍ശനം കേട്ട് താന്‍ പാര്‍ട്ടി വിട്ട് പോകും എന്ന് ആരും കരുതേണ്ട എന്ന് കെ എം ഷാജി പ്രതികരിച്ചു. തന്റെ ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും എന്നും കെ എം ഷാജി പറഞ്ഞു. മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനത്തിലായിരുന്നു ഷാജിയുടെ പ്രതികരണം.
മസ്‌കറ്റിലെ കെ എം സി സി വേദിയിലായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടിയിലെ പ്രധാന നേതാക്കള്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കും വിധം പൊതുവേദികളില്‍ പ്രസംഗിക്കുന്നു എന്നായിരുന്നു വിമര്‍ശനം.

വ്യവസായി എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ കെ എം ഷാജി ശ്രമിച്ചു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം മുസ്ലീം ലീഗില്‍ അച്ചടക്ക സമിതി വരുമെന്ന് ജനറല്‍ സെക്രട്ടറി പി എം എ സലാം അറിയിച്ചിട്ടുണ്ട്. ഒരു ചെയര്‍മാനും നാല് അംഗങ്ങളും ഉള്‍പ്പെടെ ഉള്ളവരെയാണ് അച്ചടക്ക സമിതിയിലേക്ക് തെരഞ്ഞെടുക്കുക.

മുസ്ലീം ലീഗിനെതിരെ പുറത്ത് പരാമര്‍ശം നടത്തിയാല്‍ നടപടി നേരിടേണ്ടി വരും എന്നും മുന്നണി മാറാന്‍ ഒരു സാഹചര്യവും നിലവിലില്ല എന്നും പി എം എ സലാലം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.ദിവസങ്ങള്‍ക്ക് മുന്‍പാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി കെ എം ഷാജി രംഗത്തെത്തിയത്.

മൗനം കൊണ്ട് കീഴടങ്ങുകയും പുകഴ്ത്തി പറഞ്ഞ് കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നതിന്റെ പേരല്ല ഡിപ്ലോമാറ്റിക് റിലേഷന്‍സ് എന്നായിരുന്നു കെ എം ഷാജി പറഞ്ഞത്. പി കെ കുഞ്ഞാലിക്കുട്ടി സര്‍ക്കാരിനോട് മൃദുസമീപനം പുലര്‍ത്തുകയാണ് എന്ന് കഴിഞ്ഞ മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമര്‍ശനം.

പറയേണ്ടിടത്ത് പറയുന്നത് പോലെ നോ പറയാന്‍ കഴിയുന്ന ശക്തിയാണ് ഡിപ്ലോമാറ്റിക് റിലേഷന്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാദ്യമായല്ല കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജി രംഗത്തെത്തുന്നത്. പിണറായി വിജയനെ കാണുമ്പോള്‍ ചില ലീഗ് നേതാക്കന്മാര്‍ക്ക് മുട്ടുവിറയ്ക്കുന്നു എന്നും കെ എം ഷാജി പറഞ്ഞിരുന്നു.












Click it and Unblock the Notifications