വിനോദ പഠനയാത്രയായി കൊച്ചി ബിനാലെ മാറി
കൊച്ചി: ജനങ്ങള്‍ക്ക് പുത്തന്‍ കാഴ്ചകള്‍ നല്‍കി കൊച്ചി മുസ്സിരിസ് ബിനാലെ രണ്ടാഴ്ച പിന്നിടുന്നു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് പുത്തനുണര്‍വ്വാണ് ബിനാലെ ഓരോ ദിനവും നല്‍കുന്നത്. ഒരു കാഴ്ചയിലപ്പുറം അറിവുകള്‍ പകര്‍ന്നു നല്‍കുന്ന ഒരു പഠന കേന്ദ്രമായും ബിനാലെ മാറിക്കഴിഞ്ഞു. സ്‌കൂളുകളില്‍ നിന്നും പടനയാത്രയായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ബിനാലയിലേക്ക് ഒഴുകിയെത്തിയത്.

ക്രിസ്തുമസ് അവധിക്കാലത്ത് ബിനാലെ വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ക്ക് ഒരു വിനോദസഞ്ചാര കേന്ദ്രമായി. ക്രിസ്തുമസ് അവധി പ്രമാണിച്ച് വന്‍ ജനത്തിരക്കാണ് ബിനാലെയില്‍ കാണാന്‍ കഴിഞ്ഞത്. 75,000 പേര്‍ ഇതിനോടകം ബിനാലെ കണ്ടു എന്നാണ് പ്രാഥമിക കണക്ക്.
തൃശ്ശൂരിലെ കെഎംഡബഌുപി സ്‌കൂളില്‍ നിന്നും 180 കുട്ടികളാണ് ബിനാലെ കാണാന്‍ എത്തിയത്. കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായിരുന്നു ബിനാലെ പകര്‍ന്നുനല്‍കിയത്. കുട്ടികളെ ഏറ്റവുമധികം ആകര്‍ഷിച്ചത് റ്യോട്ടാ കുവാക്കുബോയുടെ നിഴല്‍ സൃഷ്ടിച്ചുപായുന്ന തീവണ്ടിയുടെ വിന്യാസമായ ലോസ്റ്റ് 12, പോഴ്‌സ് ആന്‍ഡ് റാവൂസിന്റെ നക്ഷത്രക്കരടിയെന്നു വിശേഷിപ്പിക്കാവുന്ന ടെഡ്ഡി യൂണിവേഴ്‌സ്, സുശാന്ത മണ്ഡലിന്റെ കുമിളകള്‍ കൊണ്ടുള്ള വിന്യാസമായ വെയര്‍ ഹാവ് ഓള്‍ ദ സ്റ്റോറീസ് ഗോണ്‍ തുടങ്ങിയവയാണ്.

വിനോദ സഞ്ചാരം വഴി സാമ്പത്തിക നേട്ടവും കൊച്ചിക്ക് ഒരു രാജ്യാന്തര അവബോധവും ബിനാലെ നല്‍കുന്നുണ്ടെന്ന് പരിപാടി കാണാനെത്തിയ കേരള ഹൈക്കോടതി ജഡ്ജി വി.കെ.മോഹനന്‍ പറഞ്ഞു. തിങ്കളാഴ്ചകളില്‍ സൗജന്യ പ്രവേശനവും ബിനാലെ ഒരുക്കിയിട്ടുണ്ട്. കൊച്ചി മുസ്സിരിസ് എന്ന കലാമാമാങ്കം ഓരോ ദിനം പിന്നിടുമ്പോഴും ജനശ്രദ്ധ ആകര്‍ഷിച്ചുക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications