ആഭ്യന്തര സർവീസുകൾക്ക് ഒരുങ്ങി കൊച്ചി വിമാനത്താവളം: ബുക്കിംഗ് തുടങ്ങി, മാർഗ്ഗനിർദേശങ്ങൾ
കൊച്ചി: ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ സർവീസുകൾക്ക് ഒരുങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളം. മെയ് 25 മുതൽ ആഭ്യന്തര സർവീസ് നടത്താൻ അനുമതി ലഭിച്ചതോടെ വിമാനക്കമ്പനികൾ ഓൺലൈൻ വഴിയുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് 30 ശതമാനം സേവനങ്ങൾ മാത്രമാണ് നടത്താൻ സാധിക്കുക. കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 113 സർവീസുകളാണ് ഉണ്ടാകുക.
നിലവിൽ തയ്യാറാക്കിയിട്ടുള്ള പട്ടിക അനുസരിച്ച് മെയ് 25 മുതൽ ജൂൺ 30 വരെ ബെംഗളൂരു, അഗത്തി, ദില്ലി, ചെന്നൈ, ഹൈദരാബാദ്, കണ്ണൂർ, മുംബൈ, മൈസൂരു, പൂനെ എന്നീ നഗരങ്ങളിലേക്കും തിരിച്ചുമാണ് വിമാനങ്ങൾ സർവീസ് നടത്തുക. എയർ ഇന്ത്യയ്ക്ക് പുറമേ എയർ ഏഷ്യ, അലയൻസ് എയർ, വിസ്താര, സ്പൈസ്ജെറ്റ്, ഇൻഡിഗോ എന്നീ വിമാനകമ്പനികളാണ് സർവീസ് നടത്തുന്നത്. യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പ് തന്നെ യാത്രക്കാർക്ക് ടെർമിനലിൽ പ്രവേശിക്കാം. രണ്ട് മണിക്കൂർ മുമ്പ് തന്നെ യാത്രക്കാർ നിർബന്ധമായും റിപ്പോർട്ട് ചെയ്തിരിക്കണം. ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം. മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ലഗ്ഗേജിന് നിയന്ത്രണം
യാത്രക്കാർ വെബ്ചെക്ക് ഇൻ ചെയ്ത ശേഷമാണ് വിമാനത്താവളത്തിൽ എത്തേണ്ടത്. ഓരോ യാത്രക്കാരും മാക്സ് ധരിച്ചിരിക്കേണ്ടത് നിർബന്ധമാണ്. ഇതിന് പുറമേ ബോർഡിംഗിന് മുമ്പായി മാസ്ക്, സാനിറ്റൈസർ, ഫേസ് ഷീൽഡ് എന്നിയവയടങ്ങിയ കിറ്റുകൾ വിമാന കമ്പനികൾ ഓരോ യാത്രക്കാരനും നൽകും. ഇവർ നിർബന്ധമായും യാത്രയിൽ ഉപയോഗിക്കണം. ലഗ്ഗേജ് പരിമിതപ്പെടുത്തിയ വ്യോമയാന മന്ത്രാലയം ഹാൻഡ് ബാഗേജിന് പുറമേ ചെക്ക് ഇന്നിലൂടെ കൊണ്ടുപോകാൻ സാധിക്കുന്ന ഒരു ബാഗും മാത്രമാണ് ഓരോ യാത്രക്കാരനും അനുവദിച്ചിട്ടുള്ളത്.

സാമൂഹിക അകലം പാലിക്കണം
മാസ്ക് ധരിക്കുന്നതിനൊപ്പം തന്നെ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് വിമാന യാത്രക്കാർക്കുള്ള പ്രധാന നിർദേശങ്ങളിൽ ഒന്ന്. ഇതിനായി വിമാനത്താവളത്തിൽ വാഹനമിറങ്ങുന്നത് മുതൽ ടെർമിനൽ എത്തുന്നത് വരെയുള്ള ഭാഗത്ത് പ്രത്യേകം അടയാളപ്പെടുട്ടി വെച്ചിട്ടുള്ള രേഖകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്യൂ നിൽക്കുമ്പോഴും ഇത് ശ്രദ്ധിച്ച് വേണം നിൽക്കാൻ. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷമാണ് ഓരോ യാത്രക്കാരനും ടെർമിനലിലേക്ക് പ്രവേശിക്കേണ്ടത്. ഇതിനായി സാനിറ്റൈസർ മെഷീനും സ്ഥാപിച്ചിട്ടുണ്ട്.

ആരോഗ്യസേതുവിൽ വിട്ടുവീഴ്ചയില്ല
യാത്രയ്ക്കെത്തുന്നവർ വിമാനത്താവളത്തിലെത്തിയ ശേഷം ആരോഗ്യസേതു ജീവനക്കാരനെ ആപ്പ് ജീവനക്കാരനെ കാണിക്കേണ്ടതുണ്ട്. ഡൌൺലോഡ് ചെയ്തിട്ടില്ലെങ്കിൽ ഗേറ്റിന് സമീപത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കണം.

പരിശോധനകൾ
സ്കാനറിന് മുമ്പിലെത്തി ശരീര ഊഷ്മാവ് പരിശോധിച്ച് സുരക്ഷാ ബോക്സിന് മുമ്പിലെത്തണം. തുടർന്ന് സിഐഎസ്എഫ് ജീവനക്കാർക്ക് ഫോണിലുള്ള വെബ് ചെക്ക് സ്ക്രീനിലെ ബോർഡിംഗ് പാസ് കാണിക്കണം. പാസ് സ്കാൻ ചെയ്യുന്നതിനായി ഇവിടെ ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്.

ബാഗേജ് അണു വിമുക്തമാക്കൽ
ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അടുത്ത ഘട്ടം യാത്രക്കാരുടെ കൈവശമുള്ള ബാഗേജ് അണുവിമുക്തമാക്കലാണ്. ചെക്ക് ഇൻ ബാഗ് കൈവശമുള്ളവരാണ് ബാഗ് അണുവിമുക്തമാക്കേണ്ടത്. ചെക്ക് ഇൻ കൌണ്ടറിലെത്തി വെബ് ചെക്ക് സ്ക്രീൻ സ്ക്രീൻ എയർലൈൻ ജീവനക്കാരെ കാണിക്കേണ്ടതുണ്ട്. ഹാൻഡ് ബാഗേജ് മാത്രമുള്ളവർക്ക് നേരിട്ട് സുരക്ഷാ പരിശോധന നടത്തുന്ന ഭാഗത്തേക്ക് പോകാം. ഇതെല്ലാം കഴിഞ്ഞാണ് ബാഗേജ് ഏൽപ്പിക്കേണ്ടത്. ഇതിന് ശേഷം ഒന്നാം നിലയിലെ സുരക്ഷ പരിശോധനക്കായി പോകണം. സിഐഎസ്എഫ് ജീവനക്കാരനെ ബോർഡിംഗ് പാസ് കാണിച്ച ശേഷമാണ് സുരക്ഷാ പരിശോധനയ്ക്ക് ഹാജരാകേണ്ടത്. അതാവശ്യ ഘട്ടങ്ങളിൽ മാത്രം ട്രോളികൾ ഉപയോഗിച്ചാൽ മതിയെന്നാണ് വ്യോമയാന മന്ത്രാലയം നൽകുന്ന നിർദേശം.

കടകൾ പ്രവർത്തിക്കും
സുരക്ഷാ പരിശോധന പൂർത്തിയായാൽ ഓരോ ഗേറ്റിന് മുമ്പിലും സാമൂഹിക അകലം പാലിച്ച് തയ്യാറാക്കിയിട്ടുള്ള സീറ്റുകളിൽ ഇരിക്കാം. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ പ്രകാരം ടെർമിലനിലുള്ളിലെ കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇവിടെ നിന്ന് ഭക്ഷണ വസ്തുക്കൾ വാങ്ങി സീറ്റുകളിലിരുന്ന് കഴിക്കുന്നതിന് തടസ്സങ്ങളില്ല.

സുരക്ഷാ കിറ്റ് ധരിച്ച് മാത്രം
ബോർഡിംഗ് സംബന്ധിച്ച് അറിയിപ്പ് വരുന്നതോടെ എയർലൈൻ ജീവനക്കാർ നൽകുന്ന കിറ്റ് വാങ്ങി ബോർഡിംഗ് പാസ് കാണിച്ച ശേഷം വീണ്ടും ശരീര ഊഷ്മാവ് പരിശോധിക്കും. സുരക്ഷാ കിറ്റിലുള്ള എല്ലാ സാധനങ്ങളും ധരിച്ചാണ് വിമാനത്തിൽ ഇരിക്കേണ്ടത്. ശരീര ഊഷ്മാവ് പരിശോധിക്കുമ്പോൾ കുടുതൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം യാത്രക്കാരെ വിമാനത്താവളത്തിൽ സജ്ജീകരിച്ച ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും.
Recommended Video

തിരിച്ചിറങ്ങുമ്പോൾ
വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെയും ബാഗേജുകൾ അണുവിമുക്തമാക്കിയ ശേഷം മാത്രമാമേ പുറത്തേക്കിറങ്ങാൻ പാടുള്ളൂ. കൂടാതെ ശരീര ഊഷ്മാവ് ഉൾപ്പെടെയുള്ളവയും പരിശോധിക്കണം. സംസ്ഥാന സർക്കാരിന്റെ ക്വാറന്റൈൻ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ടെർമിനലിന് പുറത്തേക്കിറങ്ങുമ്പോൾ പാലിക്കേണ്ടത് അനിവാര്യമാണ്. വിമാനത്തവളങ്ങളിൽ പ്രീ പെയ്ഡ് ടാക്സികളും ലഭ്യമായിരിക്കും. ആഭ്യന്തര വിമാനങ്ങളിൽ വരുന്നവർ 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ വ്യക്തമാക്കിയത്.












Click it and Unblock the Notifications