നവജാതശിശുവിന്റെ മരണം: ഫ്ലാറ്റിൽ രക്തക്കറ; താമസക്കാരായ ദമ്പതികളേയും മകളേയും ചോദ്യം ചെയ്യുന്നു
കൊച്ചി: റോഡിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരെ ചോദ്യം ചെയ്യുന്നു. ഭാര്യയേയും ഭർത്താവിനെയും ഇവരുടെ ഇരുപതുകാരിയായ മകളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇവർ താമസച്ചിരുന്ന ഫ്ലാറ്റിലെ തറയിൽ നിന്നും ശുചിമുറിയിൽ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്ത് ബിസിനസ് ചെയ്യുകയാണ് ഇയാൾ.

വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയാണ് പനമ്പള്ളി നഗറിലെ ഫ്ലാറ്റിന് സമീപത്ത് ഉള്ളവർ റോഡിൽ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയലാക്കി മാലിന്യം ഉപേക്ഷിച്ചതാകാം എന്നാണ് ആദ്യം കരുതിയതെങ്കിലും ശുചീകരണ തൊഴിലാളികൾ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്ര പെട്ടെന്ന് ഒരു മാലിന്യക്കെട്ടു വന്നത് എന്ന് സംശയം തോന്നി നോക്കിയപ്പോഴായിരുന്നു അത് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലാവുന്നത് എന്നാണ് സമീപവാസികൾ പറഞ്ഞത്.
രാവിലെ ധാരാളം ആളുകൾ നടക്കുകയും മറ്റും ചെയ്യുന്ന സ്ഥലമായതുകൊണ്ട് തന്നെ അവരുടെ ആരുടെയെങ്കിലും നഷ്ടപ്പെട്ട കെട്ടാകുമെന്ന് കരുതി. ഒരു കൊറിയർ സർവീസ് കമ്പനിയുടെ പാക്കറ്റായിരുന്നു റോഡിൽ വീണുകിടന്നത്. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
ഉടൻ നാട്ടുകാർ പോലീസിനെ അറിയിച്ചു. സമീപത്തെ സി സി ടി വിയിൽ കുഞ്ഞിനെ വലിച്ചെറിയുന്നത് വ്യക്തമാണ്. 7.50 ന് ആണ് കുട്ടിയെ വലിച്ചെറിഞ്ഞതായി കാണിക്കുന്നത്. മരിച്ചതിന് ശേഷമാണോ വലിച്ചെറിഞ്ഞത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇന്റർ ലോക്കിട്ട റോഡിലേക്ക് ഒരു കെട്ട് വീഴുന്നത് സി സി ടി വിയിൽ വ്യക്തമാണ്.
ഇരുത്തിയൊന്ന് യൂണിറ്റുകൾ ഉള്ള ഫ്ലാറ്റിൽ നിന്നാണ് കുട്ടിയെ പുറത്തെറിഞ്ഞത്. ഇതിൽ പലതിലും ആൾത്താമസമില്ലെന്നാണ് പനമ്പള്ളി നഗർ കൗൺസിലർ പറഞ്ഞത്. ഫ്ലാറ്റിൽ ഗർഭിണികൾ ആരുമില്ലെങ്കിലും ഒഴിഞ്ഞ് കിടക്കുന്ന മുറികളിലെത്തി ആരെങ്കിലും പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞതാണോയെന്ന സംശയം ഉണ്ടായിരുന്നു. ഇവിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് ഉള്ളത്.
സംഭവം നടന്ന ഫ്ലാറ്റിൽ ഗർഭിണികളില്ല എന്നാണ് പ്രദേശത്തെ ആശാ പ്രവർത്തകരും അസോസിയേഷൻ ഭാരവാഹികളുമെല്ലാം പറഞ്ഞത്. പക്ഷേ പോലീസ് പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് രക്തക്കറ കണ്ടെത്തിയതോടെ അന്വേഷണം നിർണായകമായ വഴിയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രസവം ഇവിടെ തന്നെ നടന്നതാകാമെന്ന സംശയം ഉയർന്നിട്ടുണ്ട്.












Click it and Unblock the Notifications