കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി വന്നത് എട്ട് വർഷത്തിന് ശേഷം
കൊല്ലം: കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനക്കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. കേസിലെ പ്രതികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവർക്കാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.മൂന്ന് പേരും തമിഴ്‌നാട് മധുര സ്വദേശികളാണ്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്.
കേസിൽ ഗൂഢാലോചന, കൊലപാതകശ്രമം, പരിക്കേല്‍പ്പിക്കല്‍, നാശനഷ്‌ടം വരുത്തല്‍ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്ക് എതിരെ ചുമത്തിയിരുന്നു. ഇത് കൂടാതെ സ്‌ഫോടക വസ്‌തു നിയമം, യുഎപിഎ വകുപ്പുകൾ എന്നിവ കൂടി പ്രതികൾക്ക് എതിരെ ചുമത്തിയിരുന്നു.ഇതൊക്കെയും പരിഗണിച്ചാണ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ തന്നെ കോടതി വിധിച്ചത്.

നേരത്തെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടത്തിയത്. തുടർന്ന് നവംബർ ഏഴിന് വിധി പറയാനായി കേസ് മാറ്റുകയായിരുന്നു. കേസിലെ നാലാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. ഷംസുദ്ധീനെയാണ് വെറുതെ വിട്ടത്, അഞ്ചാം പ്രതി അയൂബ് മാപ്പ് സാക്ഷിയാവുകയും ചെയ്‌തതോടെ ആദ്യ മൂന്ന് പ്രതികൾ ശിക്ഷിക്കപെടുകയായിരുന്നു.
2016 ജൂൺ പതിനഞ്ചിനായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. കൊല്ലം കളക്ട്രേറ്റ് പരിസരത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന ജീപ്പിൽ ചോറ്റുപാത്രത്തിലാണ് പ്രതികൾ ബോംബ് സ്ഥാപിച്ചത്. ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവർത്തകരായിരുന്നു ശിക്ഷിക്കപ്പെട്ട പ്രതികൾ. സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
കൂടുതൽ ആളുകൾ കളക്ട്രേറ്റിൽ എത്തുന്ന തിരക്കേറിയ സമയത്തായിരുന്നു പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്‌തത്. എന്നാൽ ഭാഗ്യവശാൽ കൂടുതൽ പേർക്ക് പരിക്കേൽക്കാതെ അപകടം ഒഴിവാവുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 63 സാക്ഷികളെയാണ് വിസ്‌തരിച്ചത് ഒപ്പം 109 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തിരുന്നു.
ഗുജറാത്തില്‍ പോലീസ് ഏറ്റമുട്ടലില്‍ ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഈ സ്ഫോടനം നടന്നതെന്നായിരുന്നു കണ്ടെത്തൽ. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് സ്ഥലങ്ങളിലെ കോടതി വളപ്പുകളിൽ പ്രതികള്‍ സ്ഫോടനം നടത്തിയിരുന്നു.
അതിലൊന്നായിരുന്നു കൊല്ലം കളക്ട്രേറ്റിൽ നടന്നത്. ഇതിൽ മൈസൂരുവും ഉൾപ്പെട്ടിരുന്നു. അവിടെ നടന്ന അന്വേഷണമാണ് കൊല്ലത്തും ഗുണമായത്. ആന്ധ്രയിലെ നെല്ലൂർ, ചിറ്റൂർ എന്നിവിടങ്ങളിലും പ്രതികൾ കൊല്ലത്തിനും മൈസൂരുവിനും പുറമേ സ്ഫോടനം നടത്തിയിരുന്നു.












Click it and Unblock the Notifications