ഒടുവില്‍ ആ ആശ്വാസ വാർത്ത.. അബിഗേലിനെ കണ്ടെത്തി, ആശ്രാമം മൈതാനത്തിന് അടുത്ത് ഉപേക്ഷിച്ച നിലയില്‍
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ കണ്ടെത്തി. ആശ്രാമം മൈതാനത്തിന് അടുത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിക്കായി പൊലീസ് ജില്ലയ്ക്ക് അകത്തും പുറത്തും ശക്തമായ പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.
പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച ശേഷം കടന്ന് കളയുകയായിരുന്നുവെന്നാണ് നിഗമനം. പൊലീസും പൊതുജനങ്ങളും ശക്തമായ വല വിരിച്ചതോടെ കുഞ്ഞുമായുള്ള സഞ്ചാരം ദുഷ്കരമാകുമെന്ന് മനസ്സിലാക്കിയ സംഘം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. കുട്ടിയെ പൊലീസുകാർ കൊല്ലം കമ്മീഷ്ണർ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോയി. കുട്ടിയെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. എങ്കിലും കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

20 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് അബിഗേലിനെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ കുട്ടിയെ ആശ്രമാം മൈതാനത്തിന് സമീപം ഒറ്റയ്ക്കായിരുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയത് ആശ്വാസമായെങ്കിലും പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമായ നിലയില്‍ തന്നെ തുടരുകയാണ്.
പൊലീസിന് പുറമെ നാട്ടുകാരും യുവജന സംഘടനകളും ഉള്‍പ്രദേശങ്ങളിലും വന മേഖലകളിലും ഉള്‍പ്പെടെ ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ പരിശോധന നടത്തി വരികയായിരുന്നു. സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് നിർദേശം നല്‍കുകയും ചെയ്തു.
ഇതിനിടയില്‍ ഇന്നലെ രാത്രിയോടെ ഒരു സ്ത്രീ കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്കായിരുന്നു വിളി വന്നത്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും തിരികെ തരണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നുമാണ് വിളിച്ചവർ ആവശ്യപ്പെട്ടത്. ഈ ഫോണ്‍കോള്‍ പൊലീസ് പിന്തുടർന്നെങ്കിലും പാരിപ്പള്ളിയുടെ ഒരു കടയുടമയുടെ ഫോണില്‍ നിന്നായിരുന്നു ഇവർ ഫോണ്‍ ചെയ്തത്.
ഇന്നലെ വൈകീട്ട് 4.45ന് വീട്ടിന്‍റെ പരിസരത്തുവച്ചാണ് കുട്ടിയെ കടത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കാറില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കുന്നത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. സഹോദരന്‍ ജൊനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.












Click it and Unblock the Notifications