മരണാനന്തര ജീവിതത്തെകുറിച്ച് നെറ്റിൽ തിരഞ്ഞു; മൃതദേഹങ്ങളിൽ വ്യത്യസ്‌ത മുറിവുകൾ, കാരണം ബ്ലാക്ക് മാജിക്കോ?
തിരുവനന്തപുരം: കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക് മാജിക് സംശയം. മൂവരുടെയും സമൂഹ മാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. വ്യാജ അക്കൗണ്ടിലൂടെ ഇവരെ ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. കൂടാതെ മരണാനന്തര ജീവിതത്തിൽ മൂന്ന് പേരും വിശ്വസിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
എന്നാൽ നിലവിലെ ഘട്ടത്തിൽ മൂവരുടെയും മരണത്തിന് പിന്നിൽ ബ്ലാക് മാജിക് ആണോ എന്ന കാര്യം ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എച്ച് നാഗരാജു പറയുന്നത്. എങ്കിലും മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും, ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ മൂവരും മരിക്കാനായി അരുണാചൽ പ്രദേശ് എന്തിന് തിരഞ്ഞെടുത്തുവെന്ന ചോദ്യമാണ് പോലീസിനെ കുഴക്കുന്നത്. മരണാന്തര ജീവിതത്തെ കുറിച്ച് ഉൾപ്പെടെ ഇവർ ഇന്റർനെറ്റിൽ തിരഞ്ഞുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരും ബ്ലാക്ക് മാജിക്കിന്റെ വലയിൽ വീണുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതോടെ ബന്ധുക്കൾക്ക് ഒപ്പം വട്ടിയൂർക്കാവ് പോലീസും കൂടുതൽ അന്വേഷണത്തിനായി ഇറ്റാനഗറിലേക്ക് പോവും.
അതേസമയം കോട്ടയത്ത് നിന്ന് അടുത്തിടെ കാണാതായ ദമ്പതികളേയും ഇവരുടെ സുഹൃത്തിനേയുമാണ് ഇറ്റാനഗറിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പേരുടേയും ശരീരത്തില്‍ വ്യത്യസ്‌ത തരത്തിലുള്ള മുറിവുകളാണുള്ളത്. ഈ മുറിവിലൂടെ രക്തം വാര്‍ന്നാണ് ഇവര്‍ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു മരണപ്പെട്ട ആര്യ. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൂട്ടമരണ വാർത്തയിലേക്ക് എത്തിയത്. മാര്‍ച്ച് 27നാണ് ആര്യ വീടുവിട്ടത്. ഇവരെ ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. സംഭവത്തിൽ കേസെടുത്ത വട്ടിയൂര്‍ക്കാവ് പോലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്.
പിന്നീട് ആര്യയുടെ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ദേവിയുമായി ഇവർ നിരന്തരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരുടെ തിരോധനത്തെ കുറിച്ച് അന്വേഷിച്ച പോലീസ് ഇവർ മൂന്ന് പേരും കൂടി ഗുവാഹതിയിലേക്ക് വിമാന മാർഗം കടന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് ഇറ്റാനഗർ പോലീസിന്റെ വിവരം എത്തുന്നത്.
മൂവരും മരണപ്പെട്ട് കിടന്നിരുന്ന ഹോട്ടലിൽ നിന്ന് ലഭിച്ച നമ്പറിലേക്ക് മരണവിവരം ഇറ്റാനഗർ പോലീസ് വിളിച്ചറിയിക്കുകയായിരുന്നു. സന്തോഷത്തോടെ ജീവിച്ചു ഇനി പോകുകയാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പും ഇവിടെ നിന്ന് പോലീസിന് ലഭിച്ചിരുന്നു. കൂടാതെ മൂന്ന് പേരുടേയും ബന്ധുക്കളുടെ ഫോൺ നമ്പറും മൃതദേഹത്തിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് കേരള പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications