കുറ്റിക്കടവ്-കുന്ദമംഗലം റോഡ് നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചു; ഉദ്യോഗസ്ഥര്‍ പ്രതികാര നടപടി എടുക്കുന്നുവെന്ന് വ്യാപാരി
കോഴിക്കോട്: ചെറൂപ്പ കുറ്റിക്കടവ് കുന്ദമംഗലം റോഡ് നവീകരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച പരാതിക്കാരനോട് ഉദ്ദ്യോഗസ്ഥര്‍ പ്രതികാര നടപടി പരാതി. റോഡ് കൈയേറി നിര്‍മ്മാണങ്ങള്‍ നടത്തിയതിന്റെ പേരില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട ജനകീയ കൂട്ടായ്മയുടെ പ്രതിനിധിയായ തന്റെ ഉപജീവനമാര്‍ഗ്ഗമായ പെട്ടിക്കട തഹസില്‍ദാറുടെ നിര്‍ദ്ദേശപ്രകാരം എടുത്ത് മാറ്റുകയായിരുന്നുവെന്ന് പരാതിക്കാരനായ കെ ജി ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെറൂപ്പ - കുറ്റിക്കടവ്‌റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 2017 ജൂലായ് 24നാണ് കരാറായത്. സ്വകാര്യ കസ്ട്രക്ഷന്‍ കമ്പനിയുടെ കീഴില്‍ ഫെബ്രുവരി 2ന് പ്രവൃത്തി പൂര്‍ത്തികരിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയാണുള്ളതെന്ന് ചെറൂപ്പ ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

കരാര്‍ പ്രകാരം 5.5 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യാന്‍ മെറ്റല്‍ നിരത്തിയപ്പോള്‍ റോഡില്‍ പല ഭാഗങ്ങളിലും ഡ്രൈയിനേജിനുള്ള സ്ഥലം കണ്ടില്ല. തുടര്‍ന്ന് റോഡ് സര്‍വേ നടത്തി അതിരുകള്‍ നിര്‍ണയിക്കാനും റോഡ് കൈയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാര്‍ച്ച് 7ന് സര്‍വേ നടത്തി. എന്നാല്‍ സത്യസന്ധമായ സര്‍വേനടന്നില്ലെന്ന് കാണിച്ച് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീണ്ടും സര്‍വേനടത്തുകയും റോഡ് കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങളും മതിലുകളും അടയാളപ്പെടുത്തുകയുമായിരുന്നു.
എന്നാല്‍ പിന്നീട് കാര്യമായ നടപടിയുണ്ടായില്ല. ഇതിനിടെ റോഡിന് സമീപം കച്ചവടം നടത്തുന്ന പെട്ടിക്കട നീക്കം ചെയ്യണമൊവശ്യപ്പെട്ട് സര്‍വേ ചെയ്യാന്‍ പരാതി നല്‍കിയ വയോധികനായ തനിക്ക് അസിസ്റ്റന്റ് എന്‍ജിനിയര്‍ നോട്ടിസ് അയച്ചു. പെട്ടിക്കടക്ക് മുന്നിലെ ഇരുനിലകെട്ടിടം റോഡിന്റെ അഞ്ച് അടി നീളത്തില്‍ 40 അടിയോളം നീളത്തില്‍ സ്ഥലം കൈയേറിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വക വെയ്ക്കാതെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത പുറത്തു കൊണ്ടുവന്നതിന്റെ പേരില്‍ തന്റെ കട മന:പൂര്‍വം എടുത്ത് മാറ്റുകയായിരുന്നുവെന്നും ബാബു പരാതിപ്പെട്ട്. റോഡ് നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കൃത്യമായി സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.












Click it and Unblock the Notifications