ഞാനെന്താ രണ്ടാംകെട്ടിലുള്ളതാണോ? പൊട്ടിത്തെറിച്ച് കെപി അനില്‍കുമാര്‍, പ്രതിസന്ധിയില്‍ മുങ്ങി കോണ്‍ഗ്രസ്
കോഴിക്കോട്: സസ്‌പെഷനിലായ കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനുമായി രംഗത്തെ്. എന്ത് അച്ചടക്ക രാഹിത്യമാണ് താന്‍ കാണിച്ചതെന്നും ആരാണ് തന്നെ പുറത്താക്കിയതെന്നും അനില്‍ കുമാര്‍ ചോദിച്ചു. ഉമ്മന്‍ ചാണ്ടി വിമര്‍ശനം ഉന്നയിച്ചില്ലേ, അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമോ. ഞാന്‍ പറയുമ്പോള്‍ മാത്രമാണ് നടപടി. ഞാനെന്താ രണ്ടാംകെട്ടിലുള്ളതാണോ എന്നും അനില്‍ കുമാര്‍ വിമര്‍ശിച്ചു.
ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുത്ത വിഷയത്തിലാണ് കോണ്‍ഗ്രസില്‍ തര്‍ക്കം. പരസ്യപ്രതികരണം നടത്തിയതിനാണ് അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. പുതിയ ജില്ലാ നേതാക്കളുടെ പട്ടിക പുറത്തുവന്നതോടെ ചേരി തിരിഞ്ഞ് വിമര്‍ശനം ഉന്നയിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ചര്‍ച്ച നടത്താതെയാണ് ഡിസിസി നേതാക്കളെ തിരഞ്ഞെടുത്തതെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുമ്പോള്‍ പുതിയ പട്ടിക മികച്ചതാണ് എന്ന് കെ മുരളീധരന്‍ എംപി പ്രതികരിക്കുന്നു. കെ സുധാകരന്‍, വിഡി സതീശന്‍, കെ മുരളീധരന്‍ എന്നിവര്‍ ഒരു ഭാഗത്തും മറ്റു നേതാക്കള്‍ മറുഭാഗത്തുമായി പരസ്പരം ഏറ്റുമുട്ടുയാണിപ്പോള്‍.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷമായ ഭാഷയിലാണ് കെപി അനില്‍കുമാര്‍ പ്രതികരിച്ചത്. കെ സുധാകരനും വിഡി സതീശനും മുമ്പ് നേതാക്കള്‍ക്കും പാര്‍ട്ടി തീരുമാനങ്ങള്‍ക്കുമെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ താന്‍ നടത്തിയിട്ടില്ല. അവര്‍ക്ക് സംഭവിച്ച അച്ചടക്ക രാഹിത്യവും തനിക്ക് സംഭവിച്ചിട്ടില്ല.
ഉമ്മന്‍ ചാണ്ടി തന്നെക്കാള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമോ. ഇപ്പോള്‍ തയ്യാറാക്കിയ പട്ടികയിലും ഗ്രൂപ്പിന്റെ ഭാഗമായുള്ളവര്‍ തന്നെയാണ്. ഗ്രൂപിസം അവസാനിപ്പിക്കുമെന്ന് പറഞ്ഞവര്‍ തയ്യാറാക്കിയ പട്ടികയാണിത്. യാഥാര്‍ഥ്യമാണ് ഞാന്‍ പറഞ്ഞത്. അത് എങ്ങനെ അച്ചടക്ക രാഹിത്യമാകും.
സസ്‌പെന്റ് ചെയ്യുന്നതിന് കുഴപ്പമില്ല. നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് നോക്കണം. ഏത് ഫോറത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്. കെപിസിസി പദവിയില്‍ നിന്നാണോ. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണോ. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമാണ് ഞാന്‍. എനിക്കെതിരായ നടപടി എടുക്കുമ്പോള്‍ എഐസിസിയുടെ അനുമതി വാങ്ങിയിരുന്നോ.
വിശദീകരണം ചോദിക്കാതെയാണ് നടപടി എടുത്തിരിക്കുന്നത്. ഫോണില്‍ വിളിച്ചെങ്കിലും വിശദീകരണം ചോദിച്ചോ. ഇതൊന്നും ചെയ്യാതെ എങ്ങനെയാണ് സസ്‌പെന്റ് ചെയ്യാനാകുക. നടപടി ക്രമങ്ങള്‍ പാലിക്കാതെയുള്ള സസ്‌പെന്‍ഷനെതിരെ തിങ്കളാഴ്ച എഐസിസിക്ക് പരാതി നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഇന്നത്തെ പാര്‍ട്ടിയുടെ അവസ്ഥയ്ക്ക് കാരണം എംകെ രാഘവന്‍ എംപിയാണ്. താനല്ലാതെ ജില്ലയില്‍ നിന്ന് ആരും തിരഞ്ഞെടുപ്പ് രംഗത്ത് വരരുത് എന്ന വാശിയാണ്. ഈ വാശിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമെന്നും അനില്‍കുമാര്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞത് ആരെയും ലക്ഷ്യമിട്ടല്ല. പാര്‍ട്ടിയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. തനിക്ക് നിരവധി നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ ആഗ്രഹം പുതിയ ഡിസിസി ഭാരവാഹി പട്ടികയില്‍ പ്രതിഫലിക്കുന്നില്ല. ചര്‍ച്ച നടന്നില്ല. ആരോടാണ് ചര്‍ച്ച നടത്തിയ് എന്ന് അറിയില്ല. തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം പോലും ഇതുവരെ വിളിച്ചിട്ടില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്നും ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കല്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടാകില്ലായിരുന്നുവെന്നുമാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്ന് സുധാകരനും സതീശനും പ്രതികരിച്ചു.
ആരോപണം ഉന്നയിച്ചവരുടെ കാലത്ത് എത്ര ചര്‍ച്ചകള്‍ നടന്നുവെന്ന് സുധാകരന്‍ തിരിച്ചു ചോദിച്ചു. ചര്‍ച്ച നടന്നതിന് തെളിവായി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചവരുടെ പേരുകള്‍ എഴുതിയ ഡയറിയും സുധാകരന്‍ ഉയര്‍ത്തിക്കാട്ടി. വിശദമായ ചര്‍ച്ചകള്‍ നടന്നുവെന്ന് സതീശന്‍ പറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക തയ്യറാക്കാന്‍ സാധിക്കില്ല. മുതിര്‍ന്ന നേതാക്കള്‍ പേരുകള്‍ വീതംവച്ച് നല്‍കാനാണെങ്കില്‍ ഞങ്ങള്‍ ഈ സ്ഥാനത്ത് ഇരിക്കേണ്ടതില്ലല്ലോ എന്നും സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications