കെപിസിസിയില്‍ പുനഃസംഘടന വരുന്നു?: എം ലിജുവും മാത്യു കുഴല്‍നാടനും നേതൃനിരയിലേക്ക്
തിരുവനന്തപുരം: കെ പി സി സി ഭാഗികമായി പുനഃസംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്. ഭാരവാഹികളുടെ എണ്ണം കൂട്ടുകയാണ് പ്രധാന നീക്കം. നിലവില്‍ 26 അംഗങ്ങളാണ് കെ പി സി സിയില്‍ ഉള്ളത്. പുനഃസംഘടനയോടെ ഇത് 35 ആയി ഉയർത്താനാണ് ആലോചന. അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കം പ്രമുഖ നേതാക്കളുടെ സ്ഥാനങ്ങളില്‍ മാറ്റം ഇല്ലാത്ത തരത്തിലായിരിക്കും പുനഃസംഘടനയെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.
പ്രവർത്തനത്തില്‍ സജീവമല്ലാത്ത ഭാരവാഹികളില്‍ ചിലർക്ക് മാറ്റം ഉണ്ടായേക്കാം. കെ സി ജോസഫ്, എം ലിജു, മാത്യു കുഴല്‍നാടന്‍ എന്നിവരെ പുതുതായി ഭാരവാഹികളാക്കിയേക്കും. മൂന്നുപേരും നേരത്തെ നടത്തിയ പുനഃസംഘടനയില്‍ തന്നെ ഇടം പിടിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരായിരുന്നു. എന്നാല്‍ അംഗബലം കുറച്ചത് മൂവർക്കും തിരിച്ചടിയാവുകയായിരുന്നു.

സർക്കാറിനെ നിരന്തരം മുള്‍മുനയില്‍ നിർത്തുന്ന നേതാവ് എന്നതാണ് മാത്യൂ കുഴല്‍നാടന് നേട്ടമായത്. എം എല്‍ എ എന്ന നിലയില്‍ വലിയ ജനപ്രീതി നേടാന്‍ സാധിച്ചു. അതിനാല്‍ സംഘടന രംഗത്ത് മാത്യുവിന്റെ ഇടപെടല്‍ വര്‍ധിപ്പിക്കാനാണ് നേതൃനിരയിലുള്ള ആലോചന.വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുന്ന രീതിയിലായിരിക്കും പുതിയ ഭാരവാഹി പട്ടിക.
അതേസമയം, കോൺഗ്രസ് മണ്ഡലം പുനഃസംഘടന അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നാണ് കെ പി സി സി നേതൃത്വം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ നേതാക്കളെ ബന്ധപ്പെട്ട് എത്രയും വേഗം പട്ടിക കൈമാറാൻ സുധാകരന്‍ നേരത്തെ നിർദേശിച്ചിരുന്നു. ജില്ലകളിൽ 80 ശതമാനം പൂർത്തിയായെന്നാണു കെപിസിസിയുടെ വിലയിരുത്തൽ.
പുനഃസംഘടന ചിലയിടങ്ങളില്‍ വലിയ രീതിയില്‍ വിഭാഗീയതയും സൃഷ്ടിച്ചിട്ടുണ്ട്. ആകെയുള്ള 285 ബ്ലോക്ക് കമ്മിറ്റികളിൽ 197 ഇടത്തെ പ്രസിഡന്‍റുമാരുടെ പട്ടിക ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയിരുന്നു. പിന്നീടും ഒരോ ഘട്ടങ്ങളിലായും പട്ടിക ഇറക്കിയെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും പ്രഖ്യാപനം നടത്താന്‍ സാധിച്ചിട്ടില്ല. ഉപസമിതി ഒറ്റപ്പേര് മാത്രം നിർദേശിച്ചിടങ്ങളിൽപോലും കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും മാറ്റംവരുത്തിയെന്ന ആരോപണവും ശക്തമാണ്.
പട്ടിക അന്തിമമാക്കുംമുമ്പ് മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്താൻ തയാറായില്ലെന്നും ഗ്രൂപ്പുകൾ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, എല്ലാവർക്കും മതിയായ പ്രാതിനിധ്യം നൽകിയെന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദം. ആദ്യഘട്ട പട്ടിക പുറത്തുവന്നതിന് പിന്നാലെ എ പക്ഷം ദേശീയ നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിരുന്നു.












Click it and Unblock the Notifications