മരിച്ച ഭാര്യയോട് സംസാരിച്ചിരുന്ന കൃഷ്ണയ്യര്‍
കൊച്ചി: ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന വി ആര്‍ കൃഷ്ണയ്യരുടെ വായനയുടെ ലോകവും വളരെ വിശാലമായിരുന്നു. നീതിന്യായ മേഖലയിലായാലും പൊതു പ്രവര്‍ത്തന മേഖലയിലായും ഉറച്ച നിലപാടുകള്‍ക്ക് പേര് കേട്ട വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ പ്രിയതമയായിരുന്ന ശാരദയുടെ മരണമായിരുന്നു അദ്ദേഹത്തെ ഏറെ തളര്‍ത്തിയ സംഭവം.
എന്തിനും ഏതിനും തനിക്ക് കൂട്ടായിരുന്ന ഭാര്യ ലോകത്തോട് വിടപറഞ്ഞപ്പോള്‍ അദ്ദേഹം തീവ്രമായ ഏകാന്തത അനുഭവിച്ചിരുന്നത്രെ. ജീവിത പങ്കാളിയോടുള്ള സ്‌നേഹം അത്രത്തോളമായിരുന്നു അദ്ദേഹത്തിന്.

മരിച്ചപോയ ഭാര്യയുമായി ആശയവിനിമയം നടത്തിയിരുന്നു എന്ന് കൃഷ്ണയ്യര്‍ പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പലരും പുച്ഛിച്ചു. തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും ക്രോഡീകരിച്ച് അദ്ദേഹം ഒരു പുസ്തകവും എഴുതി. ലൈഫ് ആഫ്റ്റര്‍ ഡെത്ത്... മരണാനന്തര ജീവിതം.
തന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരു മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ ഭാര്യ വഴിയായിരുന്നത്രെ ശാരദ മരണ ശേഷം കൃഷ്ണയ്യരോട് സംവദിച്ചിരുന്നത്. എന്നാല്‍ തന്റെ ഭാര്യയും ആ സ്ത്രീയും തമ്മില്‍ ഒരു വിധ പരിചയവും ഉണ്ടായിരുന്നില്ലെന്നും കൃഷ്ണയ്യര്‍ വ്യക്തമാക്കുന്നുണ്ട്.
പാരാ സൈക്കോളജി വഴി മരിച്ചവരുമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരുപാടുപേര്‍ ലോകത്തുണ്ട്. പലരും ഇത് സാധ്യമാണെന്ന് അവകാശപ്പെടുന്നും ഉണ്ട്. എന്നാല്‍ കൃഷ്ണയ്യരെ പോലെ ഒരാള്‍ കൂടി അനുഭവസാക്ഷ്യം പറഞ്ഞപ്പോള്‍ അത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
മരിച്ചവരുടെ ആത്മാവുമായി സംസാരിക്കാന്‍ കഴിയും എന്നതിനെ വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം പിന്നീടും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രാപ്തിയുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications