'ലോകം മാറുന്നത് എല്ലാവരും അറിയണം, ഈ ചർച്ച അനിവാര്യം': മറുപടിയുമായി ശബരിനാഥൻ
തിരുവനന്തപുരം: പത്തനംതിട്ടയിലെ ഒരു സ്വകാര്യ ചടങ്ങില്‍ കുഞ്ഞിനൊപ്പം പങ്കെടുത്തതിനെതിരെ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍ രംഗത്ത്. ഞായറാഴ്ചകള്‍ പൂര്‍ണമായി മകന് വേണ്ടി മാറ്റിവയ്ക്കാന്‍ ദിവ്യ ശ്രമിക്കാറുണ്ടെന്ന് കെ എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാന്‍ ദിവ്യ പരമാവധി ശ്രമിക്കും. പക്ഷേ, എന്നാലും ചിലപ്പോള്‍ ചില പ്രോഗ്രാമുകള്‍ക്ക് സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കാരണം പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെയുള്ള പ്രോഗ്രാകുളില്‍ മകനെ കൂടി കൊണ്ടുവരും എന്ന് അസന്നിഗ്ധമായി പറയാറുണ്ട്. സംഘാടര്‍ക്ക് അതില്‍ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂര്‍വ്വം പോയ ഒരു പ്രോഗ്രാമില്‍ അതിന്റെ സംഘാടകന്‍ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രി ചിറ്റയം ഗോപകുമാര്‍ സ്‌നേഹപൂര്‍വ്വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ചര്‍ച്ച അനിവാര്യമാണ് -
ഇത് ഒരു ദിവ്യയുടെ കാര്യം മാത്രമല്ല, തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുന്നതെന്ന് ശബരിനാഥന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

പത്തനംതിട്ട കളക്ടറായി ചുമതല എടുത്തത് മുതൽ ദിവ്യക്ക് 24 മണിക്കൂർ ഡ്യുട്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് . രാവിലെ 10 മണി മുതൽ രാത്രി 8 pm വരെ ജില്ലയിലെ മീറ്റിംഗുകളും പ്രവർത്തനങ്ങളും, അത് കഴിഞ്ഞു വീട്ടിൽ എത്തിയാൽ മകന്റെ കൂടെ അർദ്ധരാത്രി കഴിഞ്ഞു വരെയുള്ള കളിയും ചിരിയും.കുട്ടികൾക്ക് മനസ്സിൽ ഒരു സെൻസർ ഉണ്ട്, എത്ര സന്തോഷമായി ഞങ്ങളോടൊപ്പം ഇരുന്നാലും രാത്രി 8 മണി ആകുമ്പോൾ അവൻ അമ്മയെ അന്വേഷിക്കും, അത് വരെ നമ്മളോടൊപ്പം ചിരിച്ചുകൊണ്ടിരുന്നവൻ കരയും. ദിവ്യ വന്നാൽ പിന്നേ അവൾ മാത്രം മതി, ബാക്കി എല്ലാവരും 'Get Outhouse' ആണ്.
ഞായറാഴ്ചകൾ പൂർണമായി അവനുവേണ്ടി മാറ്റിവയ്‌ക്കാൻ ദിവ്യ ശ്രമിക്കും . ഔദ്യോഗിക കൃത്യനിർവഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാൻ ദിവ്യ പരമാവധി ശ്രമിക്കും. പക്ഷേ, എന്നാലും ചിലപ്പോൾ ചില പ്രോഗ്രാമുകൾക്ക് സ്നേഹപൂർവ്വമായ നിർബന്ധം കാരണം പോകേണ്ടിവരും. അങ്ങനെയുള്ള പ്രോഗ്രാകുളിൽ മകനെ കൂടി കൊണ്ടുവരും എന്ന് അസന്നിഗ്ധമായി പറയാറുണ്ട്. സംഘാടർക്ക് അതിൽ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂർവ്വം പോയ ഒരു പ്രോഗ്രാമിൽ അതിന്റെ സംഘാടകൻ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ശ്രി ചിറ്റയം ഗോപകുമാർ സ്നേഹപൂർവ്വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഒരു തരത്തിൽ പറഞ്ഞാൽ ഈ ചർച്ച അനിവാര്യമാണ് -
ഇത് ഒരു ദിവ്യയുടെ കാര്യം മാത്രമല്ല, തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് സ്വന്തം കാലിൽ ഉറച്ചു നിൽക്കുന്നത്. ചെറുപ്പത്തിൽ സ്കൂൾ വെക്കേഷൻ കാലത്ത് കരമന കോളേജിൽ അമ്മയുടെ മലയാളം ക്ലാസിൽ അമ്മയോടൊപ്പം ഇരുന്ന ബാല്യ കാലം ഇന്നും മനസ്സിലുണ്ട്. ഭാര്യയായും അമ്മയായും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ജോലി ചെയ്തു കൂടി മുന്നോട്ട് പോകുന്ന സ്ത്രീകൾ എത്ര പ്രതിസന്ധികൾ മറികടന്നാണ് യാത്ര തുടരുന്നതെന്ന് പഠിച്ചാൽ പകുതി വിമർശനമെങ്കിലും കുറയും. കോവിഡിനു ശേഷം "വർക്ക് ഫ്രം ഹോം " ഒരു മുദ്രാവാക്യമാകുന്ന കാലഘട്ടത്തിൽ ലോകം മാറുന്നത് എല്ലാവരും അറിയണം.
'ജയ ജയ ജയ ജയഹേ' എന്ന ചിത്രത്തിലെ ജയ എന്ന നായിക നേരിടുന്ന മാനസിക വെല്ലുവിളികളുടെ ഓഫീസ് വേർഷനാണ് തൊഴിൽ ചെയ്യുന്ന പല അമ്മമാരും നേരിടുന്നത് . അവർക്ക് തൊഴിലിൽ താത്പര്യമില്ല എന്നും കുട്ടിയുടെ പുറകെയാണെന്നുമുള്ള ഒളിയമ്പുകൾ സമൂഹത്തിൽ പതിവാണ്. പ്രൈവറ്റ് കമ്പനികളിൽ കോർപ്പറേറ്റ് ജീവിതത്തിൽ അദൃശ്യമായ ഒരു glass ceiling അമ്മമാരായ സഹപ്രവർത്തകർക്ക് ഉണ്ടായിട്ടുള്ളത് എനിക്ക് നേരിട്ട് ബോധ്യമുണ്ട്.
തൊഴിൽ ചെയുന്ന അമ്മമാർക്ക് ആരുടെയും സഹതാപം വേണ്ട, പക്ഷേ അവർക്ക് പ്രവർത്തിക്കാൻ പോസിറ്റീവായ ഒരു സ്പേസ് സമൂഹം നൽകണം.
"പെണ്ണുങ്ങൾ കുട്ടികളെ നോക്കി വീട്ടിൽ ഇരുന്നാൽ പോരേ?" എന്ന് ചോദിച്ചവരെ വർഷങ്ങളുടെ പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളം തിരുത്തിച്ചു. ഈ ഉദ്യമങ്ങൾ അവസാനിക്കുന്നില്ല, ഇനിയും ഏറെ തിരുത്താനുണ്ട്.












Click it and Unblock the Notifications