വൈദ്യുതി ബോര്‍ഡില്‍ തസ്‌തികകള്‍ വെട്ടിക്കുറച്ച് റഗുലേറ്ററി കമ്മിഷന്‍; ഒഴിവാക്കിയത് മൂവായിരത്തിലധികം തസ്‌തികകള്
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ മൂവായിരത്തിലധികം തസ്‌തികകള്‍ വെട്ടിക്കുറച്ച് റഗുലേറ്ററി കമ്മിഷന്‍. നിയമനം നല്‍കിയതും, ഭാവിയില്‍ വരാവുന്നതുമായ മൂവായിരത്തിലധികം ഒഴിവുകളാണ് കമ്മീഷൻ ഒഴിവാക്കുന്നത്. മനുഷ്യ വിഭവ ശേഷിയെക്കുറിച്ച് ആറുമാസത്തിനകം വിലയിരുത്തണമെന്നും റഗുലേറ്ററി കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
2027 വരെ 33,371 തസ്തികള്‍ക്ക് അംഗീകാരം നല്‍കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം.എന്നാല്‍ 30,321 തസ്‌തികകള്‍ക്ക് മാത്രമാണ് കമ്മീഷൻ അനുമതി നല്‍കിയത്. വിവിധ വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വാദം കേട്ട ശേഷമാണ് തീരുമാനം. അതേസമയം 2010 വരെയുള്ള 1610 പേരുടെയും 2012 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജോലി കിട്ടിയ 1248 പേരുടെയും നിയമനം കമ്മിഷന്‍ അംഗീകരിച്ചു. 2013 ല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ തീരുമാനപ്രകാരം ജോലി കിട്ടിയ 288 പേരുടെ നിയമനത്തിനും കമ്മീഷൻ അംഗീകാരം നല്‍കി.

അതേസമയം ശമ്പള ചിലവ് സ്വയം നിയന്ത്രിക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ ബോര്‍ഡ് തുടങ്ങിയിരുന്നു.സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുകൾ നികത്തുന്നത് അവസാനിപ്പിക്കാനായിരുന്നു പ്രധാന തീരുമാനം. ആവശ്യമെങ്കില്‍ ഉപയോഗമില്ലാത്ത തസ്‌തികകള്‍ വെട്ടിക്കുറയ്ക്കാനും ബോര്‍ഡ് തീരുമാനിച്ചിരുന്നു. തസ്തികകളുടെ എണ്ണം പുനഃപരിശോധിക്കണമെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും കോഴിക്കോട് ഐ.എ.എം. 2015-ൽ നടത്തിയ പഠനത്തിലും ശുപാർശ ചെയ്തിരുന്നു.
ചെലവിൽ 27 ശതമാനവും ശമ്പളം നൽകാനാണ് വേണ്ടിവരുന്നതെന്നാണ് ഡയറക്ടർബോർഡിന്റെ വിലയിരുത്തൽ. അഖിലേന്ത്യാതലത്തിൽ വൈദ്യുതി കമ്പനികള്‍ ഇതിന് ചെലവിടുന്നത് 15 ശതമാനം മാത്രമാണ്. കംപ്യൂട്ടർവത്കരണവും യന്ത്രവത്കരണവും വഴി പലമേഖലകളിലും തസ്തികകൾ കുറയ്ക്കാമെന്നാണ് വിലയിരുത്തൽ. മുൻകൂർ പണമടച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതോടെ കൂടുതൽ തസ്തികകൾ ഒഴിവാക്കാനുമാകുമെന്നും ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. നിലവില്‍ 31,128 ജീവനക്കാരാണ് കെ.എസ്.ഇ.ബി.യിൽ ആകെയുള്ളത്. ഈവർഷം 1586 പേർ വിരമിക്കുന്നുണ്ട്.
'എന്നാലും സോനാരെ ഇത് വല്ലാത്ത പൊളിച്ചടുക്കലായി പോയി', വൈറലായി മമിതയുടെ ഫോട്ടോകൾ












Click it and Unblock the Notifications