12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; അനിശ്ചിതകാല സമരത്തിനൊരുങ്ങി ജീവനക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്താനൊരുങ്ങി തൊഴിലാളികൾ. ഒക്ടോബർ ഒന്ന് മുതലാണ് കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ് വർക്കിംഗ് പ്രസിഡണ്ട് എം വിൻസെൻറ് എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നൽകി.
സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് അനിശ്ചിതകാല തൊഴിലാളികൾ പണിമുടക്കാനുള്ള തീരുമാനവുമായി രംഗത്തെത്തിയത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫിൽ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചർചയിൽ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാൽ തൽക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.

കെഎസ്ആർടിസി പ്രതിസന്ധിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാർ സഹായിച്ചിട്ടും ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആർടിസി മാനേജ്മെൻറിൻറെ കെടുകാര്യസ്ഥത ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞതു. സത്യങ്ങൾ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കെഎസ്ആർടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
2011-2022 കാലയളവിൽ മാത്രം 2076 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ ധനസഹായം നൽകിയത്. എന്നാൽ, ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്തത് കെഎസ്ആർടിസി മാനേജ്മെൻറിൻറെ കെടുകാര്യസ്ഥതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആർടിസിയെ പൊതുമേഖലയിൽ നിലനിർത്തുകയാണ് ലക്ഷ്യം. എന്നാൽ ഇത് അത്ര എളുപ്പമല്ലെന്നും മുഖ്യമന്ത്രി പറയുന്നു.
കോർപ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളിൽ ഉൾപ്പെടെ ജീവനക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാനേജ്മെൻറ് തലത്തിൽ ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി, കെഎസ്ആർടിസിയുടെ വിശ്വാസ്യത കൂട്ടാൻ ബോർഡ് ഉണ്ടാക്കുമെന്നും അറിയിച്ചു.
അതേസമയം, ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസി സർവ്വകാല റിക്കാർഡ് വരുമാനം നേടിയിട്ടുണ്ട് . തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകളാണ് സർവ്വീസ് നടത്തിയത്. ഈ സർവീസിലാണ് ഇത്രയും വരുമാനം ലഭിച്ചത്.സോൺ അടിസ്ഥാനത്തിൽ കളക്ഷൻ സൗത്ത് 3.13 കോടി (89.44% ടാർജറ്റ്) , സെൻട്രൽ 2.88 കോടി(104.54 % ടാർജറ്റ്) , നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത് കോഴിക്കോട് മേഖല ആണ്












Click it and Unblock the Notifications