വന്ദേഭാരതിനെ വെല്ലും ഇനി കെഎസ്ആർടിസി, വിമാനത്തിലേത് പോലെ ബിസിനസ്സ് ക്ലാസ്സും ഇക്കോണമി ക്ലാസും, ഇനി ലാഭം മാത്രം
എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല എന്ന അവസ്ഥയിലായിരുന്നു മലയാളികള്‍ സ്‌നേഹത്തോടെ ആനവണ്ടി എന്ന് വിളിക്കുന്ന കെഎസ്ആര്‍ടിസി വളരെയേറെക്കാലമായി. പഴകിത്തുരുമ്പിച്ച വണ്ടികള്‍, സമയത്തിന് ഓടി എത്താത്ത അവസ്ഥ, ജീവനക്കാര്‍ക്ക് ശമ്പളമില്ല, കാലങ്ങളോളം നഷ്ടത്തിലോട്ടം അങ്ങനെ പോകുന്നു കാര്യങ്ങള്‍.
എന്നാല്‍ ഇപ്പോള്‍ ആനവണ്ടി മുഖം മിനുക്കുകയാണ്. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിന് കീഴില്‍ കെഎസ്ആര്‍ടിസി ലാഭത്തിലേക്ക് കുതിക്കുകയാണ് എന്ന് തന്നെ പറയാം. പുതിയ കാലത്തിന് അനുയോജ്യമായ നിരവധി പരിഷ്‌ക്കാരങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വന്ദേഭാരതിനെ വരെ കെഎസ്ആര്‍ടിസി വെല്ലുന്ന കാലം വൈകാതെ വരുമെന്ന് ബാബു രാമചന്ദ്രന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ പറയുന്നു.
'' കെഎസ്ആര്‍ടിസിയുടെ ബ്രാന്‍ഡിംഗ് ആണ് ഉദ്ദേശിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എക്‌സ്‌പോ നടക്കുന്നത്. ജനങ്ങളുടേയും ജീവനക്കാരുടേയും ആത്മവിശ്വാസം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. സാധാരണക്കാര്‍ക്ക് ആഢംബര യാത്ര ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. പക്ഷേ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നില്ല. അപ്പോള്‍ സാധാരണക്കാര്‍ യാത്രയ്ക്കായി കെഎസ്ആര്‍ടിസി തിരഞ്ഞെടുക്കും. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.

ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ ശരാശരി കളക്ഷന്‍ ഏഴര കോടിയാണ്. ദിവസം ഒന്നരക്കോടിയോളം നഷ്ടമാണ്. എല്ലാ ദിവസവും പഴയകാല കടമായ ഒരു കോടി 19 ലക്ഷം ബാങ്കില്‍ അടയ്ക്കുന്നുണ്ട്. ലാഭം എട്ടരക്കോടിയിലേക്ക് കൊണ്ട് വരണം. മൈലേജ് കൂടുതലുളള വണ്ടികളാണ് പുതിയതായി ഇറക്കുന്നത്. ആ ചെറിയ വ്യത്യാസം വലുതാണ്. അപ്പോള്‍ 50 ലക്ഷം എങ്കിലും വര്‍ധിക്കും.
ഒരുപാട് പരിഷ്‌ക്കാരങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ കൊണ്ട് വന്നിട്ടുണ്ട്. മന്ത്രിയായ രണ്ട് വര്‍ഷം കൊണ്ട് 50 പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഇതെല്ലാം വിജയിച്ചു. ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങിയത് അതിലൊന്നാണ്. മുഴുവനായും ഡിജിറ്റലൈസ് ചെയ്തു. ചില്ലറയ്ക്ക് വേണ്ടി എപ്പോഴും വഴക്കുണ്ട്. അത് ഒഴിവാക്കാനാണ് കാര്‍ഡ് കൊണ്ട് വന്നത്. അത് എല്ലാവരും സ്വീകരിക്കുന്നു.
ഇപ്പോള്‍ വന്ന എല്ലാ വണ്ടികളിലും വൈഫൈ ഉണ്ട്. ചാര്‍ജിംഗ് പോയിന്റുകളും ഉണ്ട്. കാലത്തിന് അനുസരിച്ചുളള മാറ്റം അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍. അന്തര്‍സംസ്ഥാന യാത്രയ്ക്കായി പുതിയ വണ്ടികള്‍ കളര്‍ഫുള്ളായി ഇറക്കിയത് പുതിയ ജനറേഷനെ ഉദ്ദേശിച്ചത്. വണ്ടി രാജാവിനെ പോലെ വേണം പോകാന്‍. മകന്‍ ആദിത്യനും സുഹൃത്ത് അമലും ആണ് ഡിസൈന്‍ ചെയ്തത്.
പ്രൈവറ്റ് ബസ്സുകാരുമായി കെഎസ്ആര്‍ടിസി എപ്പോഴും മത്സരിച്ച് തോല്‍ക്കുകയാണ് പതിവ്. പക്ഷേ ഇത്തവണ നമ്മള്‍ കൊണ്ട് വന്നത് സ്വകാര്യ ബസ്സുകാരെ കടത്തി വെട്ടുന്ന കെഎസ്ആര്‍ടിസി വണ്ടികളാണ്. അങ്ങനെ നമ്മള്‍ ബിസിനസ്സ് പിടിക്കും.
ഞാന്‍ മന്ത്രിയായി വന്നപ്പോള്‍ തന്നെ ശമ്പളം കിട്ടുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പായിരുന്നു. മുഖ്യമന്ത്രിയും പറഞ്ഞു, എന്തെങ്കിലുമൊന്ന് ചെയ്യണം ഇവര്‍ക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം കൊടുക്കാന്‍. മുഖ്യമന്ത്രി വലിയ പിന്തുണ നല്‍കി. പത്തറുപത് കോടി ഒറ്റയടിക്ക് നല്‍കി. ഒരു ബാങ്കും കടം തരാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. 90ഓളം ഡിപ്പോകള്‍ ലാഭത്തിലാണ് പോകുന്നത്.
നാഷണല്‍ ഹൈവേ പണി നടക്കുന്നത് കെഎസ്ആര്‍ടിസിയെ പിന്നോട്ട് അടിക്കുന്നുണ്ട്. കാരണം റോഡില്‍ കിടക്കുമ്പോള്‍ ദിവസവും കോടികളുടെ ഡീസലാണ് വെറുതെ പോകുന്നത്. നാഷണല്‍ ഹൈവേ പൂര്‍ത്തിയായാല്‍ വലിയ നേട്ടമാകും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വന്ദേഭാരതിനെ വെല്ലുന്ന ബസ് ഓടിക്കണം എന്നാണ് ആഗ്രഹം. വിമാനത്തിന്റെ ബിസിനസ്സ് ക്ലാസ്സില്‍ എന്തൊക്കെ ഉണ്ടോ അതൊക്കെ ലഭ്യമാക്കണം. ഓരോ സീറ്റിലും കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാനുളള സംവിധാനങ്ങളൊക്കെ വേണം. ഒരു എക്‌സിക്യൂട്ടീവിന് യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ ആഢംബരം നല്‍കാന്‍ കഴിയുമോ അതെല്ലാം നല്‍കണം.
വിമാനത്തിലേത് പോലെ ഒരു ബിസിനസ്സ് ക്ലാസ്സും കുറച്ച് വില കുറഞ്ഞ ഇക്കോണമി ക്ലാസും ബസ്സിലുണ്ടാകണം എന്നാണ് ആഗ്രഹം. ഹൈവേ പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് വരെ സ്‌റ്റോപ് ഇല്ലാത്ത ബസ്, അത് വലിയ ബസ്സ് ആകില്ല, 40 സീറ്റുകള്‍ വെയ്ക്കും. അതില്‍ കൂടിയ ക്ലാസ്സുകള്‍ ഉള്‍പ്പെടുത്തും, റേറ്റ് കൂടുതലായിരിക്കും'', ഗണേഷ് കുമാര്‍ പറയുന്നു.












Click it and Unblock the Notifications