'മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ ഭാഗം', മീഡിയാ വൺ വിലക്കിനെതിരെ KUWJ
തിരുവനന്തപുരം: മീഡിയാ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിന് എതിരെ പത്രപ്രവർത്തക യൂണിയൻ രംഗത്ത്. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ചാനൽ വിലക്കിനെ കാണാനാവൂ എന്ന് കെയുഡബ്ല്യൂജെ പ്രതികരിച്ചു. മീഡിയ വൺ ചാനൽ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഹൈകോടതിയിൽ തുടരുന്ന കേസിൽ കേരള പത്രപ്രവർത്തക യൂണിയൻ കക്ഷിചേർന്നിരുന്നു.
ജനാധിപത്യ മൂല്യങ്ങളുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും കടയ്ക്കൽ കത്തിവെച്ചു കേന്ദ്ര ഭരണകൂടം മീഡിയവൺ ചാനലിനു മേൽ ചുമത്തിയ വിലക്കിനെതിരെ പോരാട്ടം തുടരുമെന്നു കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. കേന്ദ്ര സർക്കാർ എത്രതന്നെ കപടന്യായങ്ങൾ നിരത്തിയാലും മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂട ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ചാനൽ വിലക്കിനെ കാണാനാവുകയുളളൂ. ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിക്കും ജനാധിപത്യാവകാശ നിഷേധത്തിനും നീതിപീഠം തടയിടുമെന്നായിരുന്നു പ്രതീക്ഷ. പ്രാഥമിക ഘട്ടത്തിൽ അതിനു തിരിച്ചടിയേറ്റെങ്കിലും അന്തിമമായി നീതിയുടെ വെളിച്ചം പുലരുമെന്നു തീർച്ചയാണ്.

പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്നങ്ങൾ എന്നു മാത്രം പറഞ്ഞു ചാനലിനു വിലക്ക് കൽപ്പിച്ച കേന്ദ്ര ഭരണകൂടം കോടതിയിൽ പോലും അതു തുറന്നുപറയാൻ തയാറായിട്ടില്ല എന്നതു നിഗൂഢത സൃഷ്ടിക്കുന്ന നടപടിയാണ്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നോ സുരക്ഷാ വിഷയത്തിൽ എന്തു ഭീഷണിയാണ് മീഡിയവൺ സൃഷ്ടിച്ചതെന്നോ ജനസാമാന്യത്തിന് ഇനിയും വ്യക്തമായിട്ടില്ല.
ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം
അപ്രഖ്യാപിത അടിയന്തരാവസ്‌ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ നിയമപോരാട്ടവും ജനകീയബോധവത്കരണവുമായി മുന്നോട്ടുപോകും. രാജ്യത്തിന്‍റെ നിലനിൽപ്പിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവൻ പൗരസമൂഹവും ഈ അനീതിക്കെതിരെ ഒരു മനസ്സായി അണിനിരക്കേണ്ടതുണ്ട്. മാധ്യമസമൂഹം ഒന്നാകെ മീഡിയവണ്ണിനും തൊഴിലാളികൾക്കുമൊപ്പം ഐക്യദാർഡ്യപ്പെടുന്നതായി യൂണിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.












Click it and Unblock the Notifications