എല്‍ജെഡി ആര്‍ജെഡിയില്‍ ലയിച്ചു; ഉടക്കിട്ട് കേരള ഘടകം, ചര്‍ച്ച നടത്തുമെന്ന് ശരദ് യാദവ്
ന്യൂഡല്‍ഹി/കൊച്ചി: ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ച എല്‍ജെഡി ദേശീയ നേതൃത്വത്തിന്റെ നടപടിയില്‍ വിയോജിച്ച് എല്‍ജെഡി കേരള ഘടകം. ഇരുപാര്‍ട്ടികളുടെയും ദേശീയ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ലയനം സംബന്ധിച്ച് തീരുമാനിച്ചതും ഇന്ന് ലയിച്ചതും. ഡല്‍ഹിയിലെ ശരദ് യാദവിന്റെ വസതിയിലായിരുന്നു ലയന ചടങ്ങ്. എംവി ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള കേരള ഘടകം പക്ഷേ, ഇതിനോട് യോജിച്ചിട്ടില്ല. കേരള ഘടകവുമായി ചര്‍ച്ച നടത്തുമെന്നാണ് ശരദ് യാദവ് പ്രതികരിച്ചത്. കേരള ഘടകം പിരിച്ചുവിടുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് ജാവേദ് റജ പറഞ്ഞു.
അതേസമയം, പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ശരദ് യാദവ് ലയനം പ്രഖ്യാപിച്ചതെന്ന് കേരള ഘടകം ആരോപിക്കുന്നു. ഏകപക്ഷീയമായ തീരുമാനത്തോട് യോജിക്കാനാകില്ല. പാര്‍ട്ടി അതേ പേരിലും ചിഹ്നത്തിലും കേരളത്തില്‍ തുടരും. പാര്‍ട്ടിയുടെ ഭരണഘടന പറയുന്നത്, ഇത്തരം കാര്യങ്ങള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ദേശീയ സമിതി അംഗീകരിക്കണം എന്നാണ്. അംഗീകരിച്ച് പ്രമേയം പാസാക്കിയാലേ അന്തിമ തീരുമാനമാകൂ. ദേശീയ സമിതി യോഗം ചേര്‍ന്നിട്ടില്ല. അതിനാല്‍ ലയനവുമായി യോജിക്കാനാകില്ലെന്നാണ് എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചത്.

കേരള ഘടകം വൈകാതെ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും. എല്‍ജെഡിയും ജെഡിഎസും തമ്മില്‍ ലയിക്കണമെന്ന് നേരത്തെ സിപിഎം നിര്‍ദേശം വച്ചിരുന്നു. ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും തീരുമാനമായില്ല. അതിനിടെയാണ് ദേശീയ നേതൃത്വം ആര്‍ജെഡിയുമായി ലയിച്ചിരിക്കുന്നത്. ബിഹാറിലെ രാഷ്ട്രീയം മാത്രം മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് പറയപ്പെടുന്നു. ശരദ് യാദവിന് ആര്‍ജെഡി രാജ്യസഭാ സീറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ജൂണിലാണ് ബിഹാറില്‍ രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നത്.
2018ല്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ലോക്താന്ത്രിക് ജനതാദളിന് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചിട്ടില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശരദ് യാദവ് മധേപുര മണ്ഡലത്തില്‍ ആര്‍ജെഡി ടിക്കറ്റിലാണ് മല്‍സരിച്ചത്. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശരദ് യാദവിന്റെ മകള്‍ സുഹാസിനി കോണ്‍ഗ്രസ് ടിക്കറ്റിലാണ് മല്‍സരിച്ചത്. രണ്ടുപേര്‍ക്കും തോല്‍വിയായിരുന്നു ഫലം. ജനതാദള്‍ തിളങ്ങി നിന്ന കാലത്ത് ഒറ്റക്കെട്ടായിരുന്നു ലാലു പ്രസാദ് യാദവും ശരദ് യാദവും നിതീഷ് കുമാറുമെല്ലാം. പിന്നീട് ലാലു പ്രസാദ് ആര്‍ജെഡി രൂപീകരിച്ചു. നിതീഷ് കുമാറും ശരദ് യാദവും ഒന്നിച്ചു നിന്നു. പിന്നീട് നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നപ്പോള്‍ ശരദ് യാദവ് തനിച്ചായി. എന്നാല്‍ 25 വര്‍ഷത്തിന് ശേഷം ലാലുവും ശരദ് യാദവും ഒന്നിച്ചിരിക്കുകയാണിപ്പോള്‍.












Click it and Unblock the Notifications