എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്‌നേഹക്കാഴ്ച
മഞ്ചേരി: തെരഞ്ഞെടുപ്പ് ഗോദയില്‍ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചൂടേറുമ്പോഴും, ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് മഞ്ചേരി. മഞ്ചേരി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി.എം മുസ്തഫയ്ക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വേദിയിലൊരിടം നല്‍കി മഞ്ചേരിയുടെ സിറ്റിങ് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. യു.എ ലത്തീഫ് രാഷ്ട്രീയ മാന്യതയുടെ പുത്തന്‍ മാതൃകയായി.
മഞ്ചേരി വുമണ്‍സ് കോളേജിലാണ് ഹൃദ്യമായ ഈ സ്‌നേഹക്കാഴ്ച അരങ്ങേറിയത്. കോളേജിലെ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സ്ഥലം എം.എല്‍.എ യു.എ ലത്തീഫ്. വേദിയില്‍ അധ്യക്ഷനും മറ്റു വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു. എം.എല്‍.എ സമ്മാനദാനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വോട്ടഭ്യര്‍ഥനയുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുസ്തഫ അവിടേക്ക് കടന്നുവരുന്നത്.
മത്സരരംഗത്തുള്ള എതിര്‍ചേരിയിലെ സ്ഥാനാര്‍ഥിയാണെന്നതൊന്നും നോക്കാതെ യു.എ ലത്തീഫ് അദ്ദേഹത്തെ നിറഞ്ഞ സ്‌നേഹത്തോടെ വേദിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന്, സദസ്സിലിരുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റു കാണികള്‍ക്കും വി.എം മുസ്തഫയെ അദ്ദേഹം നേരിട്ട് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

'നമ്മുടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എം മുസ്തഫ വന്നിട്ടുണ്ട്, അദ്ദേഹത്തിന് നിങ്ങളോട് വോട്ട് അഭ്യര്‍ഥിക്കാനായി ഞാന്‍ ഈ അവസരം നല്‍കുന്നു' എന്ന മുഖവുരയോടെ എം.എല്‍.എ അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നിമിഷങ്ങളിലൊന്നായി മാറി.
കൗതുകത്തോടെയും അതിലേറെ സന്തോഷത്തോടെയുമാണ് സദസ്സ് ഈ സൗഹൃദ നിമിഷങ്ങളെ നോക്കിക്കണ്ടത്. രാഷ്ട്രീയമെന്നത് ശത്രുതയല്ലെന്നും, അത് പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ജനാധിപത്യ പ്രക്രിയയാണെന്നും തെളിയിക്കുന്ന ഈ കാഴ്ച, ജനാധിപത്യത്തിന്റെ സൗന്ദര്യം എുത്തു കാണിക്കുന്നതായി.












Click it and Unblock the Notifications