
'കമ്യൂണിസ്റ്റുകാർ രാജ്യസ്‌നേഹികള്‍, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവര്‍'; ജലീലിനെ തള്ളി ഇപി ജയരാജൻ
കമ്യൂണിസ്റ്റുകാർ രാജ്യസ്‌നേഹികളാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവരാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. പാർട്ടിയുടെ നയം മനസ്സിലാക്കിയിട്ടുള്ള ആരും ഈ നിലപാടിൽ നിന്നും വ്യതിചലിക്കില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. കെ.ടി ജലീലിന്റെ ആസാദ് കശ്മിർ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കമ്യൂണിസ്റ്റ് പ്രവർത്തകർ ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയവരാണെന്നും ഒരേ ഒരു ഇന്ത്യ എന്നായിരുന്നു അവരുടെ സ്വപ്‌നമെന്നും ഇ.പി ചൂണ്ടിക്കാട്ടി. ഇന്ത്യ വിഭജനം ദുഃഖകരമായിരുന്നുവെന്നും ഒരു ഇന്ത്യ ഒരു ജനത എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വർഗ പ്രസ്ഥാനം രൂപപ്പെടുത്തിയ പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉള്ളവർക്ക് അഖിലേന്ത്യാ സെക്രട്ടറിയോട് ചോദിക്കാമെന്നും ഇ.പി വ്യക്തമാക്കി.

അതേസമയം, തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെറുതെ വിട്ടെന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും നരസിംഹറാവുവിന്റെ കാലത്ത് ഈ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. ഗൂഢാലോചന കേസ് അന്വേഷിക്കണമെന്ന തന്റെ ആവിശ്യം കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുധാകരനാണ് കേസിന്റെ വിചാരണക്ക് തടസവാദം ഉന്നയിച്ചതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

അതിൽ അന്വേഷണം വേണമെന്നാണ് സർക്കാർ ആവിശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം കെ.ടി. ജലീലിന്റെ കശ്മീർ പരാമർശം തള്ളി മന്ത്രി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ജലീലിന്റെ പ്രസ്താവന സി.പി.എം നിലപാടല്ലെന്നും അത്തരം പ്രസ്താവനകൾ പാർട്ടി നടത്താറില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇന്ത്യയെ കുറിച്ചും കശ്മീരിനെ കുറിച്ചും സി.പി.എമ്മിന് വ്യക്തമായ നിലപാടുണ്ട്.

അല്ലാതെ വരുന്നതൊന്നും പാർട്ടി നിലപാടല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്ന പദപ്രയോഗങ്ങൾ എന്തടിസ്ഥാനത്തിലാണ് നടത്തിയതെന്ന് കെ.ടി ജലീലിനോട് തന്നെ ചോദിക്കണമെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കെ.ടി. ജലീലിന്റെ വിവാദ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു.

പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ജലീലിന്റെ ലേഖനത്തിലുള്ളത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.
സൂപ്പര്‍ ക്യൂട്ട് ലുക്കില്‍ താര പുത്രി...മാളവിക ജയറാമിന്റെ പുത്തൻ ചിത്രങ്ങളും ഹിറ്റ്..