'എൽഡിഎഫ് സർക്കാർ വാഗ്‌ദാനങ്ങൾ ഒന്നും പാലിച്ചില്ല'; വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് എംപി ശശി തരൂർ. യുഡിഎഫ് സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ നിലവിലെ എൽഡിഎഫ് സർക്കാർ പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ തരൂർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി. തുറമുഖ പദ്ധതിയെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണ് താനെന്നും തരൂർ നിലപാട് വ്യക്തമാക്കി.
നഷ്‌ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ പുരോഗതി ഇല്ലെന്നും തിരുവനന്തപുരം എംപി പറഞ്ഞു. 'ഈ പ്രശ്‌നങ്ങൾ തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായി സർക്കാർ പരിഹരിക്കണം, തീരദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം' എന്നായിരുന്നു തരൂരിന്റെ വാക്കുകൾ.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിലെ ട്രയൽ റൺ പരിപാടിയിൽ പ്രതിപക്ഷത്തിന്റെ ക്ഷണിക്കാതിരുന്നതിൽ വിഡി സതീശനും എംഎം ഹസനും എതിർപ്പ് ഉന്നയിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് തരൂർ ചടങ്ങിൽ പങ്കെടുക്കുന്നത് അനുചിതമാണെന്ന നിലപാടറിയിച്ചത്.
പ്രതിപക്ഷത്തെ വിളിച്ചാൽ ക്രെഡിറ്റ് കൊടുക്കേണ്ടി വരുമെന്ന് സർക്കാർ ഭയക്കുന്നുവെന്നും, യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യത ഇല്ലാത്ത നടപടിയാണ്. പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി ഇന്ന് അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സുധാകരന്‍ ആഞ്ഞടിച്ചു.
വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം. പദ്ധതി ഇത്രയും പൂർത്തിയായതിൽ സന്തോഷമുണ്ട്. അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഉമ്മൻചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പരിപാടിക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസനും ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലം എംപി ശശി തരൂരിനെയും ക്ഷണിക്കേണ്ടതായിരുന്നെന്നും എന്നാൽ ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഹസൻ വ്യക്തമാക്കി. പ്രതിഷേധ സൂചകമായി നാളെ യുഡിഎഫ് ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications