മാണിയെ തള്ളണോ കൊള്ളണോ.. തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ട് സീതാറാം യെച്ചൂരി
തിരുവനന്തപുരം: കെ എം മാണിയും കേരള കോണ്‍ഗ്രസും ഏത് മുന്നണിയിലേക്കാണ് എന്നതാണ് കേരള രാഷ്ട്രീയം ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്നത്. മുന്നണികളിലേക്ക് ഇല്ലെങ്കില്‍ കൂടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ വേണമെന്ന് ഇടത് മുന്നണിയടക്കം ആഗ്രഹിക്കുന്നുണ്ട്. ഒരു ഭാഗത്ത് മാണിയുടെ പിന്തുണയ്ക്ക് വേണ്ടി ബിജെപിയും നീക്കം നടത്തുന്നു. ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മാണിയെ കണ്ട് പിന്തുണ തേടിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ ആര്‍ക്കൊപ്പമെന്ന് മാണി ഇതുവരെ മനസ്സ് തുറന്നിട്ടുമില്ല. മാണിയുടെ പിന്തുണ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ വന്‍ തര്‍ക്കവും നടക്കുന്നു. അതിനിടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മാണി വിഷയത്തില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ തലയില്‍ വെച്ചൊഴിഞ്ഞിരിക്കുകയാണ് സിപിഎം കേന്ദ്ര നേതൃത്വം. കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ ഇടത് മുന്നണി നേതൃത്വം തീരുമാനമെടുക്കും എന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്. മാണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനത്തെ സിപിഎം-സിപിഐ നേതൃത്വം ചര്‍ച്ച നടത്തുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. മാണി വിഷയം സംസ്ഥാനത്തിന് അകത്തേത് ആയത് കൊണ്ട് കേന്ദ്ര നേതൃത്വത്തിന് വലിയ പങ്കില്ല. ഉചിതമായ തീരുമാനം സംസ്ഥാനത്തെ ഇടത് മുന്നണി കൈക്കൊള്ളുന്നതാണ് ഉചിതമെന്നും യെച്ചൂരി വ്യക്തമാക്കി. മാണിയുടെ സഹകരണം വേണ്ടെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുന്നതാണ് വിഷയം സങ്കീർണ്ണമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications