ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. രണ്ട് മാസത്തെ ജാമ്യമാണ് അനുവദിച്ചത്. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും, ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇഡി ശക്തമായി എതിർത്തിരുന്നു.
ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ശിവശങ്കർ സുപ്രീം കോടതിയെ സമീപിച്ചത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി.നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് വ്യക്തമാക്കുന്ന എറണാകുളം മെഡിക്കൽ കോളേജ് നൽകിയ റിപ്പോർട്ടും അദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

ജാമ്യ കാലയളവിൽ ശിവശങ്കർ വീടും ആശുപത്രിയിലും ആശുപത്രിക്ക് സമീപമുള്ള സ്ഥലങ്ങളിലും ഒഴികെ മറ്റൊരിടത്തേക്കും പോകരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ജാമ്യ കാലയളവിൽ സാക്ഷികളെ സ്വാധീനിക്കാനോ അന്വേഷണത്തെ വഴിതിരിച്ചുവിടാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ പുറത്തുവിടണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ വേണമെന്ന ശിവശങ്കറിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നും എന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ ചികിത്സ നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലഭിക്കുന്ന ഇടക്കാല ജാമ്യം സ്ഥിര ജാമ്യം ആകുമെന്ന ആശങ്കയും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം വേണ്ടി വരുമെന്ന ശിവശങ്കറിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് കേസ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴിയാണ് കേസിൽ ശിവശങ്കറിനെ കുടുക്കിയത്. ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്ന ഇഡിക്ക് നൽകിയ മൊഴി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു സ്വപ്നയുടെ അക്കൗണ്ടിൽ നിന്നും ഈ പണം ഇഡി കണ്ടെത്തിയത്. എന്നാൽ സ്വപ്നയുടെ മൊഴി ശിവശങ്കർ നിഷേധിച്ചിരുന്നു.












Click it and Unblock the Notifications