'30ഓളം പേര്‍ ചുറ്റുംകൂടി,ബഹളം വെച്ചു, ഭീഷണിപ്പെടുത്തി;സിപിഎം കയ്യേറ്റം ചെയ്തെന്ന് ജ്യോതി വിജയകുമാർ
തിരുവനന്തപുരം; പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ തന്നെ സിപിഎം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ആരോപിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതി വിജയകുമാര്‍. തെരഞ്ഞെടുപ്പിന് തലേന്ന് പഞ്ചായത്തിലെ ഒരു പ്രദേശത്ത് എത്തിയ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടമെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ജ്യോതി പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ കുറിപ്പും അവർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് വായിക്കാം

സിപിഎമ്മിൽ നിന്ന്
1996 -ൽ കോളേജിൽ ഇലക്ഷന് നിന്ന സമയം ചെറിയ അളവിൽ എസ്എഫ്ഐയിൽ നിന്ന് നേരിടേണ്ടി വന്നതൊഴിച്ചാൽ സിപിഎം ന്റെ അസഹിഷ്ണുതയും ആക്രമണോൽസുകതയും അസത്യപ്രചരണവും നേരിട്ടനുഭവിച്ച ദിവസമായിരുന്നു ഇന്നലെ. അത് കുറിയിട്ടതിന്റെ പേരിൽ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ആർ എസ് എസ്-കാരനാണെന്നു പറഞ്ഞു പ്രചരിപ്പിച്ചു വർഗീയമായി ജനങ്ങളെ വിഭജിച്ചു വോട്ടുകൾ നേടി വിജയിച്ച, തെരഞ്ഞെടുപ്പ് ദിവസം നടന്ന കെവിൻ കൊലപാതകം ആളുകളിലെത്താതിരികാകൻ വേണ്ടി നിയോജകമണ്ഡലത്തിലെ കേബിൾ കണക്ഷനെല്ലാം കട്ട് ചെയ്ത ചെങ്ങന്നൂരിലായതു യാദൃശ്ചികതയുമല്ല.

പഞ്ചായത്തിൽ എത്തിയത്
പുറത്തുള്ള പൊതുപരിപാടികൾ അവസാനിച്ച ശേഷം തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ദിവസങ്ങളായ ഇന്നലെയും മിനിഞ്ഞാന്നും താമസിക്കുന്ന പഞ്ചായത്തിലെ മിക്കവാറും എല്ലാ വാർഡുകളിലെയും സ്ഥാനാർത്ഥികൾക്കൊപ്പം വീട് കയറുകയായിരുന്നു. ദൂരേക്കുള്ള യാത്രകളിൽ സംഘാടകർ വന്നു കൂട്ടിക്കൊണ്ടുപോകുന്നതൊഴിച്ചാൽ മിക്കവാറും എല്ലായിടങ്ങളിലും രാത്രിയും പകലും ഒറ്റയ്ക്കാണ് വണ്ടിയോടിച്ചു പോകുന്നത്. ഇന്നലെ വൈകുന്നേരം ഏകദേശം ഏഴരയ്ക്ക് ദിവസം മുഴുവൻ വീട് കയറിയ ശേഷം അടുത്തുള്ള വാർഡിലെ സ്ഥാനാർഥി ആവശ്യപ്പെട്ടതനുസരിച്ചാണ് കുറച്ചടുത്തുള്ള സ്വന്തം പഞ്ചായത്തിലെ ഒരു പ്രദേശത്തെത്തിയത്.

തിരിച്ച് മടങ്ങാൻ
അവിടെയുള്ള കോളനിക്കുള്ളിലേക്കു വണ്ടി ഏതാനും മീറ്ററുകൾ കയറിയപ്പോഴേക്കും അവിടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ വന്ന് ഇറങ്ങേണ്ട, തിരിച്ചു പൊയ്ക്കോളൂ, സ്ഥാനാർഥി വന്നു കയറാതെ പോയി എന്ന് പറഞ്ഞു. വണ്ടിയിൽ നിന്നിറങ്ങാതെ കാര്യം എന്താണ് എന്ന് അന്വേഷിച്ചപ്പോൾ ആ പ്രദേശത്തുള്ള സിപിഎം പ്രവർത്തകർ ഇറങ്ങാൻ സമ്മതിക്കില്ല, അവിടെ കയറാൻ പറ്റില്ല എന്ന് പറഞ്ഞു.അവസാനഘട്ടതെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി അവിടെ എത്തിയത് ചട്ടലംഘനമല്ല എന്നറിയാമായിരുന്നെങ്കിലും അറിയാത്ത എന്തെങ്കിലും നിബന്ധന ഉണ്ടോ എന്നുറപ്പില്ലാതിരുന്നതിനാൽ വണ്ടി തിരിച്ചു മടങ്ങാൻ തുടങ്ങി.

ബഹളം വെയ്ക്കുകയും ഫോട്ടോ എടുക്കുകയും
അപ്പോഴാണ് ആ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ (പിന്നീട് അന്വേഷിച്ചു മനസ്സിലാക്കിയതനുസരിച്ചു )ഞങ്ങൾ പാർട്ടിക്കാരാണെന്നു പറഞ്ഞു മുപ്പതോളം പേര് വണ്ടിക്കു ചുറ്റും കൂടുകയും ബഹളം വയ്ക്കുകയും ചിലർ ഫോട്ടോയും വീഡിയോയും എടുത്തു കോൺഗ്രസിന്റെ സെക്രട്ടറി കാശുമായി വന്നതാണെന്നും അവിടെത്തിയ വീഡിയോ അങ്ങനെ പറഞ്ഞു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിയുടെ സ്വരത്തിൽ പറയുകയും ചെയ്തത്. . സഹിക്കാൻ പറ്റുന്നതിനപ്പുറത്തായിരുന്നു ആ ആരോപണം.
അപ്പോൾ വണ്ടിയിൽ നിന്നിറങ്ങി നിന്ന് അവിടെ വന്നത് ചട്ടലംഘനമാണെങ്കിൽ പരാതി കൊടുത്തോളു എന്നും അതിന്റെ ശിക്ഷ നേരിട്ടോളം എന്നും അവരോടു പോലീസിനെ വിളിച്ചു വണ്ടി സെർച്ച് ചെയ്യിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അത് ചെയ്യാതെ, അടിസ്ഥാനപരമായ ആരോപണം പിൻവലിക്കാതെ അവിടുന്ന് മടങ്ങുകയില്ലെന്നു പറഞ്ഞു.

ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു
അപ്പോഴേക്കും ആളുകൾ കൂടുകയും ആറേഴു മൊബൈൽ ഫോണുകളിലായി ചുറ്റും നിന്ന് വീഡിയോ റെക്കോർഡിങ് നടത്തുകയുമായിരുന്നു.
ആക്രമണോല്സുകതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ ഒരു കൂട്ടം ആളുകളെ ഒറ്റയ്ക്ക് നിന്നെതിർക്കുക അത്ര സുഖകരമായ ഒരനുഭവമായിരുന്നില്ല; ഞങ്ങൾ പോകാൻ പറഞ്ഞിട്ടും വണ്ടിയിൽ നിന്നിറങ്ങിയ, തന്റേടിയായ, ആണുങ്ങൾ പറയുന്നത് കേൾക്കാത്ത സ്ത്രീ എന്നതുൾപ്പെടെ കുറെ അധിക്ഷേപം കൂടി കേട്ടപ്പോൾ. ഇപ്പോഴും ആ അനുഭവമേല്പിച്ച അസ്വസ്ഥത മനസ്സിലുണ്ട്. അല്പം ഉറക്കെത്തന്നെ ശക്‌തമായി തിരിച്ചു സംസാരിച്ചു, മാന്യമായിത്തന്നെ. അനുവാദമില്ലാതെ എടുത്ത ഫോട്ടോസ്, വീഡിയോസ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു..

കൃത്യമായ ഉത്തരം തന്നെ കിട്ടി
സത്യമല്ലാത്ത ആരോപണം പിൻവലിക്കണമെന്നാവശ്യപ്പെട്ടു..ചെയ്തില്ല..അപ്പോഴേക്കും എന്റെ ശാരീരികമായ സുരക്ഷ അപകടത്തിലാകും എന്ന ആശങ്ക കൊണ്ടും തെരെഞ്ഞെടുപ്പ് തലേന്ന് അതൊരു വലിയ പ്രശ്നമായി മാറും എന്നതുകൊണ്ടും കോൺഗ്രസ് പ്രവർത്തകർ മടങ്ങാനാവശ്യപ്പെട്ടു, നിർബന്ധപൂർവം.. അവസാനം ഏകദേശം അര മണിക്കൂറിനു ശേഷം അതേ വണ്ടിയിൽ മടങ്ങി.
വീട്ടിലെത്തി, ഇന്നലെ രാത്രിയും ഇന്നുമായി ലഭ്യമായ എല്ലാ സോഴ്സുകളിലും അന്വേഷിച്ചു പാർട്ടിയുടെ ഔദ്യോഗിക ചുമതലയുള്ള ഒരു വ്യക്തിയെന്ന നിലയിൽ അവിടെ പോയതിൽ ഏതെങ്കിലും ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നുറപ്പാക്കി. ഇല്ല എന്ന കൃത്യമായ ഉത്തരം തന്നെ കിട്ടി.

ചട്ടലംഘനം നടന്നിട്ടില്ല
അതിനു ശേഷം, ഇന്ന് വൈകിട്ട്, ഒറ്റയ്ക്ക് വന്ന ഒരു വ്യക്തിയെ തടഞ്ഞു വച്ചതിനും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും അധിഷേപിച്ചതിനും അനാവശ്യ ആരോപണം ഉന്നയിച്ചതിനും അനുവാദമില്ലാതെ ഫോട്ടോ, വീഡിയോ എടുത്തത്തിനും അവ നവമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയതിനും ഇന്ത്യൻ ശിക്ഷാ നിയമം, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, എന്നിവയ്ക്ക് കീഴിലുള്ള വകുപ്പുകൾ അനുസരിച്ചു അന്വേഷണം നടത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർക്കു നേരിട്ടെത്തി പരാതി നൽകി. ചട്ടലംഘനം നടന്നിട്ടില്ല എന്നത് പോലീസിൽ നിന്നും ഒരിക്കൽ കൂടി ഉറപ്പു വരുത്തി...നാളെ തുടർനടപടികളുമായി മുൻപോട്ടു പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഭയപ്പെടില്ല, ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങില്ല
ഇത് ജനാധിപത്യ സമൂഹമാണ്. ഇവിടെ ഓരോ വ്യക്തിക്കും അവനവന്റെ ശരികളനുസരിച്ചു ജീവിക്കാനും രാഷ്ട്രീയപ്രവർത്തനം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. സുതാര്യമായ, ആശയാധിഷ്ഠിതമായ, പ്രതിപക്ഷബഹുമാനവും സത്യസന്ധതയുമുള്ള രാഷ്ട്രീയപ്രവർത്തനത്തിലാണ് വിശ്വസിക്കുന്നത്. മറിച്ചുള്ള; അസഹിഷ്ണുതയുടെ, അസത്യപ്രചരണത്തിന്റെ ഒരു രാഷ്ട്രീയ സംസ്കാരത്തെ ആരിൽ നിന്നായാലും അംഗീകരിക്കാനാവില്ല. ഭയപ്പെടുത്താൻ, ഭീഷണിപ്പെടുത്താൻ, ഏതു രാഷ്ട്രീയപ്രസ്ഥാനം ശ്രമിച്ചാലും, അത് ആർഎസ്എസ് - ബിജെപി ആയാലും സിപിഎം ആയാലും ഭയപ്പെടില്ല, ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങില്ല...
കഴിഞ്ഞ വർഷം ആർഎസ്എസുമായി ബന്ധപ്പെട്ടു പുലിയൂർ ക്ഷേത്രത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചു ഫേസ്ബുക്കിൽ എഴുതിയതിനു ശേഷമുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പറയട്ടെ:
ഈ പോസ്റ്റിന്റെ പേരിൽ സൈബർ ആക്രമണവും അധിക്ഷേപവും നടന്നാൽ അത് ചെയ്യുന്ന ഓരോ വ്യക്തിക്കെതിരെയും കൃത്യമായ നിയമനടപടികളുമായി മുൻപോട്ടു പോകും..

പ്രത്യേകിച്ചും സ്ത്രീയായതു കൊണ്ട്
നിലനിൽക്കുന്നത് ധൈര്യത്തോടെ, സ്വന്തം ബോധ്യങ്ങളനുസരിച്ചു ഉത്തരവാദിത്വങ്ങളോട് കഴിയുന്നത്ര നീതി പുലർത്തി ജീവിക്കാനാണ്; വ്യക്തി ജീവിതമായാലും ഔദ്യോഗിക ജീവിതമായാലും രാഷ്ട്രീയപ്രവർത്തനമായാലും..ആരെയും ഭയപ്പെട്ടു, പേടിച്ചു, സമ്മർദ്ദങ്ങൾക്ക് വഴങ്ങി, അനീതിയോടും അസഹിഷ്ണുതയോടും അനുരഞ്ജനപ്പെട്ടു ജീവിക്കാനല്ല; പ്രത്യേകിച്ചും സ്ത്രീയായതു കൊണ്ട്...












Click it and Unblock the Notifications