കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധനം: മലപ്പുറം ജില്ലയിലെ ബോട്ടുകളും കരയ്ക്കണഞ്ഞു, തൊഴിലാളികളെ കാത്തിരിക്കുന്നത്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ട്രോളിംഗ് നിരോധനം നാളെ ആരംഭിക്കാനിരിക്കെ ജില്ലയിലെ ബോട്ടുകള്‍ ഇന്നലെ വൈകിട്ടോടെ കരക്കണഞ്ഞു. നാളെ മുതലാണ് ട്രോളിംഗ് നിരോധനത്തിന് തുടക്കമാവുക. എന്നാല്‍ ഇന്ന് സാധാരണ ഗതിയില്‍ മത്സ്യ ബന്ധന യാനങ്ങള്‍ കടലില്‍ പോകാറില്ല. ഇതിനാല്‍ ട്രോളിംഗ് നിരോധനത്തിന് ഒരു ദിവസം മുമ്പ് തന്നെ ബോട്ടുകള്‍ കരക്കടുപ്പിച്ചു.

മാസങ്ങളായി കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ഒട്ടുമിക്ക ബോട്ടുകളും കടലില്‍ പോയിട്ടില്ല. ഇതോടെ മല്‍സ്യങ്ങളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലായത്. ഇതോടൊപ്പം 53ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിംഗ് നിരോധനം കൂടിയാവുമ്പോള്‍ തീരത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയാകും. ഈ മാസം ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന ട്രോളിംഗിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് പോകുന്ന സംസ്ഥാനത്തെ പതിനായിരത്തോളം ബോട്ടുകളുടെ എഞ്ചിന്‍ നിലക്കുമ്പോള്‍ മീന്‍ പിടുത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളം തെറ്റും.

trolling

ഒമ്പതിന് അര്‍ധരാത്രി മുതലുള്ള 53 ദിവസം മല്‍സ്യത്തൊഴിലാളികള്‍ക്ക് പട്ടിണിക്കാലമാണ്. മുന്‍വര്‍ഷങ്ങളില്‍ 47 ദിവസമാണ് ട്രോളിംഗ് കാലയളവെങ്കില്‍ ഇത്തവണ കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 53 ദിവസമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അവസാനവട്ട പണിയും ഇത്തവണ ചതിച്ചുവെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആഴക്കടലില്‍ ശക്തമായ കാറ്റും കോളുമായതിനാല്‍ ബോട്ടുകാര്‍ക്ക് കാര്യമായൊന്നും കിട്ടിയില്ല. നിരാശയോടെയാണ് മീന്‍പിടുത്തക്കാര്‍ മടങ്ങിയെത്തിയത്. മണ്‍സൂണ്‍ ആരംഭിച്ചാല്‍ പൊതുവെ നല്ല പണിയുണ്ടാകാറുണ്ട്. ഇത്തവണ മീന്‍ കിട്ടിയതേയില്ല. ഡീസല്‍ ചെലവു പോലും ലഭിക്കാതെയാണ് മിക്ക ബോട്ടുകളും തിരിച്ചെത്തിയത്.

കടല്‍ക്കാറ്റും ശക്തമായതിനാല്‍ മിക്ക ബോട്ടുകളും വേഗത്തില്‍ തിരമണയുകയാണ്. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കാണ് സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖത്ത്. കരയ്‌ക്കെത്തിയ ബോട്ടുകാര്‍ വല, ജി.പി.എസ് , എക്കോ സൗണ്ട്, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചെടുത്ത് സുരക്ഷിതമാക്കുകയാണ്. ബേപ്പൂരിലും പൊന്നാനിയിലും കടലില്‍ പോകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ ഏറെ പേരും തമിഴ്‌നാട്ടുകാരും ബംഗാളികളുമാണ്. ഇവര്‍ ഒന്നിച്ച് നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. മത്സ്യമേഖലയില്‍ എക്കാലത്തെയും മോശമായ സീസണാണ് കടന്നു പോയത്. വെറും കൈയോടെ മടങ്ങിയെത്തിയ ദിനങ്ങള്‍ ഏറെയുണ്ടായി. ബോട്ടുടമകളെ കടക്കെണിയിലേക്കും തൊഴിലാളികളെ പട്ടിണിയിലേക്കും തള്ളിവിട്ട സീസണായിരുന്നു ഇത്തവണ. 53 ദിവസത്തെ നിരോധനത്തിന് പകരം മല്‍സ്യം പിടിക്കുന്നതിന് നിയന്ത്രണമാണ് വേണ്ടതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മീന്‍പിടുത്ത നിരോധനം മൂലം പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലമരുമ്പോള്‍ വിദേശ കപ്പലുകള്‍ യഥേഷ്ടം മീന്‍ പിടിക്കുകയാണ്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ട്രോളിംഗ് നിരോധന കാലയളവില്‍ സംസ്ഥാന അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈല്‍വരെ പരമ്പരാഗത വള്ളക്കാര്‍ക്ക് മത്സ്യബന്ധനം അനുവദിക്കും. ഇവര്‍ എത്തിക്കുന്ന മത്സ്യമാകും ഇനിയുള്ള നാളുകളില്‍ വിപണിയിലെത്തുക. ട്രോളിംഗ് നിരോധനം ലംഘിക്കുന്നത് തടയാന്‍ ഫിഷറീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. ഒമ്പതിന് അര്‍ധരാത്രി മുതല്‍ ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കടല്‍ പെടോളിംഗ് തുടങ്ങുമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.

English summary
Local news malappuram-Trolling ban in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X