'കാമറുണിന്റെ 'അവതാർ' വല്ലതുമാണോ ചെയറിന് റേറ്റ് വെയ്ക്കാൻ'; പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: അമേരിക്കയില്‍ ലോക കേരള സഭ സമ്മേളത്തിന് താരനിശ മാതൃകയിൽ പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി യൂത്ത് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ചൂണ്ടിക്കാട്ടിയാണ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലും കെ എസ് ശബരീനാഥനും പിണറായിക്കെതിരെ രംഗത്തെത്തിയത്. ഉമ്മൻചാണ്ടിക്കൊപ്പം ഇരിക്കാൻ ലക്ഷങ്ങളും പാസുമൊന്നും വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം ആൾക്കൂട്ടത്തിൽ ജീവിച്ച മനുഷ്യനാണെന്നും നേതാക്കൾ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
'ഇത് പഴയ ഒരു മുഖ്യമന്ത്രിയാണ്.ഇദ്ദേഹത്തോടൊപ്പം ഒന്നിരിക്കാൻ,ഒന്ന് സംസാരിക്കാൻ, ഒന്ന് വിഷമം പറയാൻ 82 ലക്ഷവും ഗോൾഡ്,സിൽവർ,ബ്രോൻസ് പാസ്സും ഒന്നും ആവശ്യമില്ലായിരുന്നു. ഇന്നത്തെ കാര്യങ്ങൾ കാണുമ്പോൾ ഓർമ്മവരുന്നത് Megalomania എന്ന് ഇംഗ്ലീഷ് വാക്കാണ്. "Obsession with the exercise of power" എന്നാണ് അർഥം. "മറ്റുള്ളവരുടെമേൽ അധികാരം അടിച്ചേൽപ്പിക്കുന്നതിനുള്ള അമിതമായ ആസക്തി" എന്ന് മൊഴിമാറ്റാം.
ഇതാണ് ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്'-ശബരീനാഥൻ കുറിച്ചു.

'ഉമ്മൻ ചാണ്ടി സാറിന്റെ കാർ യാത്രയെ പറ്റി സാധാരണ പറയാറുണ്ട് ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും. ആ മനുഷ്യൻ അങ്ങനെയാണ് ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്. അപ്പോഴാണ് ചില അല്പന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്.. ഇതെന്താ ജെയിംസ് കാമറുണിന്റെ 'അവതാർ' വല്ലതുമാണോ ചെയറിന് അനുസരിച്ച് റേറ്റ് വെക്കാൻ', രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിൽ പറഞ്ഞു.
ജൂണ്‍ 9, 10, 11 തീയതികളിലായി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ 25,000 മുതല്‍ 1,00,000 അമേരിക്കന്‍ ഡോളര്‍ വരെയാണ് ഈടാക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേരില്‍ ഒരു തരത്തിലുമുള്ള പിരിവും നടക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം മൂന്ന് ദിവസത്തെ കോണ്‍ഫെറന്‍സിന്റെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് പണം സ്വരൂപിക്കുന്നുണ്ടാകാമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications