യുഡിഎഫ് വിജയം ആവർത്തിക്കുമോ? ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആര്?; മനോരമ ന്യൂസ് സർവ്വെ ഫലം ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ കൂറ്റൻ വിജയം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ്. ഇത്തവണ 20 ൽ 20 ഉം നേടുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയാൻ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കൊനുഗലുവിനെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥി നിർണയമടക്കമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക സർവ്വെകളും നടക്കുന്നുണ്ട്.
മറുവശത്ത് എൽ ഡി എഫ് ആകട്ടെ എന്തുവിലകൊടുത്തും സീറ്റുകൾ തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇത്തവണയും എൽ ഡി എഫിന് സംസ്ഥാനത്ത് നിരാശപ്പെടേണ്ടി വരുമെന്നാണ് മനോരമ ന്യൂസിന്റെ അഭിപ്രായ സർവ്വേയിലെ കണ്ടെത്തൽ. 20 സീറ്റിൽ വെറും 3 ഇടത്ത് മാത്രമാണ് എൽ ഡി എഫിന് സാധ്യത പ്രവചിക്കുന്നത്. യു ഡി എഫ് 17 ഇടത്ത് വിജയിക്കുമെന്നും സർവ്വേയിൽ പറയുന്നു.

യു ഡി എഫിന് കാസർഗോഡ്, വയനാട്, കോഴിക്കോട്, പൊന്നാനി, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം , കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ വ്യക്തമായ മുൻതൂക്കമാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇതിൽ ആലപ്പുഴ മാത്രമായിരുന്നു എൽ ഡി എഫിന് ലഭിച്ചത്.
മാവേലിക്കരയിലാണ് ഇക്കുറി എൽ ഡി എഫിന് മുൻതൂക്കം പ്രവചിക്കുന്നത്. പാലക്കാട്, വടകര മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടക്കുമെങ്കിലും എൽ ി എഫിന് സാധ്യത കൽപ്പിക്കുന്നു. അതേസമയം ഇത്തവണ അഞ്ച് മണ്ഡലങ്ങളിൽ കനത്ത പോരാട്ടത്തിന് വഴിയൊരുങ്ങുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. കണ്ണൂർ, ആലത്തൂർ, തൃശൂർ, പത്തനംതിട്ട, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് പോരാട്ടം കടുക്കുക.
ഇതിൽ ആറ്റിങ്ങൽ, തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങൾ ബി ജെ പിയുടെ എ പ്ലസ് കാറ്റഗറി സീറ്റുകളാണ്. തൃശൂരിൽ നടൻ സുരേഷ് ഗോപിയെ ഇറക്കി പ്രവർത്തനം ബി ജെ പി ശക്തമാക്കിയിരുന്നു. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാനാകുമെന്നാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്. ആറ്റിങ്ങലിൽ വി മുരളീധരനായിരിക്കും ബി ജെ പി സ്ഥാനർത്ഥി എന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ടയിൽ പി സി ജോർജിനെയായിരിക്കും ബി ജെ പി മത്സരിപ്പിച്ചേക്കുക.












Click it and Unblock the Notifications