എസ്ഡിപിഐയുടെ ക്ഷീണം മാറിവരുന്നതേയുള്ളൂ... ദേ വെല്‍ഫെയര്‍ പാര്‍ട്ടി; പിഡിപി വേറെ ലെവല്‍
തിരഞ്ഞെടുപ്പ് കാലം സംഭവ ബഹുലമാണ്. നടപ്പിലും ഇരിപ്പിലും സംസാരത്തിലും പ്രത്യേകം ശ്രദ്ധിച്ചെങ്കില്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും വെട്ടിലാകും. വികസനവും ക്ഷേമ പദ്ധതികളുമായിട്ടാണ് എല്ലാ പാര്‍ട്ടികളും തുടക്കത്തില്‍ രംഗം പിടിക്കാന്‍ ശ്രമിച്ചതെങ്കിലും പ്രചാരണം ദിവസങ്ങള്‍ പിന്നിടവെ എല്ലാം തകിടം മറിഞ്ഞു. അപ്രതീക്ഷിത വിഷയങ്ങള്‍ കടന്നുവന്നതോടെ പ്രതികിരിച്ച് നേതാക്കള്‍ കുഴങ്ങി.
പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പായതിനാല്‍ പ്രാദേശിക വിഷയങ്ങള്‍ മുഖ്യഘടകമല്ല എങ്കിലും ഓരോ ചെറിയ കാര്യങ്ങള്‍ പോലും ചര്‍ച്ചയാകുകയാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടാക്കുന്ന പ്രചാരണത്തിലായിരുന്നു യുഡിഎഫിന്റെ ആദ്യ ശ്രദ്ധ. എന്നാല്‍ പൗരത്വ നിയമത്തിന്റെ വിജ്ഞാപനം വന്നതോടെ മുഖ്യമന്ത്രിയും ഇടതുപക്ഷവും പതിവ് പോലെ സ്‌കോര്‍ ചെയ്തു.

എല്‍ഡിഎഫും യുഡിഎഫും കേരള അതിര്‍ത്തി കടന്നാല്‍ ഒറ്റക്കെട്ടാണെന്നും ഇവിടെ തമ്മില്‍ തല്ലുന്നത് നാടകമാണെന്നുമുള്ള പ്രചാരണവുമായിട്ടാണ് ബിജെപി രംഗത്തെത്തിയത്. എന്നാല്‍ കെ സുരേന്ദ്രന്‍ വയനാട്ടിലേക്ക് വന്നതോടെ സുല്‍ത്താന്‍ ബത്തേരിയും ഗണപതിവട്ടവുമെല്ലാം ചര്‍ച്ചകളില്‍ നിറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഈ വേളയില്‍ മറ്റു മുന്നണികള്‍ ചെക്ക് വിളിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണം, ആറ്റിങ്ങലിലെ വോട്ടര്‍ പട്ടിക വിവാദം, പത്തനംതിട്ടയിലെ രാജ്യദ്രോഹ പൊല്ലാപ്, തൃശൂരിലെ കരുവന്നൂര്‍ തട്ടിപ്പ്, സിഎഎ, ഇഡി, വടകരയിലെ സ്‌ഫോടനം, സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തല്‍... തുടങ്ങി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയങ്ങള്‍ പലതായിരുന്നു. വയനാട്ടിലെ ഇന്ത്യ മുന്നണി നേതാക്കളുടെ മല്‍സരവും ചര്‍ച്ചയായി.
ഇതിനിടെയാണ് എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. കേരളത്തില്‍ മല്‍സരിക്കുന്നില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുഡിഎഫിന് വോട്ട് ചെയ്യാനാണ് തീരുമാനിച്ചതെന്നും സംസ്ഥാന അധ്യക്ഷന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. തൊട്ടുപിന്നാലെ ബിജെപിയും സിപിഎമ്മും വാളെടുത്തു. ചര്‍ച്ചകളും ഉപ ചര്‍ച്ചകളുമായി.
എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അത്തരം പാര്‍ട്ടികളുടെ വോട്ട് ആവശ്യമില്ലെന്നും ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അധികം വൈകാതെ പിഡിപി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ചോദ്യത്തിന്, എസ്ഡിപിഐ പോലെ അല്ല പിഡിപി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്നും ചെറുപാര്‍ട്ടികളാണെങ്കിലും ഓരോ വോട്ടും നിര്‍ണായകമാകുന്ന കാലമാണ്. എസ്ഡിപിഐയുടെ വോട്ട് വേണ്ട എന്ന് യുഡിഎഫ് നേതാക്കളെ കൊണ്ട് പറയിപ്പിക്കുന്നതില്‍ സിപിഎമ്മും ബിജെപിയും ഒരുക്കിയ തന്ത്രം വിജയിച്ചു എന്ന് വിലയിരുത്തുന്നവരുണ്ട്. എസ്ഡിപിഐയുടെ സംസ്ഥാന നേതൃത്വം യുഡിഎഫ് നേതാക്കളുടെ പ്രതികരണം ചര്‍ച്ച ചെയ്തിരുന്നു. അന്തിമ തീരുമാനം വൈകാതെ ദേശീയ നേതൃത്വം എടുക്കുമെന്നാണ് അവരുടെ മറുപടി. നിലപാട് മാറ്റത്തിന് സാധ്യത കുറവാണ് എന്നാണ് വിവരം.












Click it and Unblock the Notifications