വടകരയിൽ സിപിഎമ്മിനെ ഇത്തവണയും നിലംതൊടീക്കില്ല, കെ മുരളീധരൻ തന്നെ മത്സരിക്കും; സിപിഎമ്മിൽ നിന്ന് ആര്?
കോഴിക്കോട്: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിന് കളമൊരുങ്ങിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു വടകര. മൂന്നാം അംഗത്തിന് ഇല്ലെന്ന് അന്നത്തെ കെ പി സി സി അധ്യക്ഷനും സിറ്റിങ് എംപിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് അറിയിച്ചതോടെയായിരുന്നു മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. അന്ന് യുഡിഎഫിൽ നിന്നും മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎമ്മിലെ കരുത്തൻ പി ജയരാജനെ തന്നെ പാർട്ടി ഇറക്കി. കോൺഗ്രസിന് വേണ്ടി ആരെന്ന ചോദ്യത്തിനിടെ സ്വയം ദൗത്യമേറ്റെടുത്ത് മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും വണ്ടി കയറി. ഇതോടെ വീരശൂര പോരാളികൾ തമ്മിലുള്ള മത്സരത്തിന് വടകരയിൽ കളമൊരുങ്ങുകയായിരുന്നു.
എന്നാൽ കടുത്ത മത്സരത്തിനൊടുവിൽ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ മുരളീധരൻ യുഡിഎഫിന് വേണ്ടി മണ്ഡലം നിലനിർത്തി. എൽഡിഎഫിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി പി ജയരാജന് 4,42,092 വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണയും മണ്ഡലം നിലനിർത്താൻ കെ മുരളീധരനെ തന്നെയായിരിക്കും കോൺഗ്രസ് മത്സരിപ്പിച്ചേക്കുക എന്നാണ് റിപ്പോർട്ടുകൾ.

നേരത്തേ വടകരയിൽ ഇനി മത്സരിക്കാൻ ഇല്ലെന്ന നിലപാട് മുരളീധരൻ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. നേതൃത്വത്തോടുള്ള അതൃപ്തിയും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എന്നാൽ മുരളീധരൻ മാത്രമല്ല സിറ്റിംഗ് എംപിമാർ എല്ലാവരും ഇക്കുറിയും മത്സരിക്കട്ടെയെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. ഈ സാഹചര്യത്തിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് മുരളീധരൻ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു എന്നാണ് വിവരം. മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുമെന്ന് തുടക്കത്തില്‍ നിലപാട് സ്വീകരിച്ചതിന്റെ കാരണവും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം കെ മുരളീധരൻ ഇറങ്ങിയാൽ സി പി എം ആരെ മത്സരിപ്പിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.പാർട്ടിയുടെ ശക്തി കേന്ദ്രമായ വടകര ഏത് വിധേനയും തിരികെ പിടിക്കണമെന്നതാണ് സിപിഎം ലക്ഷ്യം വെയ്ക്കുന്നത്. തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങള്‍ സിപിഎം ആരംഭിച്ചിട്ടില്ലെങ്കിലും അണികള്‍ക്കിടയില്‍ സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാണ്. യുവ മുഖങ്ങളെ മണ്ഡലത്തിൽ പരീക്ഷിക്കുമോ അതോ മറ്റ് സർപ്രൈസുകൾ പാർട്ടി വടകരയിൽ കാത്ത് വെച്ചിട്ടുണ്ടോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
കെ പി സി സി രാഷ്ട്രീയകാര്യസമിതി യോഗം ചേരും
ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി നാളേയും മറ്റന്നാളുമായി നടക്കും. നാളെ രാഷ്ട്രീയകാര്യ സമിതിയും മറ്റെന്നാള്‍ കെപിസിസി യോഗവുമാണ് ചേരുക. പാർട്ടി പുനഃസംഘടന പൂർത്തിയാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനാണ് നേതൃത്നത്തിന്റെ നീക്കം.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 20 ൽ 19 ഉം നേടാൻ യു ഡി എഫിന് സാധിച്ചിരുന്നു. ഇതേ മുന്നേറ്റം ഇത്തവണയും കാഴ്ച വെയ്ക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻറ് നിർദ്ദേശം. തിരഞ്ഞെടുപ്പിന് തന്ത്രങ്ങൾ മെനയാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിനെ തന്നെ നേതൃത്വം നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications