രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതെന്ന് സിപിഐ; കോണ്‍ഗ്രസ് നോക്കിക്കോളാമെന്ന് സുധാകരന്‍
ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കരുത് എന്ന് സി പി ഐ. സി പി ഐ നിര്‍വാഹക സമിതിയില്‍ രാജ്യസഭ എം പി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായം പങ്ക് വെച്ചത്. രാഹുല്‍ ഗാന്ധി ബി ജെ പിക്കെതിരെ മറ്റെവിടെയെങ്കിലും മത്സരിക്കുകയാണ് വേണ്ടത് എന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ രാഹുലിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതിനേയും സന്തോഷ് കുമാര്‍ വിമര്‍ശിച്ചു. അതേസമയം സി പി ഐയുടെ അഭിപ്രായം കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ തള്ളി. സി പി ഐ നടത്തിയത് മര്യാദയില്ലാത്ത പരാമര്‍ശമാണെന്ന് സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും ഇക്കാര്യം താന്‍ എ ഐ സി സിയുമായി സംസാരിച്ചിട്ടുണ്ട് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ ആണ് തീരുമാനിക്കേണ്ടത് എന്നും സി പി ഐയുടെ നിര്‍ദേശം തള്ളിക്കൊണ്ട് സുധാകരന്‍ വ്യക്തമാക്കി. നേരത്തെ സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയും സമാന നിലപാട് മുന്നോട്ട് വെച്ചിരുന്നു.
സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെയും പരിഗണിക്കണമെന്നായിരുന്നു രാജ പറഞ്ഞിരുന്നത്. ബി ജെ പിയെ തോല്‍പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. കോണ്‍ഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തില്‍ അടക്കം പരിഗണിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു രാജ പറഞ്ഞിരുന്നത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കാനാണ് സാധ്യത കൂടുതല്‍. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയപ്പോഴും അതിന് ശേഷവും രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയിരുന്നു. എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്നായിരുന്നു രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞത്. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. 2019 ല്‍ റെക്കോഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ജയിച്ചത്.












Click it and Unblock the Notifications