ശൈലജ, തോമസ് ഐസക്, ജലീല്‍..?; ലോക്‌സഭയിലേക്ക് കരുത്തരെ ഇറക്കാന്‍ സിപിഎം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് എല്‍ ഡി എഫ് കടക്കുന്നതായി സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ നിന്ന് കരകയറുക എന്നതാണ് എല്‍ ഡി എഫിന്റെ ലക്ഷ്യം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ അതില്‍ നിന്ന് കരകയറാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനും കുതിപ്പ് നടത്തിയേ പറ്റൂ.
ഈ സാഹചര്യത്തില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായി ജനകീയ മുഖങ്ങളെ അവതരിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത് എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ മന്ത്രിമാരായ കെ കെ ശൈലജ, കെ ടി ജലീല്‍, തോമസ് ഐസക് എന്നിവരെയെല്ലാം ലോക്‌സഭയിലേക്ക് സി പി എം പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.

അതേസമയം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് സി പി എം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ ഏറ്റവും ജനകീയ മുഖമായ കെ കെ ശൈലജയെ കണ്ണൂരില്‍ നിന്ന് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് കണ്ണൂര്‍ എം പി. പി കെ ശ്രീമതിയായിരുന്നു കഴിഞ്ഞ തവണ ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നത്.
ശൈലജയുടെ ജനപ്രീതി മുതലാക്കി മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍. വടകരയിലേക്കും ശൈലജയുടെ പേര് പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ പേര് പത്തനംതിട്ടയില്‍ നിന്നാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. പൊന്നാനിയില്‍ കെ ടി ജലീല്‍, കൊല്ലത്ത് ചിന്ത ജെറോം എന്നിവരേയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
പാര്‍ട്ടി കോട്ടയായിരുന്ന ആലത്തൂര്‍ തിരിച്ചുപിടിക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനെ രംഗത്തിറക്കിയേക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. കാസര്‍കോട് ടി വി രാജേഷ്, വി പി പി മുസ്തഫ എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. കോഴിക്കോട് വസീഫ്, ആലപ്പുഴയില്‍ ആരിഫ് എന്നിങ്ങനെയും സാധ്യതകള്‍ പാര്‍ട്ടി പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. സി പി ഐയും ജനകീയ സ്ഥാനാര്‍ത്ഥികളെ തേടുന്നുണ്ട് എന്നാണ് വിവരം.
നിലവില്‍ രാജ്യസഭാ എം പിയായ ബിനോയ് വിശ്വത്തെ തിരുവനന്തപുരത്തും തൃശൂരില്‍ വി എസ് സുനില്‍ കുമാറിനേയും മത്സരിപ്പിച്ചേക്കും എന്നാണ് സൂചന. രണ്ട് മണ്ഡലത്തിലും ബി ജെ പി ശക്തമായ വെല്ലുവിളിയാകാന്‍ സാധ്യതയുള്ളതിനാല്‍ ത്രികോണ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. 2019 ല്‍ 20 ല്‍ 19 സീറ്റിലും യു ഡി എഫ് ആയിരുന്നു ജയിച്ചത്. പിന്നീട് കേരള കോണ്‍ഗ്രസ് എല്‍ ഡി എഫില്‍ എത്തിയതോടെ ഇടത് എം പിമാരുടെ എണ്ണം രണ്ടായി ഉയര്‍ന്നു.












Click it and Unblock the Notifications