മുമ്പും മുസ്ലിം ലീഗിന് 3 സീറ്റ് കൊടുത്തിട്ടുണ്ട്; തടസം നില്‍ക്കില്ലെന്ന് മുരളീധരന്‍, അര്‍ഹതയെന്ന് നേതാക്കള്‍
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് ഇത്തവണ മൂന്ന് സീറ്റ് യുഡിഎഫ് നല്‍കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരന്‍ എംപി. മുസ്ലിം ലീഗ് മൂന്നാമതൊരു സീറ്റുകൂടി ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. മുമ്പും മൂന്ന് സീറ്റ് മുസ്ലിം ലീഗിന് അനുവദിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുസ്ലിം ലീഗിന് മൂന്നാം സീറ്റ് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, പിഎംഎ സലാം, പികെ ഫിറോസ് തുടങ്ങിയ നേതാക്കള്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആദ്യമായി വിഷയത്തില്‍ മറുപടി പറയുന്നത് കെ മുരളീധരനാണ്. രാഷ്ട്രീയ ചരിത്രം ഓര്‍മിപ്പിച്ചാണ് മുരളീധരന്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്.

മുസ്ലിം ലീഗ് മൂന്നാം സീറ്റ് കൊടുക്കുന്നതില്‍ തെറ്റില്ല. മുമ്പും മൂന്ന് സീറ്റ് ലീഗിന് കൊടുത്തിട്ടുണ്ട്. 1984ല്‍ കാസര്‍കോട്, മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളില്‍ ലീഗ് മല്‍സരിച്ചു. 1991, 1996 വര്‍ഷങ്ങളില്‍ പൊന്നാനി, മഞ്ചേരി എന്നിവയ്ക്ക് പുറമെ വടകര മണ്ഡലം കൂടി നല്‍കി. കാസര്‍കോടും വടകരയും പിന്നീട് അവര്‍ മടക്കി തന്നു. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. ചര്‍ച്ചയിലൂടെ വിഷയത്തില്‍ പരിഹാരം കാണും- കെ മുരളീധരന്‍ പറഞ്ഞു.
നിലവില്‍ വടകര എംപിയാണ് കെ മുരളീധരന്‍. ഇനി ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ല എന്ന് നേരത്തെ നിലപാട് എടുത്ത മുരളി അടുത്തിടെ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലിം ലീഗിന് നോട്ടമുള്ള മണ്ഡലം കൂടിയാണ് വടകര. മുസ്ലിം ലീഗിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ താനൊരു തടസമാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ചര്‍ച്ച ചൂടുപിടിക്കുമെന്നാണ് കരുതുന്നത്. പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത് മുസ്ലിം ലീഗിന് അര്‍ഹതയുണ്ട് എന്നാണ്. കുഞ്ഞാലിക്കുട്ടിയും ഇതുതന്നെ പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും എല്ലാം ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയത്തില്‍ യുഡിഎഫില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് പിഎംഎ സലാം പ്രതികരിച്ചത്. ആദ്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ശേഷം മുന്നണിയില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കണം. എന്നാല്‍ മാത്രമേ അന്തിമ തീരുമനത്തിലെത്തൂ എന്നും സലാം വിശദീകരിച്ചു. മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കെപിഎ മജീദ് എംഎല്‍എയും പറഞ്ഞു.
മുസ്ലിം ലീഗിന് രണ്ട് സീറ്റില്‍ കൂടുതല്‍ അര്‍ഹതയുണ്ട് എന്ന കാര്യത്തില്‍ യുഡിഎഫില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലെന്ന് പികെ ഫിറോസ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് വിട്ടുപോയ സാഹചര്യത്തില്‍ ഒരു സീറ്റ് അധികമായി വരുന്നുണ്ട്. മുരളീധരന്‍ പറയുന്ന പോലെ വിഷയം തര്‍ക്കമില്ലാതെ ചര്‍ച്ചയിലൂടെ തീരുമാനമെടുക്കുമെന്നും പികെ ഫിറോസ് പറഞ്ഞു.












Click it and Unblock the Notifications