ശോഭന തന്റെ സുഹൃത്ത്; ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെ... വിശദീകരിച്ച് ശശി തരൂര്‍
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ത്രികോണ മല്‍സരം നടക്കുന്ന ഏതാനും മണ്ഡലങ്ങളിലൊന്ന്. ശശി തരൂര്‍ നാലാമൂഴത്തിന് ശ്രമിക്കുമ്പോള്‍ സിപിഐ ഏറ്റവും ശക്തനായ പന്ന്യന്‍ രവീന്ദ്രനെ കളത്തിലിറക്കി രംഗം കൊഴിപ്പിക്കുന്നു. ഇനി അറിയേണ്ടത് ബിജെപിയുടെ സ്ഥാനാര്‍ഥിയെയാണ്.
ഒട്ടേറെ പ്രമുഖരുടെ പേരുകള്‍ ബിജെപിയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു എന്നതാണ് കൗതുകകരം. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, നിര്‍മല സീതാരാമന്‍, കുമ്മനം രാജശേഖരന്‍ എന്നിവരെ കൂടാതെ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളുടെ പേരും ചര്‍ച്ചയില്‍ വന്നു. ഏറ്റവും ഒടുവില്‍ കേട്ടത് നടി ശോഭനയുടെ പേരാണ്.

സുരേഷ് ഗോപിയാണ് ശോഭനയുമായി വിഷയം സംസാരിച്ചത് എന്നായിരുന്നു ആദ്യ വാര്‍ത്ത. കൂടാതെ കേന്ദ്ര നേതാക്കളും ശോഭനയെ ബന്ധപ്പെട്ടുവെന്ന് വാര്‍ത്ത വന്നു. പരസ്യമായി ശോഭന നിലപാട് വ്യക്തമാക്കിയിട്ടില്ല. തൃശൂരില്‍ നരേന്ദ്ര മോദി പങ്കെടുത്ത വനിതാ സമ്മേളനത്തില്‍ ശോഭന പങ്കെടുത്തതും ചര്‍ച്ചകള്‍ക്ക് ബലമേകി. സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനയും രംഗം കൊഴുപ്പിക്കുന്നു.
ശോഭന സ്ഥാനാര്‍ഥിയാകണം എന്നാണ് തന്റെ നിലപാട് എന്ന് സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭന. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അവരോട് താന്‍ സംസാരിച്ചിരുന്നു. കേന്ദ്ര നേതൃത്വവും സംസാരിച്ചുവെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി.
ശോഭന തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തത് മറ്റു പാര്‍ട്ടികളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. എന്നാല്‍, ശോഭനയെ ബിജെപിയുടെ ആലയില്‍ കെട്ടേണ്ടെന്നും അവര്‍ കലാകാരിയും കേരളത്തിന്റെ പൊതു സ്വത്തുമാണെന്നായിരുന്നു എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള ഇടതു നേതാക്കളുടെ പ്രതികരണം. എങ്കിലും ശോഭന ബിജെപിക്കൊപ്പം പോകുമോ എന്ന ആശങ്ക സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടത്രെ.
തിരുവനന്തപുരത്ത് ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ പ്രചാരണത്തിന് വേഗത കൂട്ടാന്‍ കാത്തിരിക്കുകയാണ് ശശി തരൂര്‍. നാലാം തവണയും മണ്ഡലവാസികള്‍ തന്നെ കൈവിടില്ലെന്ന് അദ്ദേഹം കരുതുന്നു. എല്‍ഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയ പന്ന്യന്‍ രവീന്ദ്രന്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. ഇതിനിടെയാണ് ശോഭനയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ശശി തരൂര്‍ പ്രതികരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി പല പേരുകള്‍ ഉയരുന്നത് നിരാശയില്‍ നിന്നാണെന്ന് തരൂര്‍ പറഞ്ഞു. ശോഭന തന്റെ സുഹൃത്താണ്. അവരുമായി ഫോണില്‍ സംസാരിച്ചു. മല്‍സരിക്കാനില്ലെന്നാണ് അറിയിച്ചത്. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോ എന്ന് തീരുമാനമായിട്ടില്ല. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ട്. രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കരുത് എന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയങ്കില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ സ്ഥാനാര്‍ഥികളും മല്‍സരിക്കരുതെന്ന് ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications