കേരളം വിധിയെഴുതി: യുഡിഎഫ് 12, എല്‍ഡിഎഫ് 8
തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ചുകൊണ്ട് കേരളത്തില്‍ യുഡിഎഫിന് മുന്നേറ്റം. 20 സീറ്റുകളില്‍ 12 എണ്ണം യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന് 8 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
യുഡിഎഫ് ജയിച്ച മണ്ഡലങ്ങള്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, എറണാകുളം, കോട്ടയം, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വടകര, വയനാട്.എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍: കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങല്‍.

ആകെ പതിനഞ്ച് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 9 സീറ്റുകളില്‍ വിജയിച്ചു. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എമ്മും ആര്‍എസ്പിയും മത്സരിച്ച സീറ്റുകളില്‍ എല്ലാം ജയിച്ചു.
അഞ്ച് സ്വതന്ത്രരുള്‍പ്പെടെ 15 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഇതില്‍ ഏഴ് സീറ്റുകളില്‍ വിജയിക്കാന്‍ സിപിഎമ്മിനായി. അഞ്ച് സ്വതന്ത്രരില്‍ രണ്ട് പേരെ വിജയിപ്പിച്ചെടുക്കാനും സിപിഎമ്മിന് കഴിഞ്ഞു. നാല് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഐക്ക് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജനതാദള്‍ എസ് കോട്ടയത്ത് തോല്‍ക്കുകയും ചെയ്തു.
സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രമുഖനായ എംഎ ബേബിയുടെ പരാജയമാണ് പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ തിരിച്ചടി. കൊല്ലം സീറ്റിന്റെ പേരില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയ എന്‍കെ പ്രേമചന്ദ്രനോടായിരുന്നു ഈ തോല്‍വി എന്നതും സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കുന്നു.
ചാലക്കുടി മണ്ഡലത്തില്‍ പിസി ചാക്കോ തോറ്റതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി. ശക്തനായ സ്ഥാനാര്‍ത്ഥിയായിട്ടാണ് ചാക്കോയെ പാര്‍ട്ടി പരിഗണിച്ചിരുന്നത്. കെപി ധനപാലനും പിസി ചാക്കോയും മണ്ഡലങ്ങള്‍ പരസ്പരം മാറിയാണ് മത്സരിച്ചത്. ഇതിനോട് ധനപാലന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ പരാജയവും കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവച്ചേക്കും.












Click it and Unblock the Notifications