ലുലു മാൾ ഞാൻ നടത്തിയാൽ പാർക്കിംഗ് ഫീസ് വാങ്ങില്ല, പകരം നടപ്പാക്കുന്നത് ഈ ബിസിനസ് ഐഡിയ'; സന്തോഷ് ജോർജ് കുളങ്ങര
താനാണ് ലുലു മാൾ നടത്തുന്നതെങ്കിൽ പാർക്കിംഗ് ഫീസ് വാങ്ങില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര. പകരം ആ പൈസയും കൂടെ മാളിലെ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുത്തും. സ്വാഭാവികമായും ആളുകൾ അപ്പോൾ പരാതി ഉയർത്തില്ലെന്നും ബുദ്ധിയുള്ള ബിസിനസുകാർ പാർക്കിംഗ് ഫീ കൂടി ചേർത്താണ് ഉത്പന്നങ്ങൾ വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു വർഷം പാർക്കിങ് ഇനത്തിൽ കിട്ടുന്ന വരുമാനത്തിനെ ഓരോ പ്രൊഡക്ടിലും വിലയിട്ടാൽ പ്രശ്നം തീർന്നില്ലേ, പരാതിയും തീർന്നില്ലേ. ഒരു 50 പൈസ വെച്ച് ചിലപ്പോൾ പ്രൊഡക്ടിന് കൂടും, ഇത് കസ്റ്റമേഴ്സിന് മനസിലാകുമോ? അവർക്ക് പരാതി ഉണ്ടാകുമോ? മറ്റ് സ്ഥാപനങ്ങളെല്ലാം അതാണ് ചെയ്യുന്നത്. പാർക്കിംഗ് ഫീസ് കൂടി ചേർത്തല്ലേ ഹോട്ടലുകാർ നിങ്ങളിൽ നിന്നും ബിൽ ഈടാക്കുന്നത്. ഈ ബോധം ഉപഭോക്താക്കൾക്ക് വേണം', സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

സഫാരി ചാനലിന്റെ മൂലധനം എന്താണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. 'അധ്വാനിക്കാനുള്ള മനസ് തന്നെയാണ് അതിർറെ മൂലധനം. സഫാരി ചാനൽ ആരംഭിച്ചപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചൊരു ചോദ്യമുണ്ട്. നമ്മളുടെ സ്ഥാപനത്തിലെ ആളുകൾ വിട്ട് പോയാൽ നമ്മൾക്ക് ആ സ്ഥാപനം പൂട്ടേണ്ടി വരുമോയെന്ന്. ഞാൻ ഒരു തീരുമാനം എടുത്തു ഞാൻ അങ്ങനെ ചെയ്യില്ലെന്ന്. ആ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്, കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ എനിക്ക് അറിയാം. സഞ്ചാരം എന്ന പരിപാടി കൊണ്ട് ഞാൻ തുടങ്ങിയ ചാനലാണത്. അതുകൊണ്ട് തന്നെ മറ്റൊരാളെ ആശ്രയിക്കാതെ ആ ചാനൽ കൊണ്ടുപോകാൻ എനിക്ക് അറിയാം. ഒരിക്കൽ പോലും സഫാരിയിൽ പരസ്യം കൊടുക്കണമെന്ന് ആലോചിച്ചിട്ടില്ല. പരസ്യം ഇല്ലാതെ തന്നെ സഫാരിയിൽ വരുമാനമുണ്ട്. അതെങ്ങനെ ഉണ്ടാക്കണമെന്ന് അറിഞ്ഞാമതി.
എനിക്കൊരു ബിസിനസ് പ്ലാൻ ഉണ്ട്. ആ പ്ലാൻ വിജയകരമായി വർക്ക് ചെയ്തത് കൊണ്ടാണ് ഇത്രയും കൊല്ലം സഫാരി ചാനൽ വിജയകരമായി മുന്നോട്ട് പോകുന്നത്. ഞാൻ എന്റെയൊരു സ്ഥാപനത്തിലെ ലാഭം എടുത്ത് മറ്റൊരു സ്ഥാപനം നടത്താറില്ല. ഓരോ സ്ഥാപനവും ഇന്റിപെന്റന്റായാണ് പ്രവർത്തിക്കുന്നത്. ഞാൻ പൂർണവിജയം നേടിയ വ്യവസായി അല്ല. എന്നാൽ എന്റെ സ്ഥാപനങ്ങളെല്ലാം വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. കഠിനമായ പ്ലാനിങ്ങും അധ്വാനവും അതിന് സഹായിച്ചിട്ടുണ്ട്.
സാമ്പത്തിക അച്ചടക്കം എനിക്കുണ്ട്. ഒരു സ്ഥാപനത്തിലെ ലാഭം മറ്റൊരു സ്ഥാപനത്തിനായി ഞാൻ ഉപയോഗിക്കാറില്ല. സഫാരിക്കും ലേബർ ഇന്ത്യയ്ക്കും സഞ്ചാരി എക്സ്പ്ലൊറേഷനും വിജയകരമായി മുന്നോട്ട് പോകാനുള്ള പണം അവിടെ ഉണ്ടാകുമെന്ന് ഞാൻ ഉറപ്പാക്കും. എല്ലാത്തിനും മിനിമം ലാഭം ഉണ്ടെന്ന് ഞാൻ ഉറപ്പാക്കുന്നുണ്ട്. അങ്ങനെയൊരു ലാഭം ഇല്ലാതെ ബിസിനസ് നടത്തുന്നത് ശരിയല്ല.
കേരളം ഇവിടുത്ത സൗകര്യങ്ങളും സാഹചര്യങ്ങളും വെച്ച് പല മേഖലകളിലും ഏറെ മുൻപിലാണ്. പക്ഷെ 2050 നെ അഭിമുഖീകരിക്കാനുള്ള പദ്ധതികൾ നമ്മൾ ആലോചിച്ചിട്ടില്ല. അത്തരത്തിലുള്ള പദ്ധതികൾ ആലോചിച്ചാൽ അല്ലേ നമ്മുക്ക് അവിടെ എത്താൻ സാധിക്കൂ. 2050 കൊച്ചി എങ്ങനെയിരിക്കുമെന്നൊരു മാസ്റ്റർ പ്ലാൻ ഉണ്ടാകണം. അത്തരത്തിലൊരു മാസ്റ്റർ പ്ലാൻ ഇപ്പോൾ ഇല്ല, മാസ്റ്റർ പ്ലാൻ ഇല്ലാത്തതാണ് നമ്മുടെ ഏറ്റവും വലിയ പരാജയം.
കേരളത്തിൽ റെസ്പോൺസ് ടൂറിസം നടപ്പാക്കണം. സാധാരണക്കാർക്കും ടൂറിസത്തിന്റെ ഗുണഫലങ്ങൾ കിട്ടണം. അവരും കൂടി ഉൾപ്പെടുന്നതായിരിക്കണം. കേരളത്തിലേക്ക് ആളുകൾ വരുന്നത് കേരളത്തിലെ പ്രകൃതിയും ജീവിതവും കാണാനാണ്, വ്യത്യസ്തമായ സംസ്കാരവും ഭക്ഷണവും അറിയാനാണ്. അത് എങ്ങനെ ഫലപ്രദമായി ഒരുക്കാം എന്നതാണ് ആലോചിക്കേണ്ടത്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications