ഫൈവ് സ്റ്റാര്‍ ഹോട്ടലും തോല്‍ക്കും... ലുലുവിന്റെ 1500 കോടിയുടെ ട്വിന്‍ ടവര്‍ റെഡി! ഉദ്ഘാടനമെന്ന്?
കേരളത്തില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന നഗരങ്ങളില്‍ മുന്‍പന്തിയിലാണ് കൊച്ചി. ബെംഗളൂരുവിനോടും മുംബൈയോടും കിടപിടിക്കുന്ന തരത്തില്‍ അനുദിനം കൊച്ചിയിലെ വ്യവസായ സംരംഭങ്ങള്‍ വളരുകയാണ്. ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനായി ലുലു ഗ്രൂപ്പും കൈകോര്‍ക്കുന്നുണ്ട്. അത്തരത്തില്‍ കൊച്ചിയുടെ കുതിപ്പിന് ഇരട്ടശക്തി പകരുന്ന കാക്കനാട്ടെ സ്മാര്‍ട് സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ലുലു ഗ്രൂപ്പിന്റെ ട്വിന്‍ ടവറുകള്‍ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി ടവര്‍ എന്ന വിശേഷണത്തോടെയാണ് ലുലുവിന്റെ ട്വിന്‍ ടവറിന്റെ വരവ്. 1500 കോടി രൂപ നിക്ഷേപിച്ച് ഒരുക്കിയ ഈ ട്വിന്‍ ടവറിന് 153 മീറ്റര്‍ ഉയരവും 30 നിലകളുമാണ് ഉള്ളത്. അടുത്ത മാസത്തോടെ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനാകുമെന്നാണ് സൂചന. 12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്ര അടിയില്‍ ആണ് ഇരട്ട ടവറുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

ലുലു ഐ ടി ഇന്‍ഫ്ര ബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ടവറുകള്‍ ഒരുക്കിയിരിക്കുന്നത്. ഏഴ് വര്‍ഷം കൊണ്ടാണ് ട്വിന്‍ ടവര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെ പോലും തോല്‍പ്പിക്കുന്ന സൗകര്യങ്ങളാണ് ഈ ട്വിന്‍ ടവറില്‍ ലുലു ഐടി ഇന്‍ഫ്ര ബില്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കിയിരിക്കുന്നത്. ഗ്രാന്‍ഡ് എന്‍ട്രി ലൗഞ്ച് മുതല്‍ ടവറിന്റെ എല്ലാ ഭാഗങ്ങളും വളരെ മനോഹരമായാണ് ഒരുക്കുന്നത്.
കെട്ടിട നിര്‍മാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി രണ്ട് കെട്ടിടങ്ങള്‍ക്കും പ്രീ സര്‍ട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ചിട്ടുണ്ട്. രണ്ടു ടവറുകള്‍ക്കും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇരു ടവറുകളിലുമായി 25 ലക്ഷം ചതുരശ്രയടി ഓഫീസ് സൗകര്യമാണ് ഉള്ളത്. സ്മാര്‍ട്ട് സിറ്റി കൊച്ചി ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ട്വിന്‍ ടവറുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.
രണ്ട് ഐടി കമ്പനികള്‍ ഉടന്‍ തന്നെ ട്വിന്‍ ടവറില്‍ പ്രവര്‍ത്തനം തുടങ്ങും. ഈ കമ്പനികളുടെ ഓഫീസ് സ്പേസിന്റെ ഇന്റീരിയര്‍ ജോലികള്‍ ആണണ് നടന്ന് കൊണ്ടിരിക്കുന്നത്. രാജ്യാന്തര കമ്പനികള്‍ പലതും ഇവിടെ ഓഫീസ് തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഒരു കമ്പനി മെയ് മാസം തന്നെ പ്രവര്‍ത്തനം തുടങ്ങിയേക്കും എന്നാണ് വിവരം. അടുത്തത് ജൂണിലും പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇത് കൂടാതെ ആറോളം കമ്പനികള്‍ ഓഫീസ് ആരംഭിക്കുന്നതിന് ലുലുവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 1500 ഓളം ഐ ടി പ്രൊഫഷണലുകള്‍ക്കാണ് ഇവിടെ തൊഴിലവസരം തുറന്നിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 25000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. 25000 പേര്‍ക്ക് ഒരേ സമയം ജോലി ചെയ്യാം എന്നതാണ് ഈ ട്വിന്‍ ടവറിന്റെ പ്രത്യേകത.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഐ ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാവുന്ന വിധത്തില്‍ ഐ ടി പാര്‍ക്കിനെ ഉയര്‍ത്തുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. പല വന്‍കിട ഐടി കമ്പനികളും ഇതിനകം ഓഫീസ് സ്പേസിനായി ലുലുവിനെ സമീപിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. കുറഞ്ഞ വാടകയും ഇവിടത്തെ ഐ ടി പ്രൊഫഷണലുകളുടെ തൊഴില്‍ വൈദഗ്ധ്യവുമാണ് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് എന്ന് നേരത്തെ ലുലു ഐ ടി ഇന്‍ഫ്ര ബില്‍ഡ് ഡയറക്ടറും സി ഇ ഒയുമായ അഭിലാഷ് വലിയവളപ്പില്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞിരുന്നു.
ഉദ്ഘാടനത്തോടെ ബഹുരാഷ്ട്ര കമ്പനികള്‍ ട്വിന്‍ ടവറിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വിശാലമായ ഫുഡ് കോര്‍ട്ട് ട്വിന്‍ ടവറിന്റെ മറ്റൊരു പ്രത്യേകതയാണ്. രണ്ട് ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ടവറിന്റെ ഒന്നാം നിലയില്‍ ഒരേസമയം 2000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഫുഡ്കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. 4300 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന കൂറ്റന്‍ കെട്ടിടമാണ് കാക്കനാട് ഒരുങ്ങിയിരിക്കുന്നത്.
3000 ത്തില്‍ പരം കാറുകള്‍ക്കായി റോബോട്ടിക് കാര്‍ പാര്‍ക്കിംഗ് സൗകര്യമാണ് ഉള്ളത്. കാര്‍ പാര്‍ക്കിംഗ് പരിമിതികള്‍ ഒഴിവാക്കാനായി നൂതന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പല നിലകളിലായി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതു പോലെ വിവിധ റാക്കുകളിലായും കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. ഗ്രൗണ്ട് ഫ്‌ളോറില്‍ ബാങ്കുകളും പ്രവര്‍ത്തിക്കും.
100% കരുതല്‍ വൈദ്യുതി ബായ്ക്കപ്പ്, അതിവേഗ ലിഫ്റ്റുകള്‍, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി, കുട്ടികള്‍ക്കായുള്ള ക്രഷ് സൗകര്യം, ജിം, റീറ്റെയ്ല്‍ സ്‌പേസ്, കഫേ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡാറ്റ സെന്റര്‍ സൗകര്യം, വമ്പന്‍ ഓഡിറ്റോറിയം കേന്ദ്രീകൃത എ സി തുടങ്ങിയവയെല്ലാം ഇരട്ട ടവറുകളിലുണ്ടാകും.












Click it and Unblock the Notifications