പാലക്കാട് പിടിക്കാന്‍ എം സ്വരാജ്? കെകെ ശൈലജ മുതല്‍ ഐസക് വരെ; ശക്തരെ ഇറക്കാന്‍ എല്‍ഡിഎഫ്
കേരളത്തില്‍ സമീപകാലത്ത് ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയായിരുന്നു 2019 ലേത്. ആലപ്പുഴ ഒഴികേയുള്ള സംസ്ഥാനത്തെ 19 സീറ്റിലും വമ്പന്‍ തോല്‍വിയായിരുന്നു എല്‍ഡിഎഫ് നേരിട്ടത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരമായിരുന്നു ഇടത് പരാജയത്തിന്റെ പ്രധാനകാരണമെന്നാണ് വിലയിരുത്തല്‍.
അഞ്ച് വർഷത്തിന് ഇപ്പുറം വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പ് വരുമ്പോള്‍ 2019 ലെ തിരിച്ചടിയില്‍ നിന്നും കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് സി പി എമ്മും എല്‍ ഡി എഫും. പരമാവധി സീറ്റുകളില്‍ വിജയിച്ച് കയറുക എന്നുള്ളതാണ് ലക്ഷ്യം. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി പ്രമുഖ നേതാക്കളെ തന്നെ സ്ഥാനാർത്ഥികളായി രംഗത്ത് ഇറക്കിയേക്കും.

പഴയ ശക്തികേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും അത്രപ്രതീക്ഷ ഇല്ലാത്തതിനാല്‍ കേന്ദ്ര നേതൃത്വവും ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണ്. ഡി എം കെ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളില്‍ ഇത്തവണയും പാർട്ടി വിജയം പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി തെലങ്കാനയിലും ഒരു സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്.
പിബി അംഗങ്ങളായ എ വിജയരാഘവന്‍, തോമസ് ഐസക്, മുന്‍ മന്ത്രിമാരായ കെ കെ ശൈലജ, എകെ ബാലന്‍, എം സ്വരാജ് എന്നിവരുടെ പേരുകള്‍ ചർച്ചയിലുണ്ട്. മത്സരത്തിനില്ലെന്ന നിലപാട് ചിലർക്കുണ്ടെങ്കിലും പാർട്ടി തീരുമാനമെടുത്താല്‍ പിന്നെ മറുവാക്ക് ഉണ്ടാകില്ല. തിരുവനന്തപുരത്തു നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പും ചർച്ചയായിരുന്നു.
അടുത്ത ദിവസം നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കടക്കും. 2019 ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴത്തേതെങ്കിലും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമോയെന്ന ആശങ്ക ശക്തമാണ്. അതേസമയം കേന്ദ്രത്തിനും ബി ജെ പിക്കുമെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാട് ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
നവകേരളസദസിൽ മണ്ഡലങ്ങളിലുണ്ടായ ജനപ്രവാഹവും എല്‍ ഡി എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. . 30 വയസിനു താഴെയുള്ള യുവാക്കളിൽ സ്വാധീനമുണ്ടാക്കുന്നതിനു സമൂഹമാധ്യമങ്ങളിൽ പ്രത്യേക ക്യാംപെയ്നും പാർട്ടി ആരംഭിക്കും. സ്ഥാനാർത്ഥി നിർണ്ണയം വേഗത്തില്‍ തന്നെ പൂർത്തിയാക്കി പ്രചരണങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.
കെകെ ശൈലജയെ കണ്ണൂരിലോ വടകരയിലോ മത്സരിപ്പിക്കാനാണ് നീക്കം. ശൈലജ മത്സരിച്ചാല്‍ സീറ്റ് തിരികെ പിടിക്കാമെന്നാണ് വിശ്വസിക്കുന്നത്. വിജയരാഘവന് കോഴിക്കോടാണ് സാധ്യത. പൊന്നാനിയിലും അദ്ദേഹത്തെ പരിഗണിച്ചേക്കാം. പാലക്കാട് എം സ്വരാജിന്റേയും എകെ ബാലന്റേയും പേര് ഉയർന്ന് കേള്‍ക്കുന്നുണ്ട്. തോമസ് ഐസക്കിന് പത്തനംതിട്ടയിലാണ് സാധ്യത.












Click it and Unblock the Notifications