'ബസുകളുടെ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം'; രൂക്ഷ വിമർശനവുമായി മാധവ് സുരേഷ്
കൊച്ചി: സംസ്ഥാനത്തെ നിരത്തുകളിൽ നടക്കുന്ന ബസുകളുടെ മത്സരയോട്ടത്തിന് എതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. കെഎസ്ആർടിസി-പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിൽ താനും കുടുംബവും തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ വിവരങ്ങൾ പങ്കുവച്ചുകൊണ്ടാണ് മാധവ് സുരേഷ് സർക്കാരിനെതിരെയും ആഞ്ഞടിച്ചത്.
അടുത്തിടെ മാധവും ചേട്ടനും നടനുമായ ഗോകുലും ഗുരുവായൂരിൽ നിന്നും വരുന്ന വഴി ബസുകളുടെ മത്സരയോട്ടം കാരണം അപകടത്തിൽപ്പെടേണ്ട അവസ്ഥ ഉണ്ടായെന്നാണ് സുരേഷ് ഗോപിയുടെ ഇളയ മകൻ ആരോപിക്കുന്നത്. ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ ആയിരുന്നു മാധവിന്റെ പ്രതികരണം. മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ഈ പോസ്‌റ്റ് ചെയർ ചെയ്‌തിരിക്കുന്നത്.

കെഎസ്ആർടിസി- പ്രൈവറ്റ് ബസുകളുടെ അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നാണ് മാധവ് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ തകർക്കാനുള്ള ലൈസൻസ് തനിക്ക് നൽകണമെന്നും അദ്ദേഹം ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു. ബസുകളുടെ മത്സരയോട്ടത്തിന്റെ ഒരു വീഡിയോയും മാധവ് പങ്കുവച്ചിട്ടുണ്ട്.
മാധവിന്റെ വാക്കുകൾ
കേരള ജനത ദിവസവും അനുഭവിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്‌ചയാണിത്. പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർ. കലൂരിൽ ഒരു പ്രൈവറ്റ് ബസ് അപകടത്തിൽ എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്‍ടപ്പെടേണ്ടതായിരുന്നു. അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും കൂടി ഗുരുവായൂരിൽ നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ, രണ്ട് വാഹനങ്ങൾക്ക് കഷ്‌ടിച്ച് കടന്ന് പോകാവുന്ന റോഡ്, അർധ രാത്രിയിൽ രണ്ട് ബസുകൾ മത്സരിച്ചത് കാരണം ഞങ്ങളുടെ കാർ ഒരു മരത്തിൽ ഇടിച്ചു കയറേണ്ട സാഹചര്യമുണ്ടായി.
സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്. കെഎസ്‌ആർടിസി ബസുകളുടെയും പ്രൈവറ്റ് ബസുകളുടെയും അശ്രദ്ധമായ ഈ മത്സര ഓട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. ഇതാണ് എന്റെ നിർദ്ദേശം. അല്ലാത്തപക്ഷം ഇത്തരമൊരു അനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ, ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും ഗ്ലാസുകൾ അടിച്ചു പൊട്ടിക്കാനും കുറ്റവാളിയുടെ താടിയെല്ല് തകർക്കാനുമുള്ള ക്ലീൻ പാസ് നൽകേണ്ടതാണ്
അതേസമയം, വടക്കൻ-മധ്യ കേരളത്തിലെ പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം നേരത്തെ തന്നെ വലിയ വിമർശനങ്ങൾക്ക് വിധേയമായ കാര്യമാണ്. ബൈക്കുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളെ ഗൗനിക്കാതെ അതിവേഗതയിൽ, ലൈനുകൾ മുറിച്ചും അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്‌തും പറക്കുന്ന ബസുകൾ നിരവധി അപകടങ്ങൾ ഉണ്ടാക്കുകയും ജീവനെടുക്കുകയും ചെയ്‌തിരുന്നു.
കെഎസ്ആർടിസിയും ഇക്കാര്യത്തിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇത്തരത്തിൽ ബസുകളുടെ മരണപാച്ചിലിൽ കൂടുതലും ഇരകളാവുന്നത് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ആളുകളാണ്. വർഷം തോറും നിരവധി അപകടങ്ങളാണ് ബസുകളുടെ മത്സരയോട്ടത്തിൽ നഷ്‌ടമാവുന്നത്. ഇതിലാണ് ഇപ്പോൾ സർക്കാർ ഇടപെടൽ തേടി മാധവ് സുരേഷ് രംഗത്ത് വന്നത്.












Click it and Unblock the Notifications