'ബിജെപി ഞെട്ടും'; മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റുകളില്‍ 40 ലേറേയും എംവിഎ സഖ്യം നേടുമെന്ന് സർവ്വെ
മുംബൈ: അടുത്ത വർഷം നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 40 മുതൽ 45 വരെ സീറ്റുകളിൽ മഹാ വികാസ് അഘാഡി സഖ്യം വിജയിക്കുമെന്ന് സർവ്വേ. കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സർവ്വേയിലാണ് ശിവസേന (യുബിടി), കോൺഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നീ മൂന്ന് പാർട്ടികള്‍ അടങ്ങിയ സംഖ്യത്തിന് വന്‍ വിജയം പ്രവചിക്കുന്നത്.
"ഞങ്ങളുടെ നിരീക്ഷകർ 48 ലോക്‌സഭാ മണ്ഡലങ്ങൾ നേരിട്ട് സന്ദർശിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്യുകയും ചെയ്തു. സാഹചര്യം ബിജെപി വിരുദ്ധമാണെന്നും എംവിഎ 40 മുതൽ 45 വരെ സീറ്റുകൾ നേടുമെന്നും അവർ വിലയിരുത്തുന്നു. ആ ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്, ബിജെപിക്കെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ഞങ്ങൾ കൈകോർക്കും. എല്ലാ തലങ്ങളിലും ബിജെപിയെ തുരത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം," സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യം, ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയുള്ള പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ യോഗത്തിനുള്ള തയ്യാറെടുപ്പുകൾ, ശരദും അജിത് പവാറും തമ്മിലുള്ള പ്രശ്നങ്ങള്‍ എന്നിവ ജനങ്ങളെ എങ്ങനെ സ്വാധീനിച്ചെന്നും ആഭ്യന്തര സർവ്വേ സംഘം വിലയിരുത്തി. ശരദ് പവാറിന് കേന്ദ്രസർക്കാരില്‍ അംഗ്വത്തം ഉള്‍പ്പെടേയുള്ള വാഗ്ദാനങ്ങള്‍ അജിത് പവാർ മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചെന്നും കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
"ശരദ് പവാറിന്റെ മനസ്സിൽ യാതൊരു ആശയക്കുഴപ്പവുമില്ല, അദ്ദേഹം ഒരു പ്രധാന രാഷ്ട്രീയക്കാരനും തീരുമാനമെടുക്കാൻ കഴിവുള്ളവനുമാണ്. താൻ ഇന്ത്യ സംഖ്യത്തിലും എംവിഎയിലും തുടരുമെന്ന് അദ്ദേഹം പലതവണ വ്യക്തമാക്കി. എന്നാൽ, താഴെത്തട്ടിലുള്ള അനുയായികളുടെയും പ്രവർത്തകരുടെയും മനസ്സിൽ ആശയക്കുഴപ്പമുണ്ട്. ഇന്ത്യയുടെ രണ്ട് ദിവസത്തെ യോഗത്തിൽ എഐസിസി നേതാക്കൾ അദ്ദേഹവുമായി ഇക്കാര്യം ചർച്ച ചെയ്യും," പട്ടോലെ പറഞ്ഞു.
മുംബൈയിലെ ഇന്ത്യ സംഖ്യത്തിന്റെ യോഗം കഴിഞ്ഞാല്‍ മോദി സർക്കാരിനെ പുറത്താക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രമുഖ കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനത്തുടനീളം പദയാത്രകൾ നടത്തും. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പോലും പണപ്പെരുപ്പത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് മോദി തെറ്റായ വിവരങ്ങൾ നൽകി. എൻഡിഎ സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻസിപിയിലെ സംഭവവികാസങ്ങള്‍ എംവിഎയെ ബാധിക്കുമോയെന്ന ചോദ്യത്തിന് അതാത് പാർട്ടികളുടെ നേതാക്കൾ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്ന് മുൻ കോൺഗ്രസ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും വ്യക്തമാക്കി. 'ഞങ്ങൾക്കൊപ്പം നിൽക്കുന്നവർ ഞങ്ങളോടൊപ്പം നിൽക്കും. ബിജെപിക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാം. ആരും ആരുടെയും കൈ പിടിക്കുന്നില്ല. ചിത്രം ക്രമേണ വ്യക്തമാകും. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് എന്ന നിലയിൽ ഞങ്ങൾ ശക്തമായി തയ്യാറെടുക്കുകയാണ്.' ചവാന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications