മലപ്പുറത്ത് യുവതികളെ മര്‍ദ്ദിച്ച കേസില്‍ പ്രതിക്ക് ഇടക്കാല ജാമ്യം; വിശദ വാദം അടുത്ത 19ന്
കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത പാണമ്പ്രയില്‍ സഹോദരിമാരെ നടുറോഡില്‍ മുഖത്തടിച്ച കേസില്‍ പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. പ്രതി തിരൂരങ്ങാടി സ്വദേശി സിഎച്ച് ഇബ്രാഹിം ഷബീറിനാണ് മെയ് 19 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം മെയ് 19ന് കേള്‍ക്കും. വേനലവധി കഴിഞ്ഞ് വിശദമായ വാദം കേള്‍ക്കുമെന്ന് അറിയിച്ച ഹൈക്കോടതി, പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും നിര്‍ദേശിച്ചു. 50000 രൂപയും തുല്യ ആള്‍ ജാമ്യത്തിലും വിട്ടയക്കണമെന്നാണ് കോടതി നിര്‍ദേശം.

ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ബെഞ്ച് മുമ്പാകെയാണ് പ്രതി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പോലീസിലുള്ള വിശ്വാസ്യത നഷ്ടമായി എന്നാണ് മര്‍ദ്ദനമേറ്റ യുവതി ഹസ്‌ന അസീസ് പ്രതികരിച്ചത്. ഇനി ഇങ്ങനെ അനുഭവമുണ്ടാകുന്നവര്‍ പോലീസില്‍ പരാതിപ്പെടുമോ എന്ന കാര്യം സംശയമാണെന്നും അവര്‍ പറഞ്ഞു.
പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ വൈകി. പ്രമുഖന്റെ മകന്‍ എന്നുള്ളതാണോ പ്രതിക്ക് പരിഗണന ലഭിക്കാന്‍ കാരണം. പ്രതി തെറ്റ് ചെയ്തുവെന്നത് എല്ലാവരും കണ്ടതാണ്. പ്രതിക്ക് അതിനുള്ള ശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇങ്ങനെ അനുഭവമുണ്ടായാല്‍ പോലീസിനെ സമീപിക്കാനുള്ള വിശ്വാസ്യത നഷ്ടമായി. സംഭവം നടന്നിട്ട് ഇത്രയും ദിവസമായി. തെളിവടക്കം നല്‍കിയിട്ടും നടപടിയുണ്ടായില്ല. പരാതി കൊടുക്കേണ്ടതില്ലായിരുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഹസ്‌ന പറഞ്ഞു.
ഈ മാസം 16നാണ് പാണമ്പ്ര ഇറക്കത്തില്‍ വച്ച് സംഭവമുണ്ടായത്. തെറ്റായ രീതിയില്‍ ഓവര്‍ടേക് ചെയ്തതിനെ ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സഹോദരമാരുടെ സ്‌കൂട്ടറിന് കാര്‍ വിലങ്ങിട്ട ശേഷം ഇറങ്ങി വന്ന് മുഖത്തടിക്കുകയായിരുന്നു. യുവതികള്‍ പരാതി നല്‍കിയെങ്കിലും തേഞ്ഞിപ്പലം പോലീസ് നടപടിയെടുത്തില്ല. യുവതികളെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെയാണ് വിഷയം ചര്‍ച്ചയായത്. തുടര്‍ന്ന് പോലീസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. പ്രതിയുടെ ചിത്രങ്ങളും പുറത്തുവന്നു. പിന്നീട് പോലീസ് യുവതികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അഞ്ച് തവണയാണ് പ്രതി മുഖത്തടിച്ചതെന്ന് യുവതികള്‍ പറയുന്നു. ആളുകള്‍ നോക്കി നില്‍ക്കെ അപമാനിക്കപ്പെട്ടുവെന്നും അവര്‍ പറയുന്നു. തേഞ്ഞിപ്പലം പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. കേസുമായി മുന്നോട്ട് പോകണമെന്നാണ് യുവതികള്‍ക്ക് വനിതാ കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.












Click it and Unblock the Notifications