ഗോപിനാഥ്, കാപ്പന്‍, മമതയുടെ നീക്കം കേരളത്തിലേക്കും, പ്രശാന്തിന് അധിക ചുമതല, 90 ദിവസത്തിനുള്ളില്‍....
തിരുവനന്തപുരം: മമത ബാനര്‍ജിയുടെ ദേശീയ പ്ലാനിന് വമ്പന്‍ മോഹനങ്ങള്‍. ദക്ഷിണേന്ത്യയിലേക്ക് പടരാനാണ് അടുത്ത നീക്കം. പ്രശാന്ത് കിഷോര്‍ തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തില്‍ പുതിയ യൂണിറ്റും സംസ്ഥാന സെക്രട്ടറിയും വരെ തയ്യാറായി നില്‍ക്കുകയാണ്.
കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ മമത പാര്‍ട്ടിയിലേക്ക് കൊണ്ടുവരും. ഇത്തരം നേതാക്കളുമായി ചര്‍ച്ച തുടങ്ങിയെന്ന് തൃണമൂല്‍ നേതൃത്വം സ്ഥിരീകരിക്കുന്നു. പുതിയ സംസ്ഥാന സമിതി ആരംഭിക്കുന്ന ദിവസം നിരവധി നേതാക്കള്‍ തൃണമൂല്‍ ചേരുമെന്ന് ഉറപ്പായിരിക്കുകയാണ്.

കര്‍ണാടകത്തിലേക്ക് മമത പ്രശാന്ത് കിഷോറിനെ പറഞ്ഞ് വിട്ടത് അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു. എംബി പാട്ടീലിനെ പോലുള്ള നേതാക്കളുടെ പ്രശാന്ത് ഫോണില്‍ സംസാരിക്കുക വരെ ചെയ്തു. മമതയുടെ അടുത്ത ടാര്‍ഗറ്റ് കേരളമാണ്. കേള്‍ക്കുന്നവര്‍ക്ക് അമ്പരപ്പ് തോന്നാമെങ്കിലും ഇവിടെ നീക്കങ്ങള്‍ നേരത്തെ നടത്തിയ ശേഷമാണ് മമത വരുന്നത്. പ്രശാന്ത് കിഷോറിന് അധിക ചുമതല നല്‍കി കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ മമതയെയും പ്രശാന്തിനെയും സംസ്ഥാനത്ത് കണ്ടാല്‍ ആരും അദ്ഭുതപ്പെടേണ്ടതില്ല. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന പ്രമുഖ നേതാക്കളുമായിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. സിപിഎം വിമത നേതാക്കളെയും നോട്ടമിട്ടിട്ടുണ്ട്.

പാലക്കാട്ടെ കോണ്‍ഗ്രസ് വിമതനായ എവി ഗോപിനാഥ്, പാലായില്‍ എന്‍സിപി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച മാണി സി കാപ്പന്‍, എന്നിവരുമായി ചര്‍ച്ചകള്‍ സജീവമായി നടത്തുന്നുണ്ട്. തൃണമൂല്‍ നേതൃത്വം. ബംഗാളിലെ വന്‍ വിജയം ഇവരുടെ മനസ്സും ഇളക്കിയിട്ടുണ്ടെന്ന് സൂചനയുണ്ട്. ബിജെപിയെ നേരിടാന്‍ ദേശീയ തലത്തില്‍ തൃണമൂലാണ് കരുത്തര്‍ എന്ന ധാരണ കേരളത്തിലെ പല നേതാക്കളിലും പ്രകടമാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരനും പാര്‍ട്ടിയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുറപ്പിച്ച് ദേശീയ പാര്‍ട്ടിയായി മാറാനുള്ള മമതയുടെ നീക്കമാണിത്.

പല സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസിന് സമാനമായ പാര്‍ട്ടിയാണ് തങ്ങളെന്നുമുള്ള ഒരു ഇമേജ് തൃണമൂലിന് ഉണ്ടാക്കാനാവും. അതിലൂടെ കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുകയും ചെയ്യാം. കേരളത്തില്‍ കോണ്‍ഗ്രസ്. എന്‍സിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടവരെയും വിമതരെയും തൃണമൂലില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സിപിഎം നേതാക്കളെയും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് എളുപ്പമല്ലെന്ന് തൃണമൂലും മമതയും തിരിച്ചറിയുന്നുണ്ട്. കേരളത്തിന്റെ സംഘടനാ അധിക ചുമതല പ്രശാന്ത് കിഷോറിനെ ഏല്‍പ്പിച്ചത് പാര്‍ട്ടി വളര്‍ത്തുന്നതിനാണ്. വളരെ സൈലന്റായിട്ടാണ് പ്രശാന്ത് എല്ലാ നീക്കങ്ങളും നടത്തുന്നത്. ബഹളമുണ്ടാക്കി വിവാദങ്ങളിലേക്ക് എത്തേണ്ട എന്നാണ് തീരുമാനം.

പിവി അന്‍വര്‍ എംഎല്‍എയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിടുകയും പിന്നീട് എസ്ഡിപിഐയുടെ ദേശീയ കൗണ്‍സില്‍ അംഗമാവുകയും ചെയ്തു സിജി ഉണ്ണി തൃണമൂലിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാവുമെന്നാണ് സൂചന. ഉണ്ണിക്കൊപ്പമുള്ള കോണ്‍ഗ്രസ് കൂട്ടായ്മയുമായി ഒരു മാസത്തോളമായി തൃണമൂല്‍ നേതൃത്വം ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. പ്രശാന്താണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഐപാക്കിന്റെ പ്രവര്‍ത്തകര്‍ കേരളത്തില്‍ ചുറ്റിക്കറങ്ങുന്നുമുണ്ട്. അതേസമയം ഉണ്ണി അടക്കമുള്ള നേതാക്കള്‍ നവംബര്‍ 25ന് മമത ബാനര്‍ജിയുമായി നേരിട്ട് സംസാരിച്ചു. ഇക്കാര്യം നേതാക്കള്‍ തന്നെ സമ്മതിച്ചു. കണ്ണൂരില്‍സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ വിട്ട് തൃണമൂലിലേക്ക് വരുന്ന പ്രവര്‍ത്തകര്‍ക്ക് നാളെ സ്വീകരണവും നല്‍കുന്നുണ്ട്.

തൃണമൂലിന്റെ സംസ്ഥാന കമ്മിറ്റി നാളെ കോഴിക്കോട്ട് ഇതിന് ശേഷം ചേരും. വിവിധ പാര്‍ട്ടികളില്‍ നിന്ന് തൃണമൂലിലേക്കേ വരുന്നവരുടെ ലയന സമ്മേളനം ഈ മാസം അവസാനം നടക്കുന്നുണ്ട്. അതും കോഴിക്കോട് വെച്ചാണ്. തൃണമൂല്‍ ഒരുപാട് മുന്നോട്ട് പോയി കഴിഞ്ഞു. നിലവില്‍ മൂന്ന് ജില്ലാ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 2024 മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനം. അത് വരെ പാര്‍ട്ടിയുടെ ശക്തി പ്രവര്‍ത്തിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ കമ്മിറ്റികളും സജീവമാക്കാനാണ് തൃണമൂല്‍ നേതൃത്വത്തിന്റെ പ്ലാന്‍. 90 ദിവസത്തിനകതം സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കാനാണ് നീക്കം. മമത അടക്കമുള്ള നേതാക്കളെ തിരുവനന്തപുരത്ത് എത്തിച്ച് വന്‍ പരിപാടി നടത്താനുമാണ് പ്ലാന്‍.

കോണ്‍ഗ്രസുമായി പോരിലാണെന്ന് തൃണമൂല്‍ ദിനം പ്രതി തെളിയിക്കുന്നുണ്ട്. ബിജെപിയാണ് തൃണമൂലിന്റെ പ്രധാന ലക്ഷ്യം. അവരെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് ലക്ഷ്യം. എന്നാല്‍ അതിലേക്ക് എത്താന്‍ കോണ്‍ഗ്രസിനെയാണ് അവര്‍ ഉപയോഗിക്കുന്നത്. ത്രിപുരയും അസവും ഗോവയുമെല്ലാം കോണ്‍ഗ്രസിന് വലിയ നഷ്ടം പറ്റിയ ഇടങ്ങളാണ്. കഴിഞ്ഞ ദിവസം മേഘാലയ കൂടി ഈ പട്ടികയിലേക്ക് വന്നു. മേഘാലയയില്‍ മുഖ്യ പ്രതിപക്ഷമായി തൃണമൂല്‍ മാറി. ഈ നാലിടത്തും തൃണമൂല്‍ നേരത്തെ ഒന്നുമല്ലായിരുന്നു. എല്ലാം കോണ്‍ഗ്രസിന്റെ തണലിലാണ് വളര്‍ന്നത്. ഈ നാലിടത്തും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി എന്നും കാണാതിരുന്നു കൂടാ. ബിജെപിക്ക് ഇവിടെയെല്ലാം ഇപ്പോള്‍ അനുകൂല സാഹചര്യവുമാണ്.

മമത ശരിക്കും ലക്ഷ്യമിടുന്നത് രാഹുല്‍ ഗാന്ധിയെയാണ്. പ്രതിപക്ഷ നിരയുടെ മുഖമായി 2024ല്‍ മോദിക്കെതിരെ പട നയിക്കാനുള്ള രാഹുലിന്റെ മോഹമാണ് മമത തകര്‍ത്ത് തുടങ്ങിയത്. ഇത് തിരിച്ചറിഞ്ഞാണ് രാഹുല്‍ സമാന്തര സഖ്യത്തിനുള്ള നീക്കം തുടങ്ങിയത്. ശിവസേനയും എന്‍സിപിയും ഡിഎംകെയും രാഹുലിനൊപ്പം നില്‍ക്കും. എന്നാല്‍ രാഹുലിന്റെ സമീപനത്തില്‍ കടുത്ത അതൃപ്തി ശരത് പവാറിനുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ദയനീയമായി തോറ്റ കോണ്‍ഗ്രസിന് എങ്ങനെയാണ് ബിജെപിയെ വീഴ്ത്താന്‍ സാധിക്കുകയെന്ന് തൃണമൂല്‍ ചോദിക്കുന്നു. പ്രതിപക്ഷത്തിന് ഇനിയും കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന് മമത ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിലും ഗാന്ധി കുടുംബത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടവരെയാണ് മമത തിരഞ്ഞുപിടിച്ച് തൃണമൂലില്‍ എത്തിക്കുന്നത്.

ബംഗാളിന് പുറത്തേക്ക് വ്യാപിച്ചാല്‍ മാത്രമേ മമതയുടെ ദേശീയ പ്ലാന്‍ നടക്കൂ. പ്രധാനമന്ത്രി പദത്തിലേക്കുള്ള മോഹമാണിത്. ത്രിപുര, അസം, ഗോവ, യുപി, ഹരിയാന, ബീഹാര്‍ എന്നിവയാണ് ഇപ്പോള്‍ ടാര്‍ഗറ്റ്. എന്നാല്‍ പാര്‍ട്ടിയില്‍ എ ത്തുന്നവരെല്ലാം സ്വാധീനമുള്ളവരല്ല. പക്ഷേ ഇവരെ ഉപയോഗിച്ച് വമ്പന്‍ സ്രാവുകളെയാണ് മമത കൂടാരത്തിലെത്തിക്കാനായി പ്ലാന്‍ ചെയ്യുന്നത്. അതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബലയായി മാറുകയാണ് തന്ത്രം. കോണ്‍ഗ്രസില്‍ നിന്നുള്ളവരെ മമത മാറ്റി നിര്‍ത്തില്ല. പക്ഷേ പ്രതിപക്ഷ നിരയെ നയിക്കാന്‍ കോണ്‍ഗ്രസിനെ ഇനി മമത അനുവദിക്കില്ല. 2024ല്‍ ബംഗാളിലെ എല്ലാ സീറ്റും തൂത്തുവാരി, ഒപ്പം 15 സീറ്റ് കൂടി മറ്റിടങ്ങളില്‍ നിന്ന് മമത നേടിയെടുത്താല്‍ അത് കോണ്‍ഗ്രസിന്റെ അന്ത്യത്തിന് തുടക്കമിടും.












Click it and Unblock the Notifications