മന്ത്രി എംകെ മുനീറിന്‍റെ കാറിടിച്ച് കൊളെജ് അധ്യാപകന്‍ മരിച്ചു
കായംകുളം: മന്ത്രി എംകെ മുനീറിന്റെ ഔദ്യോഗിക വാഹനമിടിച്ച് കൊളെജ് അധ്യാപകന്‍ മരിച്ചു. ചങ്ങനാശ്ശേരി എന്‍എസ്എസ് കൊളെജിലെ അധ്യാപകനായ കായകുളം മൂത്തേഴത്ത് ആര്‍ ശശികുമാര്‍ (50) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിയ്ക്കവെയാണ് അധ്യാപകനെ മന്ത്രിയുടെ വാഹനം ഇടിച്ചിട്ടത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ദേശീയ പാതയില്‍ കായംകുളം കമലാലയം ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശ്ശേരിയില്‍ നിന്നും ട്രെയിനില്‍ കായംകുളത്തെത്തിയ അധ്യാപകന്‍ ബന്ധു വീട്ടില്‍ പോയ ശേഷം ഗോവിന്ദ മുട്ടത്തെ തന്റെ വീട്ടിലേയ്ക്ക് പോകവെയായിരുന്നു അപകടം. കൈനറ്റിക്ക് ഹോണ്ടയില്‍ റോഡ് മുറിച്ച് കടക്കവെയാണ് മന്ത്രിയുടെ വാഹനം ഇടിച്ചത്.

പരിക്കേറ്റ അധ്യാപകനെ മന്ത്രിയും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാര്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി മന്ത്രിയെ കായംകുളം ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അധ്യാപകന്‍ മരിച്ചത്. ഭാര്യ ആശ എസ് പിള്ള (അധ്യാപിക , മുതുകുളം ഹൈസ്‌ക്കൂള്‍) മക്കള്‍: ഗോകുല്‍, ഗാര്‍ഗി .


Click it and Unblock the Notifications