മണ്ഡലകാല തീർത്ഥാടനം; ശബരിമലയിൽ 41 ദിവസത്തെ വരുമാനം 297 കോടിക്ക് മുകളിൽ, കൂടിയത് 82 കോടിയോളം
പത്തനംതിട്ട: ഇത്തവണ മണ്ഡലവിളക്ക് സീസണിൽ ശബരിമലയിൽ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും വൻ കുതിപ്പ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്താണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തെ വരുമാനം കണക്കുകളിൽ നിന്ന് വലിയ വർധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ഭക്തരുടെ എണ്ണത്തിലും സമാനമായ രീതിയിൽ വലിയ വർധനവ് പ്രകടമാണ്.
കഴിഞ്ഞ വര്‍ഷം 214 കോടിയലധികം രൂപയായിരുന്നു മണ്ഡലകാല സീസണിലെ വരുമാനം. ഇത്തവണ 82 കോടിയലധികം രൂപ അധിവരുമാനം ഉണ്ടായെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കോവിഡ് കാലത്തിന് ശേഷം ശബരിമലയിൽ ഉണ്ടായ ഏറ്റവും വലിയ വരുമാനം വർധനവുകളിൽ ഒന്നാണിത്.

കാണിക്കയിലും അരവണ വരുമാനത്തിലും നല്ല വർധനവാണ് ഉണ്ടായിരിക്കുന്നത്. അരവണ ഇനത്തില്‍ വരുമാനം കഴിഞ്ഞ തവണ 101 കോടിയലധികമായിരുന്നെങ്കില്‍ ഇത്തവണ അത് 124 കോടിയലധികമായി ഉയർന്നു എന്നതാണ് പ്രത്യേകത. കാണിക്ക ഇനത്തില്‍ 66 കോടി രൂപയോളമായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. എന്നാൽ ഈ വര്‍ഷം അത് 80 കോടി കടന്നിട്ടുണ്ട്.
കാണിക്ക ഇനത്തില്‍ 13 കോടിയലധികമാണ് വർധിച്ചത്. മണ്ഡലകാലത്തെ തിരക്ക് മകരവിളക്ക് സമയത്തും ഉണ്ടാവുമെന്നാണ് പ്രസിഡന്റ് പ്രതീക്ഷ പങ്കുവയ്ക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം കൂടി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനൊന്നാം തീയതിയാണ് എരുമേലി പേട്ട തുള്ളല്‍. 12ആം തീയതി ഉച്ചക്ക് ഒരുമണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ഘോഷയാത്ര തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ദേവസ്വം ബോർഡും പോലീസും രംഗത്ത് വന്നിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിച്ചു. പതിനെട്ടാംപടി കയറ്റം വേഗത്തിലാക്കിയുള്ള നടപടികളാണ് തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി ബോർഡും പോലീസും നടപ്പാക്കിയത്.
മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയിൽ 14നാണ് മകരസംക്രമ പൂജ നടക്കുക. മകരവിളക്കും തെളിയിക്കും. രാവിലെ 8.55നാണ് മകരസംക്രമപൂജയും സംക്രമാഭിഷേകവും നടക്കുക. 14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിക്കും.












Click it and Unblock the Notifications